ചക്കയൊന്നും വിളഞ്ഞില്ല; മത്സരിച്ച ഇടങ്ങളിലെല്ലാം അടിപതറി ട്വൻ്റി 20

ഒറ്റയ്ക്ക് മത്സരിച്ചപ്പോഴുണ്ടായിരുന്ന വോട്ട് പോലും മുന്നണിക്കൊപ്പം ചേർന്നപ്പോൾ ലഭിച്ചില്ല...
ചക്കയൊന്നും വിളഞ്ഞില്ല; മത്സരിച്ച ഇടങ്ങളിലെല്ലാം അടിപതറി ട്വൻ്റി 20
Source: Files
Published on
Updated on

എറണാകുളം: എന്‍ഡിഎയ്ക്ക് ഒപ്പം ചേർന്ന് വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന് പ്രതീക്ഷിച്ച ട്വന്റി 20യ്ക്ക് ഇത്തവണ മത്സരിച്ചയിടങ്ങളില്‍ എല്ലാം അടിപതറി. ഒറ്റയ്ക്ക് മത്സരിച്ചപ്പോഴുണ്ടായിരുന്ന വോട്ട് പോലും മുന്നണിക്കൊപ്പം ചേർന്നപ്പോൾ ലഭിച്ചില്ല. കൂട്ടത്തില്‍ തൃപ്പൂണിത്തുറയിൽ മാത്രമാണ് ട്വന്റി 20ക്ക് നേരിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്.

മധ്യകേരളത്തിൽ അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപി, ട്വന്റി 20ക്കൊപ്പം കൈകോർത്തത്. എന്നാൽ അത് ട്വന്റി 20ക്ക് ഉണ്ടാക്കിയത് വലിയ തിരിച്ചടിയാണ്. കുന്നത്തുനാട്, തൃക്കാക്കര, കൊച്ചി, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം, വൈപ്പിൻ തുടങ്ങി, മത്സരിച്ച എട്ട് സീറ്റിലും ട്വൻ്റി 20 തിരിച്ചടി നേരിട്ടു. തൃക്കാക്കര, കൊച്ചി, പെരുമ്പാവൂർ, മൂവാറ്റുപുഴ, വൈപ്പിൻ മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ കിട്ടിയ വോട്ട് പോലും, ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ ലഭിച്ചില്ല. കുന്നത്തുനാട്ടിൽ കഴിഞ്ഞ തവണ 42,701 വോട്ടുകളാണ് ട്വന്റി 20ക്ക് ലഭിച്ചത്. അവിടെ ബിജെപി അന്ന് 7,218 വോട്ടുകളും നേടി. എന്നാൽ ഒരുമിച്ച് മത്സരിച്ചപ്പോൾ 39,958 വോട്ടാണ് ആകെ കിട്ടിയത്.

ചക്കയൊന്നും വിളഞ്ഞില്ല; മത്സരിച്ച ഇടങ്ങളിലെല്ലാം അടിപതറി ട്വൻ്റി 20
Kerala Assembly Election Results 2026 | കേരളം തിരിച്ചുപിടിച്ച് യുഡിഎഫ്! തകർന്നടിഞ്ഞ് എൽഡിഎഫ്; ബിജെപിക്ക് ത്രിമധുരം

തൃക്കാക്കരയിൽ അഖില്‍ മാരാരിന്റെ സ്ഥാനാർഥിത്വവും ഗുണം ചെയ്തില്ല. 8000ത്തിനടുത്ത് വോട്ടുകളാണ് ഇരുപാർട്ടികള്‍ക്കുമായി മണ്ഡലത്തില്‍ നഷ്ടപ്പെട്ടത്. കൊച്ചിയിൽ കഴിഞ്ഞ തവണ 19,676 വോട്ടുകൾ ട്വന്റി 20 നേടിയിരുന്നു. ബിജെപി 10,000ത്തോളം വോട്ടുകളും. എന്നാൽ ഇത്തവണ ആകെകൂടി ലഭിച്ചത് 11,854 വോട്ടുകൾ മാത്രം. 18,000ത്തോളം വോട്ടുകളുടെ കുറവ് കൊച്ചിയിൽ മാത്രം ഉണ്ടായി. വൈപ്പിനിൽ ട്വന്റി 20യും ബിജെപിയും കൂടി മുപ്പതിനായിരത്തിലേറെ വോട്ടുകൾ പ്രതീക്ഷിച്ചിരുന്നു. കിട്ടിയതാകട്ടെ 13,637 വോട്ടുകൾ. പിറവത്തും അങ്കമാലിയിലും ബിജെപി, ട്വന്റി 20ക്ക് സീറ്റ് വിട്ടുനൽകിയത് ഗുണം ചെയ്തുമില്ല. തൃപ്പൂണിത്തുറയിൽ കഴിഞ്ഞ തവണ ബിജെപി പിടിച്ചതിലും കൂടുതൽ വോട്ട് നേടാൻ ആയത് മാത്രമാണ് ട്വന്റി 20യുടെ ആശ്വാസം. എന്നാൽ അവിടെയും ബിജെപിയേക്കാള്‍ അധികമായി ട്വൻ്റി 20ക്ക് നേടാനായത് 5,715 വോട്ടുകള്‍ മാത്രമാണ്. എൻഡിഎയിൽ ചേർന്നതോടെ ട്വന്റി 20യിലെ ന്യൂനപക്ഷ വോട്ടുകൾ വിഘടിച്ചതും, സ്വാധീനം ഉള്ള സീറ്റുകൾ ട്വന്റി 20ക്ക് വിട്ടു നൽകിയത് ബിജെപി പ്രവർത്തകരിൽ ഉണ്ടാക്കിയ അമർഷവുമാണ് തിരിച്ചടിക്ക് കാരണം എന്നാണ് വിലയിരുത്തൽ.

News Malayalam 24x7
newsmalayalam.com