
പാരിസ് ഒളിംപിക്‌സ് വനിതകളുടെ ഗുസ്‌തിയിൽ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപസിനെ തകർത്ത് വിനേഷ് ഫോഗട്ട് ഫൈനലിൽ. ഇതോടെ, വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായി. എതിരില്ലാതെ അഞ്ച് പോയിൻ്റുകൾ നേടിയാണ് വിനേഷ് ഫോഗട്ട് 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയത്.
മികച്ച പ്രകടനമാണ് വിനേഷ് ഫോഗട്ട് ഇന്ന് എല്ലാ മൽസരങ്ങളിലും കാഴ്ചവെച്ചത്. യുക്രെയ്ൻ താരമായ ഒക്‌സാന ലിവാച്ചിനെ തോൽപിച്ചുകൊണ്ട് സെമിയിൽ പ്രവേശിച്ച ഫോഗട്ട്, ലോക ഒന്നാം നമ്പർ താരം യുവി സുസാക്കിയ്ക്കെതിരെ അട്ടിമറി വിജയം നേടിക്കൊണ്ടാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. , യുവി സുസാക്കിയെ തോൽപ്പിച്ചതോടെ, തൻ്റെ കരിയറിലെ ഒരു നാഴികകല്ലാണ് താരം പിന്നിട്ടത്. ഇതുവരെ ഒരു അന്താരാഷ്ട്ര മൽസരത്തിലും യുവി സുസാക്കി പരാജയപ്പെട്ടിട്ടില്ല എന്നത് വിനേഷ് ഫോഗട്ടിൻ്റെ വിജയത്തിൻ്റെ മധുരം വർധിപ്പിക്കുന്നു.
ഇന്ന് പാരിസ് ഒളിംപിക്‌സ് വേദിയിൽ ഇന്ത്യ മിന്നുന്ന പ്രകടനമായിരുന്നു കാഴ്‌ച വെച്ചത്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും ഫൈനൽ യോഗ്യത നേടിയിരുന്നു.