ബുധനാഴ്ച രാവിലെ പത്തിന് മുന്‍പായി കേസ് രേഖകള്‍ പൊലീസ് സിബിഐക്ക് കൈമാറണമെന്നും കോടതി
പശ്ചിമ ബംഗാളില്‍ രണ്ടാം വര്‍ഷ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് കല്‍ക്കട്ട ഹൈക്കോടതി. ബുധനാഴ്ച രാവിലെ പത്തിന് മുന്‍പായി കേസ് രേഖകള്‍ പൊലീസ് സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍, സിവില്‍ പൊലീസ് വളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയാണ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കാനും നിർദേശം നൽകി.
Read More: ഡോക്ടറുടെ കൊലപാതകം: സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീകളുടെ പ്രതിഷേധം; അര്‍ധരാത്രി തെരുവിലിറങ്ങും
കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും സംസ്ഥാന പൊലീസ് നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഡോക്ടര്‍മാരുടെ സംഘവും ഉള്‍പ്പെടെ കോടതിയെ സമീപിച്ചത്. കേസ് അന്വേഷണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. "ഈ രീതിയിൽ അന്വേഷണം തുടരാൻ അനുവദിച്ചാൽ വഴി തെറ്റുമെന്ന ആശങ്ക മാതാപിതാക്കൾക്കുണ്ട്. അതുകൊണ്ട് അസാധാരണമായൊരു ആശ്വാസ നടപടി അവര്‍ ആവശ്യപ്പെടുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തു എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. പരാതികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് സൂചന. മരിച്ചയാള്‍ ഇതേ ആശുപത്രിയിലെ തന്നെ ഡോക്ടര്‍ ആയിരിക്കെ, എന്തുകൊണ്ട് പ്രിന്‍സിപ്പല്‍ പരാതി നല്‍കാഞ്ഞത് എന്നത് ആശ്ചര്യകരമാണ്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആശുപത്രി അധികൃതര്‍ മരിച്ച പെണ്‍ക്കുട്ടിക്കോ അവളുടെ കുടുംബത്തിനൊപ്പമോ ആയിരുന്നില്ല. പ്രിന്‍സിപ്പല്‍ ഒരു മൊഴി പോലും നല്‍കിയിട്ടില്ല. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാതിരിക്കെ, തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അഭ്യര്‍ഥന സ്വീകരിക്കുന്നതിനെ ന്യായീകരിക്കാം. അതിനാല്‍ കക്ഷികള്‍ക്കിടയില്‍ നീതി പുലർത്തുന്നതിനും പൊതുജനവിശ്വാസം ഉണർത്തുന്നതിനും വേണ്ടി അന്വേഷണം സിബിഐക്ക് കൈമാറുന്നു" -എന്നായിരുന്നു ബെഞ്ചിന്റെ ഉത്തരവ്.
Read More: കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം; കൊലപാതകത്തിന് ശേഷം വീട്ടിലെത്തി വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി പ്രതി
കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറാണ് ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഡോക്ടര്‍ ആത്മഹത്യ ചെയ്തു, എന്നായിരുന്നു പൊലീസ് ബന്ധുക്കളെ ആദ്യം അറിയിച്ചത്. മണിക്കൂറുകള്‍ വൈകിയാണ് മൃതദേഹം ബന്ധുക്കളെ കാണിച്ചത്. ആശുപത്രി അധികൃതര്‍ കേസ് വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുമില്ല. ഇക്കാര്യം ഹര്‍ജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഷോഘ് ധാര്‍മിക ഉത്തരവാദിത്വം എറ്റെടുത്ത് രാജിവച്ചെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇതോടെ, രാജിക്കത്ത് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍, ആർ.ജി കർ മെഡിക്കൽ കോളേജിൽ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ട സന്ദീപ് ഷോഘിനോട് ലീവെടുത്ത് പോകണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അല്ലാത്ത പക്ഷം കോടതി തന്നെ നോട്ടീസ് അയക്കേണ്ടിവരുമെന്നും, അയാളില്‍നിന്ന് മൊഴി എടുത്തിരുന്നോയെന്നും കോടതി ചോദിച്ചു.
വെള്ളിയാഴ്ച രാവിലെയാണ്, പി.ജി വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂനിയർ ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ, ശനിയാഴ്ച പ്രതിയായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മറ്റു പ്രതികളില്ലെന്നും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനമെങ്ങും പ്രതിഷേധത്തിനൊരുങ്ങുകയാണ് സ്ത്രീ സമൂഹം. തലസ്ഥാനമായ കൊല്‍ക്കത്തയിലും പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ അര്‍ധരാത്രിയോടെ തെരുവിലിറങ്ങും. "സ്വാതന്ത്ര്യത്തിന്റെ അർധരാത്രിയിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി" എന്നാണ് ചൊവ്വാഴ്ച രാത്രി 11.55ന് ആരംഭിക്കുന്ന പ്രതിഷേധ റാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നഗരങ്ങളിലും, സമൂഹമാധ്യമങ്ങളിലും ഉള്‍പ്പെടെ പ്രതിഷേധ പോസ്റ്ററുകളും പ്രചരിപ്പിക്കുന്നുണ്ട്.