ദക്ഷിണ കൊറിയയില്‍ ആരംഭിച്ച 4 ബി പ്രസ്ഥാനം എങ്ങനെയാണ് അമേരിക്കന്‍ മണ്ണിലെത്തിയത്?
മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാല്‍ അമേരിക്കയില്‍ ഇപ്പോള്‍ ജനകീയമായിക്കൊണ്ടിരിക്കുന്ന 4 ബി പ്രസ്ഥാനത്തെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം? യുഎസ് പ്രസിഡന്റ് പദവിയിലേക്ക് ഡൊണാള്‍ഡ് ട്രംപ് വീണ്ടും എത്തുമെന്ന് ഉറപ്പായതിനു പിന്നാലെ സ്ത്രീകള്‍ക്കിടയില്‍ നിന്നും 4 ബി മുന്നേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങി. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ, 48 മണിക്കൂറിനുള്ളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വാക്കായി 4 ബി പ്രസ്ഥാനം മാറി.
എന്താണ് 4 ബി പ്രസ്ഥാനം? ദക്ഷിണ കൊറിയയില്‍ ആരംഭിച്ച 4 ബി പ്രസ്ഥാനം എങ്ങനെയാണ് അമേരിക്കന്‍ മണ്ണിലെത്തിയത്? 4 ബി മുന്നേറ്റം മറ്റൊരു മീ ടൂ മൂവ്മെന്റ് ആയി മാറുമോ? ഇന്നത്തെ യുഎസിലെ രാഷ്ട്രീയ -സാമൂഹിക സാഹചര്യത്തില്‍ 4 ബി പ്രസ്ഥാനം പ്രായോഗികമാകുമോ? എന്നീ ചോദ്യങ്ങളും ആശങ്കകളും നിലനില്‍ക്കുണ്ട്. മുന്നേറ്റത്തിന് ലഭിച്ച ജനപ്രീതി ആശയത്തെ മുളയിലേ നുള്ളിക്കളയാന്‍ സാധിക്കില്ല എന്ന പരോക്ഷമായ സന്ദേശവും നല്‍കുന്നു.
യുഎസില്‍ 4 ബി പ്രസ്ഥാനത്തിന്റെ തുടക്കം
റോയ് VS വെയ്ഡ് കേസില്‍ യുഎസ് സുപ്രീം കോടതി വിധിയനുസരിച്ചു രാജ്യത്തിലുടനീളം ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ പിന്‍വലിച്ചു. ഈ ചരിത്ര വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരെ തെരഞ്ഞെടുക്കുന്നതില്‍ തന്റെ പങ്ക് വലുതാണെന്നു ട്രംപ് കൊട്ടിഘോഷിച്ചിരുന്നു. ഇപ്പോള്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയകാഹളം മുഴങ്ങിയതോടെ വൈകാതെ തന്നെ 1873 ലെ കോംസ്റ്റോക്ക് നിയമം വീണ്ടും രാജ്യത്തില്‍ നടപ്പിലാക്കുമെന്ന ഭയത്തിലാണ് അമേരിക്കന്‍ വനിതകള്‍. കോംസ്റ്റോക്ക് നിയമപ്രകാരം ഗര്‍ഭച്ഛിദ്രം ശിക്ഷാര്‍ഹമായ കുറ്റമാണ്. യുഎസ് തെരഞ്ഞെടുപ്പ് ഫലം നിരീക്ഷിച്ചാല്‍ 54 ശതമാനം സ്ത്രീ പക്ഷ വോട്ടുകള്‍ കമല ഹാരിസിന് ലഭിച്ചപ്പോള്‍ ട്രംപിന് ലഭിച്ചത് വെറും 46 ശതമാനം വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ പുരുഷന്മാരുടെ വോട്ടുവിഹിതം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയിരിക്കുന്നത് ട്രംപ് ആണ്. സ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്ത ഒരു വ്യക്തിക്ക് എന്തിനാണ് യുഎസ് പുരുഷസമൂഹം വോട്ട് നല്‍കിയത് എന്ന ചോദ്യശരം സ്ത്രീകളുടെ ഇടയില്‍ ഉയര്‍ന്നിരിക്കുകയാണ്. തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളായ ടിക്ടോക്, എക്‌സ് എന്നിവിടങ്ങളില്‍ ട്രംപിന് എതിരായി 4 ബി മുന്നേറ്റം പൊട്ടിപ്പുറപ്പെട്ടത്. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുക, അവരെ വിവാഹം കഴിക്കാതിരിക്കുക, അവരുടെ കുട്ടികളെ പ്രസവിക്കാതിരിക്കുക തുടങ്ങിയ കടുത്ത ആശയങ്ങളുമായാണ് 4 ബി പ്രസ്ഥാനം യുഎസ്സില്‍ ആരംഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒട്ടേറെ സ്ത്രീകള്‍ ഇതിനു പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
ദക്ഷിണ കൊറിയയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്ത 4 ബി മുന്നേറ്റം
കൊറിയയിലെ പുരുഷമേല്‍ക്കോയ്മയ്‌ക്കെതിരെയും ലിംഗവിവേചനത്തിനെതിരെയും ശബ്ദമുയര്‍ത്തുവാന്‍ വേണ്ടിയാണ് 2019 ല്‍ 4 ബി പ്രസ്ഥാനം ആരംഭിച്ചത്. ജംഗ് സെ-യംഗും ബെക്ക് ഹാ-നയും ആയിരുന്നു മുന്നേറ്റത്തിന്റെ വക്താകള്‍. 'കിം ജി-യങ്, ജനനം 1982' എന്ന പുസ്തകത്തില്‍ നിന്നും മീ ടൂ മൂവ്മെന്റ്, എസ്‌കേപ്പ് ദി കോര്‍സെറ്റ് മൂവ്മെന്റ്[Escape the corset movement ] എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരത്തിലൊരു പ്രസ്ഥാനം തുടങ്ങിയത്. കൊറിയന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുവാന്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കിയത് ഈ പ്രസ്ഥാനം ആണ്. സ്ത്രീകളെ വെറും ഭോഗവസ്തുക്കളായിട്ടും പ്രത്യുല്‍പ്പാദന ഉപകരണങ്ങളായിട്ടും കാണുന്ന ഇടുങ്ങിയ ചിന്താഗതിക്ക് എതിരെയുള്ള പ്രതികരണമായി ഉടലെടുത്തതായിരുന്നു 4 ബി പ്രസ്ഥാനം. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ശേഷിയിലൂടെ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുക എന്ന പ്രൊനറ്റലിസ്റ്റ് നയമായിരുന്നു ദക്ഷിണകൊറിയന്‍ സര്‍ക്കാരിന്റേത്. വിവാഹം തുടര്‍ന്ന് കുടുംബം എന്ന സാമ്പ്രദായിക രീതിയെ സ്ത്രീകളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാമൂഹിക വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടമെന്നു നമുക്ക് 4 ബി പ്രസ്ഥാനത്തെ വിശേഷിപ്പിക്കാം.
ALSO READ: "ഇതൊരു വലിയ വിജയമാണ്!": ട്രംപിന്‍റെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന ഇസ്രയേല്‍
കൊറിയന്‍ ഭാഷയില്‍ വരുന്ന 4 ബി അഥവാ 4 നോസ്( 4 no 's ) എന്ന അര്‍ത്ഥത്തിലാണ് 4 ബി മുന്നേറ്റം കൊറിയയില്‍ പിറന്നത്. 4 ബി അതായത്- bihon (പുരുഷന്മാരുമായുള്ള വിവാഹം), bichulsan (പ്രസവം), biyeonae (പ്രണയം,ഡേറ്റിംഗ്) , bisekseu (ലൈംഗികബന്ധം) എന്നിവ പൂര്‍ണമായി ഉപേക്ഷിക്കുക എന്ന തത്വങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മുന്നേറ്റത്തിന്റെ തുടക്കം. കൊറിയയില്‍ വിലക്കയറ്റത്തെ തുടര്‍ന്ന് പുരുഷന്‍മാര്‍ കൂടുതല്‍ സമയം ജോലി ചെയ്തപ്പോള്‍ വീട്ടുവേലകളും കുട്ടികളെ നോക്കുന്നതും കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കുന്നതുമായ കാര്യങ്ങള്‍ സ്ത്രീകളുടെ ചുമലിലായി. കൂടാതെ കുടുംബത്തിലെ നിത്യച്ചെലവുകള്‍ നടത്തുവാന്‍ വേണ്ടി പല സ്ത്രീകളും മറ്റു പല ജോലികളില്‍ ഏര്‍പ്പെടുവാന്‍ തുടങ്ങി. ദക്ഷിണ കൊറിയ പ്രസിദ്ധീകരിച്ച കണക്കുകള്‍ അനുസരിച്ചു കൊറിയയിലെ സ്ത്രീകളെക്കാള്‍ 31 .2 ശതമാനം അധികവേദനം പുരുഷന്മാര്‍ക്ക് ലഭിക്കുന്നുണ്ട്. സ്വന്തം കുടുംബങ്ങളില്‍ മാത്രമല്ല ജോലിസ്ഥലത്തും സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വത്തെ കണ്ടില്ല എന്ന് നടിച്ച സര്‍ക്കാരിന് എതിരെ ശക്തമായ പോരാട്ടം നടത്തുക എന്നത് സ്ത്രീകളുടെ അവകാശം എന്നതിലുപരി അവരുടെ ആവശ്യവുമായി മാറി. ഇത്തരത്തിലുള്ള അരാഷ്ട്രീയ സാമൂഹിക പരിസ്ഥിതിയില്‍ ഉരുത്തിരിഞ്ഞ സ്ത്രീകളുടെ മുന്നേറ്റമാണ് 4 ബി പ്രസ്ഥാനം.
4 ബി മുന്നേറ്റം യുഎസ് മണ്ണില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും സംശയങ്ങളും
ദക്ഷിണ കൊറിയയിലെ 4 ബി പ്രസ്ഥാനത്തിന്റെ അമേരിക്കന്‍ പതിപ്പാണ് [Americanised version ] യുഎസ്സില്‍ നടക്കുന്നത്. 4 ബി പ്രസ്ഥാനം യുഎസ്സില്‍ പ്രാരംഭദശയില്‍ ആണ്. ഇങ്ങനെയൊരു സ്ത്രീപക്ഷ മുന്നേറ്റത്തിന് ട്രംപ് ചെവി കൊടുക്കില്ല എന്നത് വ്യക്തം. 4 ബി പ്രസ്ഥാനം വിജയിക്കുമെന്നതില്‍ യാതൊരു പ്രതീക്ഷയുമില്ല എന്ന് സാമൂഹിക പ്രവര്‍ത്തകയായ ഫറാഹ് നാസ്സര്‍ സോഷ്യല്‍ സിടിവി ചാനലില്‍ നടന്ന സംവാദത്തില്‍ കൃത്യമായി പറയുന്നുണ്ട്. മുന്നേറ്റം പുരുഷ വിദ്വേഷ പ്രചാരമായി മാറുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇങ്ങനെയുള്ള ഭീതികളും ആശങ്കകളും നിലനില്‍ക്കുമ്പോഴും 4 ബി പ്രസ്ഥാനത്തിന്റെ പ്രചാരം ഒട്ടും കുറഞ്ഞിട്ടില്ല എന്നുള്ളതും വാസ്തവമാണ്.