കഴിഞ്ഞ ഒരാഴ്ചക്കിടെ 28 സെറ്റിൽമെൻ്റുകൾ യുക്രെയ്ൻ കീഴടക്കിയതായി കുർസ്ക് അധികൃതർ പറഞ്ഞിരുന്നു
RUSSIA
റഷ്യയുടെ കുർസ്ക് അതിർത്തി മേഖലയിലെ 74 സെറ്റിൽമെൻ്റ് യുക്രെയ്ൻ്റെ നിയന്ത്രണത്തിലാണെന്ന് പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി. കഴിഞ്ഞ ആഴ്ചക്കിടെ 28 സെറ്റിൽമെൻ്റുകൾ യുക്രെയ്ൻ കീഴടക്കിയതായി കുർസ്ക് അധികൃതർ പറഞ്ഞിരുന്നു. കുർസ്ക് മേഖലയിൽ നുഴഞ്ഞുകയറ്റം തുടരുകയാണെന്നും സൈന്യം 74 സെറ്റിൽമെൻ്റുകൾ കീഴടക്കിയതായും സെലൻസ്കി വ്യക്തമാക്കുകയായിരുന്നു. യുക്രെയ്ൻ്റെ സായുധാ സേന മോധാവി ഒലെക്‌സാണ്ടർ സിർസ്‌കിയുമായി വീഡിയോ കോൾ നടത്തുന്ന ദൃശ്യങ്ങളും സെലെൻസ്കി പോസ്റ്റ് ചെയ്തു.
റഷ്യയുടെ ഭാഗമായ കുർസ്‌ക് മേഖലയുടെ ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ സൈന്യത്തിൻ്റെ നിയന്ത്രണത്തിലെന്ന് ഒലെക്‌സാണ്ടർ സിർസ്‌കി പറഞ്ഞിരുന്നു. യുക്രയെ്ൻ അധിനിവേശത്തെ പ്രതിരോധിക്കാൻ റഷ്യ പാടുപെടുന്ന സാഹചര്യത്തിൽ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി തന്നെ പങ്കുവെച്ച വീഡിയോയിലാണ് സായുധ തലവൻ ഇക്കാര്യം വിശദീകരിച്ചത്. റഷ്യൻ മേഖലയിലെ ആക്രമണം സംബന്ധിച്ച് യുക്രെയിൻ നടത്തുന്ന ആദ്യ പൊതു പ്രതികരണമാണിത്.
യുക്രെയ്ൻ കുർസ്‌ക് മേഖലയിൽ നടത്തുന്ന ആക്രമണം തുടരുകയാണ്. റഷ്യൻ ഫെഡറേഷൻ്റെ കീഴിലുള്ള പ്രദേശത്തിൻ്റെ ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ നിലവിൽ യുക്രെയ്ൻ്റെ നിയന്ത്രണത്തിലാണ്. ഈ പ്രദേശത്തിനായി ഒരു മാനുഷിക പദ്ധതി തയ്യാറാക്കാൻ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഉത്തരവിട്ടതായി സെലൻസ്കി പറഞ്ഞു. ദീർഘദൂര ആയുധങ്ങളുൾപ്പെടെ ഉപയോഗിച്ച് റഷ്യക്കെതിരെ ആക്രമണം കടുപ്പിക്കാൻ തന്നെയാണ് യുക്രെയ്ൻ്റെ തീരുമാനം. റഷ്യയ്‌ക്കെതിരായ ആക്രമണത്തിനായി ദീർഘദൂര ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് അനുമതി നേടേണ്ടതായിട്ടുണ്ട്. അനുമതിക്കാവശ്യമായ നടപടികളുടെ ലിസ്റ്റ് അവതരിപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തോടും നയതന്ത്രജ്ഞരോടും ഉത്തരവിട്ടിട്ടുണ്ടെന്നും യുക്രെയ്ൻ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.