

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ വെളിച്ചം കണ്ടതോടെ യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ വീണ്ടും സജീവമായി. മുഖ്യമന്ത്രി പദവിയിലേക്ക് മറ്റു കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കൂടുതല്‍ പിന്തുണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. സര്‍വേ ഫലം സതീശന് അനുകൂലമായതോടെ കോഴിക്കോട് നേതൃയോഗത്തില്‍ സ്വീകരിച്ച നിലപാട് മുസ്ലിം ലീഗ് ആവര്‍ത്തിച്ചു. സതീശന്‍ മുഖ്യമന്ത്രിയാകട്ടെയെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്.
യുഡിഎഫിലെ പ്രബല കക്ഷി വി.ഡി. സതീശന് പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്. മുഖ്യമന്ത്രി പദവിയിലേക്കുള്ള വി.ഡി. സതീശന്റെ യാത്രയ്ക്ക് തടയിടാന്‍ കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ ഗ്രൂപ്പുകള്‍ ഒന്നിച്ചതായി പ്രതിപക്ഷ നേതാവിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന വിമല ബിനു ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തി. തനിക്കെതിരായ അപവാദപ്രചരണം ഇതിന്റെ ഭാഗമെന്നും വിമല പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ചര്‍ച്ചകള്‍ മാധ്യമസൃഷ്ടിയാണെന്ന് ആരോപിച്ച കെപിസിസി അധ്യക്ഷന്‍, ഹൈക്കമാൻഡാണ് തീരുമാനമെടുക്കുന്നതെന്നും ലീഗിന്റെ ഉള്‍പ്പടെ നിലപാട് കേള്‍ക്കുമെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിവാദങ്ങളോട് പ്രതികരിച്ചില്ല. ഈ വരുന്ന നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കും. സിപിഐഎം അധികാരത്തിന് പുറത്തേക്കുള്ള വഴിയിലാണ്.. പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന് സിപിഐഎമ്മിനോട് ആരും ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.
പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും പ്രതികരിച്ചു. ലീഗിന്റെ നിലപാടില്‍ ഹസന്‍ നീരസം പ്രകടിപ്പിച്ചു. അതേസമയം യുഡിഎഫിലെ നിയുക്തമുഖ്യമന്ത്രി ചര്‍ച്ചയില്‍ അഭിപ്രായം പറയേണ്ടതില്ലെങ്കിലും നടക്കുന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള പരിഹാസമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്നും വി.ഡി. സതീശനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മൂവാറ്റുപുഴയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ വി.ഡി. സതീശന്റെ മുഖ്യമന്ത്രി മോഹം വിലപോകില്ലെന്ന് വ്യക്തമാക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.