തനിക്ക് ലഭിച്ച ഈ അംഗീകാരവും സ്വീകരണവും വളർന്നു വരുന്ന യുവതാരങ്ങൾക്ക് പ്രചോദനമാണെന്ന് ശ്രീജേഷ് പറഞ്ഞു
ഒളിംപിക് മെഡലുമായി തിരിച്ചെത്തിയ പി. ആർ. ശ്രീജേഷിന് ജന്മനാട്ടിൽ സ്വീകരണം. കൊച്ചി വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് ശ്രീജേഷിനായി ഒരുക്കിയത്. തനിക്ക് ലഭിച്ച ഈ അംഗീകാരവും സ്വീകരണവും വളർന്നു വരുന്ന യുവതാരങ്ങൾക്ക് പ്രചോദനമാണെന്ന് ശ്രീജേഷ് പറഞ്ഞു. ജന്മനാടിന്റെ സ്വീകരണത്തിൽ വലിയ സന്തോഷമുണ്ട്. കേരളത്തിൽ ഹോക്കിയുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാകണം. മുഖ്യമന്ത്രിയെ കാണുമ്പോൾ അത് ആവശ്യപ്പെടും. ഓരോ ജില്ലയിലും ഒരു ഹോക്കി ടർഫെങ്കിലും വേണമെന്നും പി. ആർ. ശ്രീജേഷ് പറഞ്ഞു. നെടുമ്പാശേരിയിൽ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെയുള്ള റോഡ്ഷോയും നടന്നിരുന്നു.
പാരിസ് ഒളിംപിക്സോടെ അന്താരാഷ്ട്ര കരിയറില്‍ നിന്നും വിരമിച്ച പി.ആര്‍ ശ്രീജേഷിന് ആദരസൂചകമായി ശ്രീജേഷിന്‌റെ 16-ാം നമ്പര്‍ ജേഴ്‌സി ഹോക്കി ഇന്ത്യ പിന്‍വലിച്ചിരുന്നു. ജേഴ്‌സി ശ്രീജേഷിന്റെ ഇതിഹാസപൂര്‍ണമായ കരിയറിന് സമര്‍പ്പിക്കുന്നതായും, ശ്രീജേഷിനെ ജൂനിയര്‍ ടീം കോച്ചായി നിയമിക്കുന്നുവെന്നും ഹോക്കി ഇന്ത്യ അറിയിച്ചിരുന്നു.
READ MORE: മുണ്ടും ഷർട്ടുമിട്ട് ഈഫൽ ടവറിന് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത് പി. ആർ. ശ്രീജേഷ്
ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേട്ടത്തോടെയാണ് പി. ആര്‍. ശ്രീജേഷിന്റെ മടക്കം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടുന്നത്. ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ പ്രകടനം രണ്ട് തവണയും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
READ MORE: "ഇത് അവസാനമല്ല, പ്രിയങ്കരമായ ഓർമകളുടെ തുടക്കമാണ്"; വൈകാരികമായ വിടവാങ്ങൽ കുറിപ്പുമായി പി.ആർ. ശ്രീജേഷ്