എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സിൽ കുറിച്ചു
വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര ഗുസ്തിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിൻ്റെ വിരമിക്കൽ പ്രഖ്യാപനം. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങളും തൻ്റെ ധൈര്യവും പൂര്‍ണാമായി തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സിൽ കുറിച്ചു.
READ MORE : ലോക കായികവേദിയിൽ അവൾ അയോഗ്യയായതോ ആക്കിയതോ, വിനേഷ് ഫോഗട്ടിന് കാലിടറിയതെവിടെ ?
'ഞാൻ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എൻ്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ ശക്തി എനിക്കില്ല. വിട ഗുസ്‌തി, 2001 മുതൽ 2024 വരെ. നിങ്ങളോടെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം' എന്നായിരുന്നു എക്സിൽ ഹിന്ദിയിൽ വിനേഷ് കുറിച്ചത്.
പാരിസ് ഒളിംപിക്‌സ് വനിതകളുടെ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശനം ചരിത്ര നേട്ടമായിരുന്നു. ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ്. ശനിയാഴ്ച രാത്രി രണ്ട് കിലോ അധികഭാരമുണ്ടായിരുന്നു വിനേഷിന്. ഇത് കുറയ്ക്കാനായി ജോഗിങ്, സ്‌കിപ്പിങ്, സൈക്ലിങ് എന്നിവ നടത്തിയിരുന്നു. എന്നിട്ടും അടുത്ത ദിവസത്തെ ഭാര പരിശോധനയില്‍ 100 ഗ്രാം അധിക ഭാരം കാണിക്കുകയായിരുന്നു. ഒളിംപിക് ക്വാളിഫയര്‍ ഭാരപരിശോധനയിലും നേരിയ വ്യത്യാസത്തിലാണ് ഫോഗട്ട് രക്ഷപ്പെട്ടത്.
READ MORE : വെല്ലുവിളികളെ മലർത്തിയടിച്ച പോരാട്ടവീര്യം, വിനേഷ്, ദി സൂപ്പർ ഹീറോയിൻ
നേരത്തേ, 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. ഈ വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചില്ലായെന്ന് കാട്ടി, ഒളിംപിക്‌സില്‍ 53 കിലോ വിഭാഗത്തില്‍ പങ്കെടുക്കാന്‍ ഫോഗട്ടിനു ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അനുമതി ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിനേഷ് 50 കിലോ വിഭാഗത്തില്‍ ഇറങ്ങിയത്.
53 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആന്റിം പംഗലാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫോഗട്ട് ഒളിംപിക്‌സില്‍ മത്സരിക്കുന്നത്. കൈയ്യകലത്തില്‍ സ്വര്‍ണത്തിനായുള്ള മത്സരം തന്നെ നഷ്ടപ്പെട്ടാണ് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ വനിതാ ഗുസ്തി താരം മടങ്ങുന്നത്.