

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ സംഘർഷം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറിനുള്ളിൽ ചാപ്ര, ശാന്തിപൂർ, നിമിറ്റാല ബംങ്കൂർ എന്നിവിടങ്ങളിൽ നേരിയ തോതിൽ സംഘർഷം ഉണ്ടായി. ബിജെപിയും, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ചാപ്ര നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഹത്ര പഞ്ചായത്തിലെ ബൂത്ത് നമ്പർ 52 ലെ ബിജെപി പോളിങ് ഏജൻ്റ് മൊഷറഫ് മിറിനെ ഒരു സംഘം അക്രമികൾ ഇരുമ്പ് വടികളും തോക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ രക്ഷപ്പെടുത്തി ചാപ്ര റൂറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തലയ്ക്ക് പരിക്കേറ്റതായാണ് വിവരം.ബങ്കൂരിൽ ബിജെപി ഓഫീസിന് തീയിട്ടതായും വിവരമുണ്ട്.
ഡോൺ ബോസ്കോ ലിലുവ സഹൻലാൽ സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടതിനെ തുടർന്ന് ബാലി നിയമസഭാ മണ്ഡലത്തിൽ സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസും വോട്ടർമാരും തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കേന്ദ്രസേന അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ തന്നെ മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിലെത്തി. പലയിടങ്ങളിലും ബിജെപി തൃണമൂൽ പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ "ഭീകരരെ" പോലെ പെരുമാറുന്നതായി മമത ബാനർജി ആരോപിച്ചു.
രാവിലെ 9 മണി വരെയുള്ള കണക്കുപ്രകാരം 18.39 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നു.142 മണ്ഡലങ്ങളിലായി 1448 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത് . രാവിലെ തന്നെ ഇസ്കോൺ സന്യാസിമാർ നഗരത്തിലെ പോളിങ് ബൂത്തിലെത്തി കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തി.
ബംഗാളിലെ ബെൽഗാച്ചിയയിലെ സുഭോഖോൺ കമ്മ്യൂണിറ്റി ഹാളിൽ ബിജെപി നേതാവ് മിഥുൻ ചക്രവർത്തി രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി.
തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി കൊൽക്കത്തയിലെ ബൂത്തിൽ എത്തി രാവിലെ തന്നെ വോട്ട് ചെയ്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിപിടിച്ച് പാർട്ടിയുടെ വിജയം സുനിശ്ചിതമാണെന്ന് പറഞ്ഞു.