ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചവർക്ക് 75000 രൂപയും ഗുരുതര പരുക്ക് പറ്റിയവർക്ക് 50000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു
വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് വിഷയം സ്വമേധയാ ഹർജിയായി സ്വീകരിച്ചിരുന്നു. ഈ ബെഞ്ച് തന്നെയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഹർജിയും പരിഗണിക്കുന്നത്.
അതേസമയം, ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകടസാധ്യത നിലനിൽക്കുന്നെന്ന് വിദഗ്ധ സംഘം അറിയിച്ചു. മൂന്ന് ദിവസം നീണ്ട പരിശോധനക്ക് ശേഷമായിരുന്നു സംഘത്തലവൻ ജോൺ മത്തായിയുടെ പ്രതികരണം. ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ആറംഗ സംഘമാണ് ദുരന്തമേഖല സന്ദർശിച്ചത്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.
പുഞ്ചിരിമട്ടത്ത് നദിയോട് ചേർന്ന് വീടുകൾ സ്ഥിതിചെയ്യുന്ന ഭാഗം വാസയോഗ്യമല്ല. മേഖലയിൽ ഭാവിയിലും ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. ചൂരൽമലയിലെ ഭൂരിഭാഗം ഇടങ്ങളും താമസയോഗ്യമാണ്. ഇനി മേഖലയില്‍ നിർമ്മാണ പ്രവർത്തനം വേണോ എന്നതിൽ സർക്കാരിന് നയപരമായി തീരുമാനമെടുക്കാം എന്നും സംഘം വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചവർക്ക് 75000 രൂപയും ഗുരുതര പരുക്ക് പറ്റിയവർക്ക് 50000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ദുരന്ത മേഖലയില്‍ നിന്നും 231 മൃതദേഹങ്ങളും 206 ശശീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. 118 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് സർക്കാര്‍ കണക്കുകള്‍.