റിപ്പോർട്ടിലെ പരാമർശങ്ങള്‍ സമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്ന് നിരീക്ഷിച്ച കോടതി പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഇരകളെന്നും അഭിപ്രായപ്പെട്ടു
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി. റിപ്പോർട്ടിന്മേൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു നിർദേശം. പായിച്ചിറ നവാസ് എന്ന വ്യക്തിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിയിൽ വനിതാ കമ്മീഷനെ കക്ഷി ചേർത്തിട്ടുണ്ട്.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതി ഇല്ലാതെയും കേസ് എടുക്കാൻ നിലവിൽ നിയമമുണ്ട്: കെ.എന്‍. ബാലഗോപാല്‍
റിപ്പോർട്ട് എന്ത് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതടക്കം നിർണായക ചോദ്യങ്ങൾ ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാരിന്‍റെ നിലപാട് എന്താണ്? ഒരു കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാൽ സർക്കാരിന് നേരിട്ട് കേസ് എടുക്കാൻ വകുപ്പുണ്ടോ എന്നിങ്ങനെയായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യങ്ങള്‍. റിപ്പോർട്ട് പൊതു ജനമധ്യത്തിലുണ്ടെന്നായിരുന്നു സർക്കാരിന്‍റെ മറുപടി.
ALSO READ: "ആ സംവിധായകനെ ഞാൻ ചെരിപ്പ് ഊരി അടിക്കാൻ നിന്നതാ.."; വെളിപ്പെടുത്തലുമായി ഉഷ ഹസീന
കമ്മറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ടോ എന്ന് കോടതി അന്വേഷിച്ചു. കോഗ്നിസിബിള്‍ ഒഫന്‍സ് ഉണ്ടെങ്കില്‍ അത് പോക്സോ കേസിലാണെങ്കില്‍ നടപടിയെടുക്കാന്‍ സാധിക്കുമെന്ന് സർക്കാർ അറിയിച്ചു. മൊഴി നൽകിയവരുടെ പേര് വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് രഹസ്യ സ്വഭാവമുള്ളതാണെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. ഇരകളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പറ്റില്ലേ എന്നും കോടതി ആരാഞ്ഞു. റിപ്പോർട്ടിലെ പരാമർശങ്ങള്‍ സമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്ന് നിരീക്ഷിച്ച കോടതി പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഇരകളെന്നും അഭിപ്രായപ്പെട്ടു.