തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാർഥികൾ. ഇക്കുറി ആകെ ലഭിച്ചത് 2,125 നാമനിർദേശ പത്രികകളായിരുന്നു. അതിൽ 1,757 പത്രികകൾ സ്വീകരിക്കുകയും 357 പത്രികകൾ തള്ളുകയും ഇതുവരെ 11 എണ്ണം പിൻവലിക്കുകയും ചെയ്തു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ മത്സരിച്ചത് 957 സ്ഥാനാർത്ഥികളായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാർഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്. നാളെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ ചിത്രം വ്യക്തമാകും.
തിരുവനന്തപുരത്ത് 115 സ്ഥാനാർഥികൾ, കൊല്ലത്ത് 68, പത്തനംതിട്ടയിൽ 25, ആലപ്പുഴയിൽ 53, കോട്ടയത്ത് 62, ഇടുക്കിയിൽ 32, എറണാകുളത്ത് 93, തൃശൂരിൽ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരിൽ 88, കാസർഗോഡ് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാർഥികളുടെ കണക്കുകൾ.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലം കോഴിക്കോട് കൊടുവള്ളിയാണ്. 17 സ്ഥാനാർഥികളാണ് ഇവിടെ മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങൾ തൃശൂർ നാട്ടികയും വയനാട് മാനന്തവാടിയുമാണ്. മൂന്ന് സ്ഥാനാർഥികളാണ് ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുന്നത്.