തുടക്കത്തിലേ ഫ്ലോപ്പ്... ട്വൻ്റി 20യുടെ സെലിബ്രിറ്റി സ്ഥാനാർഥി പട്ടിക

ലക്ഷ്മിപ്രിയയും വീണാ നായരും മത്സര രംഗത്ത് നിന്ന് പിന്മാറിയതിൻ്റെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്...
തുടക്കത്തിലേ ഫ്ലോപ്പ്... ട്വൻ്റി 20യുടെ സെലിബ്രിറ്റി സ്ഥാനാർഥി പട്ടിക
Source: News Malayalam 24x7
Published on
Updated on

ട്വന്റി 20യുടെ സർപ്രൈസ് സെലിബ്രിറ്റി സ്ഥാനാർഥി പട്ടികയിലെ രണ്ട് വിക്കറ്റുകൾ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ വീണതാണ്. ട്വൻ്റി 20 പോലെ യാതൊരു രാഷ്ട്രീയ ആശയവും മുന്നോട്ട് വയ്ക്കാത്ത ഒരു പാ‍ർട്ടി 18 വയസ് തികഞ്ഞാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന മിനിമം പൗര ബോധമോ രാഷ്ട്രീയ അടിത്തറയോ ഇല്ലാത്ത സ്ഥാനാർഥികളെ നി‍‍‍‍‍‍ർത്തിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്തായാലും ലക്ഷ്മിപ്രിയയും വീണാ നായരും വോട്ടർ പട്ടികയിൽ പേരില്ല എന്ന് കണ്ടെത്തിയതോടെ മത്സര രംഗത്ത് നിന്ന് പിന്മാറിയതിൻ്റെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

ബാലറ്റ് പെട്ടി ഹിറ്റാക്കാൻ വന്നവർ അങ്ങനെ വോട്ടേഴ്‌സ് ലിസ്റ്റിന് പുറത്തായതോടെ സംഗതി തുടക്കത്തിലേ പാളി. മിനിമം സിവിക് സെൻസ് പോലും ഇല്ലാത്ത സ്ഥാനാർഥികളെ നി‍ർത്തിക്കൊണ്ട്, വോട്ട‍ർ പട്ടികയിൽ പേരുണ്ടോ എന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ജനവിധി തേടാനിറങ്ങുമ്പോൾ ഉയരുന്ന യഥാർത്ഥ ചോദ്യം എന്ത് രാഷ്ട്രീയമാണ് ട്വന്റി 20 മുന്നോട്ടുവെക്കുന്നത് എന്നതാണ്. ബാക്കിയുള്ളവ‍ർ.. അഖിൽ മാരാർ, നടി അഞ്ജലി നായർ, റിയാലിറ്റി ഷോ താരം പ്രോമി കുര്യാക്കോസ്, വീണ നായർ മാറിയതോടെ ഏറ്റുമാനൂരിൽ പുതിയതായി പ്രഖ്യാപിച്ച ഗായിക ആതിര ഡി നായർ... ഇവരുടെ ഒക്കെയും സ്ഥാനാർഥിത്വവും സൂചിപ്പിക്കുന്നത് വെറും താരപ്പൊലിമ മാത്രമാണ് സാബു എം ജേക്കബിന്റെ ട്വന്റി 20 ലക്ഷ്യമിടുന്നത് എന്ന് തന്നെയാണ്.

തുടക്കത്തിലേ ഫ്ലോപ്പ്... ട്വൻ്റി 20യുടെ സെലിബ്രിറ്റി സ്ഥാനാർഥി പട്ടിക
SPECIAL INTERVIEW | വ്യക്തിഹത്യ മനഃപ്രയാസമുണ്ടാക്കി, 'കാഫിർ സ്‌ക്രീൻഷോട്ട്' അടക്കമുള്ള വിവാദങ്ങൾ പേരാവൂരിൽ വിലപ്പോകില്ല: കെ.കെ. ശൈലജ

സ്ഥാനാർഥിയായതിന് പിന്നാലെ ഇവരോരുത്തരും നടത്തിയ പ്രതികരണങ്ങളും ട്വന്റി 20ക്ക് ഒരു രാഷ്ട്രീയമോ പ്രത്യയ ശാസ്ത്രമോ ഇല്ല എന്നത് ഊട്ടിയുറപ്പിക്കുകയാണ്. അവസാന നിമിഷമാണ് തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാകണം എന്ന ആവശ്യവുമായി പാ‍‍ർട്ടി സമീപിച്ചത് എന്നാണ് അഞ്ജലി നായ‍ർ പറയുന്നത്. കോൺ​ഗ്രസ് സ്ഥാനാ‍‍ർഥിയാകാൻ അവസരം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ നിമിഷ നേരം കൊണ്ടാണ് അഖിൽ മാരാ‍ർ ട്വൻ്റി 20യിലേക്ക് ചേക്കേറിയത്. ബാക്കിയുള്ളവരിൽ ആകെ ലക്ഷ്മിപ്രിയയെ മാത്രമാണ് ഇടയ്ക്കിടെ ബിജെപി വേദികളിൽ പ്രത്യക്ഷപ്പെട്ട് കണ്ടിട്ടുള്ളത്. വീണാ നായരാണെങ്കിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് ചോദിക്കുന്നത് ഞാനെന്തിന് വോട്ട് ചെയ്യണം, എനിക്ക് തോന്നുമ്പോൾ ചെയ്താൽ പോരെ എന്നാണ്. അതായത് ഒരു ജനാധിപത്യ രാജ്യത്ത് വോട്ട് ചെയ്യുന്നതിൻ്റെ പ്രാധാന്യം പോലും മനസിലാക്കാനാവാത്തയാളെയാണ് സ്ഥാനാ‍ഥിയാക്കാൻ ട്വൻ്റി 20 തെരഞ്ഞെടുത്തതെന്ന് ചുരുക്കം. അവസാനം വീണയ്ക്ക് പകരം ഏറ്റുമാനൂരിൽ സ്ഥാനാർഥി ആയ ആതിര ഡി നായരും പറയുന്നു, ഞാൻ കഴിഞ്ഞ ആഴ്ചയാണ് ട്വന്റി 20യിൽ ചേർന്നത് എന്ന്.

എന്തായാലും ട്വൻ്റി 20യെ കൂടെ കൂട്ടി ബിജെപിക്കും പണി പാളി എന്ന തരത്തിലേക്കായി കാര്യങ്ങളുടെ പോക്ക്. ഇത്തരത്തിൽ കൂടിയാലോചനകളില്ലാതെ സീറ്റുകൾ നൽകിയതിൽ ബിജെപിയിലും അതൃപ്തി പുകയുകയാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള തൃപ്പൂണിത്തുറ സീറ്റ് അടക്കം ട്വന്റി 20ക്ക് വിട്ടുകൊടുത്തതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. ട്വൻ്റി 20യുടെ മിനിമം ജനാധിപത്യ ബോധം പോലുമില്ലാത്ത താരനിരയ്ക്ക് പകരം പാർട്ടി സ്ഥാനാർഥി ആയിരുന്നെങ്കിൽ ജയസാധ്യത ഉണ്ടായിരുന്നു എന്നും മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ കഴിയുമായിരുന്നു എന്നുമുള്ള വികാരവും നേതാക്കളിൽ ചിലർ പങ്കുവയ്ക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com