ഒളിംപിക്‌സില്‍ പങ്കെടുത്ത വിവിധ അത്‌ലറ്റുകള്‍ക്ക് പരിശീലനത്തിനായി ഫണ്ട് അനുവദിച്ചിരുന്നെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ പങ്കുവെച്ചത്.
ഒളിംപിംക്സ് പരിശീലനത്തിന് ഒന്നരക്കോടി അനുവദിച്ചെന്ന കേന്ദ്രസർക്കാർ അനുകൂല പ്രസ്താവനകൾ തള്ളി ബാഡ്മിന്‍റൺ താരം അശ്വനി പൊന്നപ്പ. നയാ പൈസപോലും കിട്ടിയിട്ടില്ലെന്നും ഇത് എവിടെ നിന്നാണ് വന്നതെന്ന് അറിയണമെന്നുമാണ് അശ്വിനിയുടെ പ്രതികരണം. ഇന്ത്യൻ അത്ലറ്റുകൾക്ക് ലഭിച്ച ഫണ്ടിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതികരണം.
"വസ്തുതകൾ അറിയാതെ എങ്ങനെയാണ് ലേഖനമെഴുതുക? ഒന്നരക്കോടി വീതം ആര് എന്തിന് നൽകി? എനിക്ക് പണം ലഭിച്ചിട്ടില്ല," എന്നാണ് റെഡിഫ് ഡോട്കോം ലേഖനം ട്വീറ്റ് ചെയ്തുകൊണ്ട് അശ്വിനി പൊന്നപ്പ കുറിച്ചത്. ഒരു സംഘടനയുടെയും ഭാഗമല്ലെന്നും പേഴ്സണൽ ട്രെയിനർക്ക് താനാണ് പണം നൽകുന്നതെന്നും താരം പറഞ്ഞു.
ഒളിംപിക്‌സില്‍ പങ്കെടുത്ത വിവിധ അത്‌ലറ്റുകള്‍ക്ക് പരിശീലനത്തിനായി ഫണ്ട് അനുവദിച്ചിരുന്നെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ പങ്കുവെച്ചത്. അശ്വിനിക്ക് അടക്കം നിരവധി താരങ്ങള്‍ക്ക് പരിശീലനത്തിനായി പണം അനുവദിച്ചതായി രേഖകളില്‍ പറയുന്നുണ്ട്.
READ MORE: ഒളിംപ്യൻമാർക്ക് ഡൽഹിയിൽ രാജകീയ വരവേൽപ്പ്; താരമായി മലയാളികളുടെ ശ്രീജേഷ്
അശ്വിനി പൊന്നപ്പ- തനിഷ വനിതാ ഡബിൾസ് ടീമിനായി ഒന്നരക്കോടി അനുവദിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് 1.8 കോടിയും സാത്വിക്-ചിരാഗ് സഖ്യത്തിന് 5.62 കോടിയും ട്രെയിനിങ്ങിനായി ചെലവഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി. വി. സിന്ധുവിനും ലക്ഷ്യ സെന്നിനും ജര്‍മനിയിലും ഫ്രാന്‍സിലും പരിശീലനം നേടുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
READ MORE: പാരിസ് ഒളിംപിക്സിൽ തരംഗമായ 'ബി-ഗേൾ ഇന്ത്യ'യും ഇന്ത്യയും തമ്മിലെന്താണ് ബന്ധം?
പാരീസ് ഒളിമ്പിക്സിൽ നിന്ന് അശ്വിനി പൊന്നപ്പ-തനിഷ സംഘം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനോട് തോറ്റ് പുറത്തായി. സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറിലും പുറത്തായി. പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരങ്ങളുടെ മോശം പ്രകടനത്തെ ബാഡ്‌മിന്‍റണ്‍ ഇതിഹാസം പ്രകാശ് പദുകോൺ ഉൾപ്പെടെ വിമർശിച്ചിരുന്നു.