മലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുകൾ പരത്തുന്ന വിവിധ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോക കൊതുക് ദിനത്തിൻ്റെ ലക്ഷ്യം.
ഹോ എന്താ കൊതുക്? നമ്മളെല്ലാവരും ഉറപ്പായും പറഞ്ഞിട്ടുണ്ടാകും ഇങ്ങനെ. അല്ലേ...? പലതരം അസുഖങ്ങൾ പകർത്തുന്ന കൊതുക് എല്ലാവരുടെയും പേടി സ്വപ്നമാണ്. ഇന്നാണ് ലോക കൊതുക് ദിനം. എല്ലാ വർഷവും ഓഗസ്റ്റ് 20 ന് ആണ് ലോക കൊതുക് ദിനം ആചരിക്കുന്നത്. രോഗം പകർത്തുന്ന പ്രാണികളിൽ നിന്ന് നമ്മുടെ സമൂഹത്തെയും നമ്മളെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ് എന്ന ഓർമിപ്പിക്കലാണ് ഈ ദിനം. കൊതുകുകള്‍ പകർത്തുന്ന മലേറിയ, ഡെങ്കി, സിക വൈറസ്, വെസ്റ്റ് നൈൽ വൈറസ് എന്നീ രോഗങ്ങൾ വഴി ലക്ഷകണക്കിന് ആളുകളുടെ ജീവനാണ് നഷ്ടപ്പെടുന്നത്.
1897 ൽ സർ റൊണാൾഡ് റോസ് ആണ് മലേറിയ രോഗം പകർത്തുന്നത് അനോഫിലസ് കൊതുകുകൾ ആണെന്ന് കണ്ടുപിടിക്കുന്നത്. പിന്നീട്, 1930കളിൽ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ റൊണാൾഡ് റോസിന്റെ സംഭാവനകളെ അവരുടെ വാർഷിക സമ്മേളനങ്ങളിൽ അനുസ്മരിക്കാൻ ആരംഭിക്കുകയും ചെയ്തു. പിന്നീട്, റൊണാൾഡ് റോസ് ആണ് ഈ ദിനം കൊതുക് ദിനമായി ആചരിക്കാൻ നിർദ്ദേശിച്ചത്. മലേറിയ പടർത്തുന്നത് കൊതുകാണെന്ന് കണ്ടുപിടിച്ചതോടെ രോഗ പ്രതിരോധത്തിനും, രോഗ ചികിത്സയ്ക്കുമുള്ള ഒരു വാതില്‍ കൂടിയാണ് തുറക്കപ്പെട്ടത്.
Read More: ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
'കൂടുതൽ തുല്യമായ ലോകത്തിനായി മലേറിയക്കെതിരായ പോരാട്ടത്തെ ത്വരിത പെടുത്തുന്നു' എന്നതാണ് ഈ വർഷത്തെ ലോക ദിനത്തിന്റെ തീം. മലേറിയക്കുവേണ്ടിയുള്ള ചികിത്സ, രോഗ നിർണ്ണയം, പ്രതിരോധം എല്ലാവർക്കും ഒരേപോലെ ലഭിക്കുക എന്നതാണ് ഈ വർഷത്തെ തീമിൽ ഉദ്ദേശിക്കുന്നത്. മലേറിയക്ക് കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചാൽ അനവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.
മലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുകൾ പരത്തുന്ന വിവിധ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോക കൊതുക് ദിനത്തിൻ്റെ ലക്ഷ്യം. കൊതുകുകൾ പരത്തുന്ന രോഗങ്ങൾക്കെതിരായ പോരാട്ടത്തിൽ സാമൂഹിക പ്രവർത്തകർ, മെഡിക്കൽ പ്രൊഫഷണലുകൾ, മറ്റ് വ്യക്തികൾ എന്നിവർ നൽകിയ സംഭാവനകളെയും ഈ ദിനത്തിൽ ആദരിക്കുന്നു.
കൊതുകുകളുടെ എണ്ണം നിയന്ത്രിക്കുന്നതുവഴി രോഗഭീഷണി ഇല്ലാതെയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഒട്ടനവധി ഓർഗനൈസേഷൻസുകള്‍ വാക്‌സിനേഷനും കീടനാശിനികളും വഴി രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുകയും ഫണ്ട് ശേഖരിക്കുകയും ചെയ്യാറുണ്ട്.