കേരളത്തിന് നൂറ് വീടുകളെന്ന പ്രഖ്യാപനം; സിദ്ധരാമയ്യയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തേജസ്വി സൂര്യ

സംസ്ഥാനത്തിൻ്റെ പണമുപയോഗിച്ച് രാഹുൽഗാന്ധിയുടെ ആഗ്രഹം നിറവേറ്റാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്നാണ് തേജസ്വി സൂര്യയുടെ ആരോപണം
കേരളത്തിന് നൂറ് വീടുകളെന്ന പ്രഖ്യാപനം; സിദ്ധരാമയ്യയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തേജസ്വി സൂര്യ
Published on

കോൺഗ്രസ് കർണാടകത്തെ എ.ടി.എമ്മാക്കി ചൂഷണം ചെയ്യുന്നുവെന്ന വിമർശനവുമായി ബിജെപി എം പി  തേജസ്വി സൂര്യ. എക്‌സ് പോസ്റ്റ് വഴിയാണ് തേജസ്വി സൂര്യ തൻ്റെ അഭിപ്രായം പങ്കുവെച്ചത്. വയനാട്ടിലെ ദുരന്തത്തിൽ കേരളത്തോടൊപ്പം കർണാടക നിൽക്കുമെന്നും ദുരിതബാധിതർക്കായി നൂറുവീട് നിർമിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനം ഉന്നയിച്ചുകൊണ്ട് തേജസ്വി സൂര്യ രംഗത്തെത്തിയത്.

സംസ്ഥാനത്തിൻ്റെ പണമുപയോഗിച്ച് രാഹുൽഗാന്ധിയുടെ ആഗ്രഹം നിറവേറ്റാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്നാണ് തേജസ്വി സൂര്യയുടെ ആരോപണം.
കർണാടകത്തിൻ്റെ മലയോരമേഖലയിലെ ജനങ്ങൾ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് ദുരിതമനുഭവിക്കുമ്പോൾ സർക്കാർ സഹായിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ലെന്നും തേജസ്വി സൂര്യ ആരോപണം ഉന്നയിച്ചു.

കർണാടകയിൽ ദുരിതം നേരിടുന്നവർക്കുള്ള അടിയന്തര നഷ്ടപരിഹാരം നൽകാനുള്ള നടപടി സിദ്ധരാമയ്യ സ്വീകരിക്കുമോ, കന്നഡിഗരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ മുഖ്യമന്ത്രിക്കു കഴിയില്ലേ, എന്നാണ് തേജസ്വി സൂര്യ ഉന്നയിക്കുന്ന പ്രധാന ചോദ്യം. പ്രളയം ബാധിച്ച ഉത്തരാഖണ്ഡ് പോലെയുള്ള മറ്റു സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ സിദ്ധരാമയ്യ തയ്യാറാകുമോയെന്നും പോസ്റ്റിൽ പരാമർശിച്ചു. സംസ്ഥാനത്തിൻ്റെ പണം യജമാനൻ്റെ പ്രതിച്ഛായ സംരക്ഷിക്കാൻ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് സിദ്ധരാമയ്യ മറുപടി നൽകണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com