റിപ്പോർട്ടിലെ ലൈംഗികാതിക്രമ പരാമർശങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയാണ് പരാതി നൽകിയത്
HEMA
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതി എഡിജിപിക്ക് കൈമാറി. റിപ്പോർട്ടിലെ ലൈംഗികാതിക്രമ പരാമർശങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
സംസ്ഥാനത്ത് സർക്കാർ-സിനിമ സംയുക്ത സെക്സ് മാഫിയയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്ക് സീരിയൽ രംഗത്തുപോലും സ്ഥാനമില്ല. ഇതിന് നേതൃത്വം നൽകുന്നത് 'ആത്മ' സംഘടന പ്രസിഡൻ്റ് ഗണേഷ് കുമാറാണെന്നും 15 പേരുടെ പവർ മാഫിയയിൽ ഗണേഷ് കുമാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് യൂത്ത് കോൺഗ്രസിൻ്റെ ആവശ്യം.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണവും തുടർനടപടികളും ആവശ്യപ്പെട്ട് എഐവൈഎഫും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മലയാള സിനിമ മേഖലയിൽ ക്രിമിനൽവൽക്കരണവും മാഫിയവൽക്കരണവും പിടിമുറുക്കിയിരിക്കുകയാണ്. അഭിനേതാക്കൾക്കും സംവിധായകാർക്കും ടെക്നീഷ്യൻസിനും എതിരെ വിലക്കുകൾ ഏർപ്പെടുത്തിയതിനെ കുറിച്ച് നേരത്തെ ഉയർന്ന പരാതികളും ചർച്ചകളും ശരിവെക്കുന്നതാണ് ഹേമ കമ്മിഷൻ റിപ്പോർട്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
READ MORE: ഹേമ കമ്മിഷൻ റിപ്പോർട്ട്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകി
മലയാള സിനിമ രംഗത്തെ സ്ത്രീകൾ നേരിടുന്ന ചൂഷണം തടയുന്നതിനായി ഇൻ്റേണൽ കംപ്ലയ്ൻ്റ് കമ്മറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് പ്രശ്നങ്ങൾ തീർപ്പാക്കുന്നതിനും, ഒരു സ്പെഷ്യൽ ട്രിബ്യൂണൽ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.