ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വാദം കേൾക്കും
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വാദം കേൾക്കും. സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ആഗസ്ത് 9 നാണ് 31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇത് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ക്രൂര ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയായിട്ടുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന സിവിക് പൊലീസ് വോളന്റിയർ സഞ്ജയ് റോയ് ആണ് പിടിയിലായത്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് സഹായമായത്. അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതിയായ സഞ്ജയ് റോയിലേക്ക് എത്തിപെടുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് സംഭവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ വിളിച്ച് ചേർത്ത് എല്ലാവരുടെയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് പരിശോധിച്ചു.
ALSO READ: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതികളുടെ മനഃശാസ്ത്ര പരിശോധന തുടങ്ങി
പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വനിതാ ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവവും, മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് പറയുന്നു. കണ്ണുകളിൽ നിന്നും വായിൽ നിന്നും രക്തം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. മുഖത്തും, നഖങ്ങളിലും മുറിവുകളും ഉണ്ട്. വയർ, ഇടതുകാൽ, കഴുത്ത്, വലതുകൈ, ചുണ്ട്, മോതിര വിരൽ എന്നീ ഭാഗങ്ങളിൽ പരിക്കുമുണ്ട്. കഴുത്തിലെ എല്ലൊടിഞ്ഞതിനാൽ ശ്വാസം മുട്ടിയാണ് മരണം എന്നാണ് കൊൽക്കത്ത പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.
ALSO READ: നിർഭയ സംഭവത്തേക്കാൾ ഭീകരം; അന്വേഷണം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കണം; കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ കെ.എസ് ചിത്ര
ഇതിനു പിന്നാലെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള നിർദേശങ്ങൾ പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കി. പ്രത്യേക മൊബൈൽ ആപ്പ്, സേഫ് സോണുകൾ, 'രാറ്റിരേർ ഷതി' എന്നിവയടങ്ങുന്ന അഞ്ച് നിർദേശങ്ങളാണ് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. സർക്കാർ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും, മറ്റ് ജോലിസ്ഥലങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് ടോയ്‌ലറ്റുകളുള്ള പ്രത്യേക വിശ്രമമുറികൾ, രാത്രിയിൽ ഡ്യൂട്ടിക്കായി 'രാറ്റിരേർ ഷതി' അഥവാ വനിതാ സന്നദ്ധപ്രവർത്തകർ, സിസിടിവി ഉപയോഗിച്ചുള്ള സേഫ് സോണുകൾ, ലോക്കൽ പൊലീസ് സ്റ്റേഷനുകൾ/പൊലീസ് കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്ന അലാറം സെറ്റ് ചെയ്തുള്ള പ്രത്യേക മൊബൈൽ ഫോൺ ആപ്പ്, അടിയന്തര ഹെൽപ്പ് ലൈൻ നമ്പർ 100/112 എന്നിവയുടെ ഉപയോഗം തുടങ്ങിയവയാണ് സർക്കാരിന്റെ അഞ്ച് നിർദേശങ്ങൾ.