

അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിന് തിരിച്ചടി പ്രതീക്ഷിച്ചവര്‍ക്കെല്ലാം തെറ്റിപ്പോയി. ഐക്യമുന്നണി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. സിപിഎമ്മിനാകട്ടെ കനത്ത തിരിച്ചടിയും നേരിട്ടു. പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ തോല്‍വിയറിഞ്ഞു. എന്നാല്‍ അധികാരത്തിലേറിയെങ്കിലും, കാലാവധി തികച്ച് ഭരിക്കാന്‍ ഐക്യമുന്നണി സര്‍ക്കാരിന് കഴിഞ്ഞില്ല എന്നതാണ് പിന്നീടുള്ള ചരിത്രം.
അടിയന്തരാവസ്ഥയെ തുടര്‍ന്ന് രാജ്യത്താകെ ഇന്ദിരാ വിരുദ്ധ വികാരം ശക്തമായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. എന്നാല്‍ കേരളം മാത്രം മാറി ചിന്തിച്ചു. 140ല്‍ 111 സീറ്റുമായി ഐക്യമുന്നണി ജയിച്ചു. 54 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസ് 38 സീറ്റുകള്‍ നേടി. സിപിഐ 23, കേരള കോണ്‍ഗ്രസ് 20, മുസ്ലീം ലീഗ് 13, ആര്‍എസ്‌പി ഒമ്പത്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അഞ്ച്, പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷികളുടെ സീറ്റ് നില. അടിയന്തരാവസ്ഥ അടബിക്കടലില്‍, 57ല്‍ ഇഎംഎസ്, 67ല്‍ ഇഎംഎസ്, 77ലും ഇഎംഎസ് എന്നിങ്ങനെ മുദ്രാവാക്യങ്ങളുമായി തെരഞ്ഞെടുപ്പ് നേരിട്ട സിപിഎമ്മിന് കനത്ത തിരിച്ചടി നേരിട്ടു. 68 ഇടത്ത് മത്സരിച്ച സിപിഎം 17 സീറ്റുകളിലാണ് ജയിച്ചത്. ഭാരതീയ ലോക് ദള്‍ ആറ്, പ്രതിപക്ഷ മുസ്ലീം ലീഗ് മൂന്ന്, കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് രണ്ട്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു. സിപിഎം നേതാക്കളായ കെ.ആര്‍. ഗൗരിയമ്മ, ചാത്തുണ്ണി മാസ്റ്റര്‍, വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ തോല്‍വിയറിഞ്ഞു.
1977 മാര്‍ച്ച് 25ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിവസങ്ങള്‍ക്കിപ്പുറം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിസഭ രൂപീകൃതമായി. അപ്പോഴേക്കും അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് അതിക്രമങ്ങള്‍ പുറത്തുവന്നു തുടങ്ങിയിരുന്നു. പൊലീസ് അറസ്റ്റുചെയ്ത് തടങ്കലിലാക്കിയ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥി രാജനെ ഹാജരാക്കാന്‍ അച്ഛന്‍ ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് കരുണാകരന് തിരിച്ചടിയായി. രാജന്‍ വധത്തില്‍ കോടതിയില്‍ കള്ളം പറഞ്ഞു എന്ന പരാമര്‍ശത്തിനൊടുവില്‍, ഏപ്രില്‍ 25ന് കരുണാകരന്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞു. പിന്നാലെ നിയമസഭാംഗമല്ലാതിരുന്ന എ.കെ. ആന്റണി മുഖ്യമന്ത്രിയായി. കഴക്കൂട്ടത്തുനിന്ന് ജയിച്ച തലേക്കുന്നില്‍ ബഷീറിനെ രാജിവയ്പ്പിച്ചശേഷം ആന്റണി മത്സരിച്ച് ജയിച്ചു.
അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പിളര്‍പ്പ് കേരളത്തിലും പ്രതിഫലിക്കാന്‍ തുടങ്ങിയിരുന്നു. കരുണാകരന്‍ ഇന്ദിരയെ അനുകൂലിച്ചപ്പോള്‍, ആന്റണി മറുപക്ഷത്തായിരുന്നു. ചിക്കമഗ്ളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരയ്ക്ക് സീറ്റ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് നിലപാടില്‍ പ്രതിഷേധിച്ച്, 1978 ഒക്ടോബര്‍ 27ന് ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞു. തുടര്‍ന്ന് സിപിഐയിലെ പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി.
അഖിലേന്ത്യാ തലത്തില്‍ ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയ കാലമായിരുന്നു. സിപിഐയും ആര്‍എസ്‍പിയും ഐക്യമുന്നണി വിടാന്‍ തീരുമാനിച്ചു. ഇതോടെ, 1979 ഒക്ടോബര്‍ ഏഴിന് പികെവി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം മുസ്ലീം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. അപ്പോഴേക്കും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷത്തു ചേര്‍ന്നു. ജനതാപാര്‍ട്ടിയിലും പിളര്‍പ്പ് ഉണ്ടായി. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് യു-വും ഇടഞ്ഞുനിന്നതോടെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തു. ഇതിനിടെ, കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാന്‍ പ്രതിപക്ഷശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ട സി.എച്ച്. മന്ത്രിസഭ 1979 ഡിസംബര്‍ ഒന്നിന് രാജിവച്ചു. കേരളത്തില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങി.