
പാലക്കാട് പട്ടാമ്പിയിലെ പാർക്കിംഗുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കെതിരെ സംയുക്ത വ്യാപാരി കൂട്ടായ്മ നടത്തിയ പ്രതിഷേധത്തിൽ പൊലീസുമായി വാക്കുതർക്കം. ടൗണിൽ എവിടെ വാഹനം നിർത്തിയാലും പിഴ ഈടാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് വ്യാപാരികളുടെ ആക്ഷേപം. പൊലീസ് നടപടിക്കെതിരെ ഉച്ച വരെ വ്യാപാരികൾ കടകൾ അടച്ചു പ്രതിഷേധിച്ചു.
പട്ടാമ്പിയിൽ പാർക്കിംഗിൽ പൊലീസ് വിട്ടുവീഴ്‌ചക്ക് തയ്യാറാകാഞ്ഞതോടെയാണ് വ്യാപാരികളും പ്രതിഷേധം കടുപ്പിച്ചത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്‌താൽ പൊലീസ് അനാവശ്യമായി ഫൈൻ ഈടാക്കുന്നു എന്നാണ് വ്യാപാരികളുടെ ആരോപണം. കടയടപ്പ് സമരം നടത്തുന്നതിനിടെ വ്യാപാരികൾ റോഡ് ഉപരോധിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടെ പൊലീസുമായി വാക്കുതർക്കവുമുണ്ടായി.
മേലെ പട്ടാമ്പിയിൽ നടന്ന പ്രതിഷേധ ധർണ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. പൊലീസ് അനുകൂല നടപടി എടുത്തില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.