

കോട്ടയം: പുതുപ്പള്ളിയിൽ ചരിത്രവിജയം കുറിച്ചു കൊണ്ട് ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വീണ്ടും നിയമസഭയിലേക്ക്. 52,907 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ ഇവിടെ ജയിച്ചുകയറിയത്.15 റൗണ്ടുകളില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണി തീർത്തപ്പോഴെക്കും ചാണ്ടി ഉമ്മൻ 21,691 വോട്ടിന്‍റെ കൂറ്റൻ ലീഡ് നിലയിലെത്തിയിരുന്നു.
രാഷ്ട്രീയ എതിരാളികൾ ഉമ്മൻ ചാണ്ടിക്ക് നേരെ ഉയർത്തിയ ആരോപണങ്ങൾക്കും അവഹേളനങ്ങൾക്കും ജനങ്ങൾ വോട്ടിലൂടെ നൽകിയ മറുപടിയതാണ് ഈ വിജയമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. വികസന മുരടിപ്പിനും ഭരണവിരുദ്ധ വികാരത്തിനും എതിരെയുള്ള പുതുപ്പള്ളിയുടെ ഈ വിധി എഴുത്തിനെക്കുറിച്ചും, വരാനിരിക്കുന്ന അഞ്ച് വർഷത്തെ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ചാണ്ടി ഉമ്മൻ മനസ്സ് തുറക്കുന്നു.
തെരഞ്ഞെടുപ്പിലെ ഈ വമ്പിച്ച വിജയത്തെ താങ്കൾ എങ്ങനെയാണ് നോക്കി കാണുന്നത്?
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ 14-ാം വിജയം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വലിയ വിജയമാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ഉമ്മൻ ചാണ്ടി സാറിനെ അപമാനിച്ചവർക്കുള്ള മറുപടിയായിട്ടാണ് ഇതിനെ കാണുന്നത്. രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതുപോലെ വലിയൊരു ഭൂരിപക്ഷം പുതുപ്പള്ളി നൽകിയിരിക്കുകയാണ്. ഇത് രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടിയുടെയും, കെ.സി. വേണുഗോപാൽ അടക്കമുള്ള നേതൃത്വത്തിന്റെയും വിജയമാണ്.
ഈ വിജയത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്? യുഡിഎഫിനോടുള്ള പിന്തുണയാണോ അതോ നിലവിലെ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണോ?
ഇത് വ്യക്തമായും ഭരണവിരുദ്ധ വികാരം തന്നെയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം പോർട്ട്, മെഡിക്കൽ കോളേജുകൾ തുടങ്ങിയ വികസന നേട്ടങ്ങളെ ജനങ്ങൾ ഇന്നും ഓർക്കുന്നു. കഴിഞ്ഞ പത്തു വർഷമായി ഇടതുപക്ഷം കേരളത്തെ പിന്നോട്ടടിച്ചു. വികസനത്തിന്റെ കാര്യത്തിൽ ഒരു പരിപാടി പോലും ഉയർത്തിക്കാട്ടാനില്ലാത്ത സർക്കാരിനെതിരെയുള്ള വിധി എഴുത്താണിത്.
മെയ് അഞ്ചിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നല്ലോ? താങ്കളുടെ ആ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾ ഉയർന്നിരുന്നു. യുഡിഎഫ് അധികാരത്തിൽ വരില്ലെന്ന് പറഞ്ഞവർക്ക് എന്താണ് മറുപടി നൽകാനുള്ളത്?
എനിക്ക് കൃത്യമായ തീയതി ഇപ്പോൾ പറയാൻ കഴിയില്ലെങ്കിലും, പാർട്ടി നേതൃത്വം അടുത്ത അഞ്ചോ പത്തോ ദിവസത്തിനുള്ളിൽ അത് തീരുമാനിക്കും.പരിഹസിച്ചവരോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു, ഒൻപതിൽ ഒൻപത് സീറ്റും ജയിക്കുമെന്ന്. ഇപ്പോൾ എല്ലായിടത്തും ലീഡ് ലഭിച്ചിരിക്കുകയാണ്. കേരളത്തിൽ നൂറിൽ പരം സീറ്റുകൾ യുഡിഎഫിന് ലഭിച്ചു. ജനവിധിയെ അംഗീകരിക്കാൻ പറ്റാത്തവർക്ക് ഇനി 'ക്യാപ്സൂളുകൾ' ഇറക്കാം. മുഖ്യമന്ത്രി പോലും പിന്നിലായിപ്പോയ ഒരു സാഹചര്യത്തിൽ ഈ ജനവിധിയെ അവർക്ക് എങ്ങനെ തള്ളിക്കളയാനാകും? പത്തു വർഷം കൊണ്ട് അയ്യപ്പന്റെ സ്വർണ്ണം വരെ കൊള്ളയടിച്ചില്ലേ? അയ്യപ്പന്റെ സ്വർണ്ണം കൊള്ളയടിക്കുന്നത് അദ്ദേഹം കാണാതിരിക്കുമോ? ഈ വിജയം അയ്യപ്പന്റെ വിജയം കൂടിയാണ് ഇത്.
ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. ഇത് ഭരണത്തിൽ ഒരു സമ്മർദ്ദമായി തോന്നുന്നുണ്ടോ?
തീർച്ചയായും അതൊരു സമ്മർദ്ദമാണ്. ജനങ്ങളുടെ വലിയ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ഞങ്ങൾക്ക് സാധിക്കണം എന്നുള്ളതാണ് എന്‍റെ ലക്ഷ്യം.
അധികാരത്തിൽ വരുമ്പോൾ എന്തിനായിരിക്കും കൂടുതൽ മുൻഗണന നൽകുക?
വികസനം തന്നെയായിരിക്കും പ്രധാന ലക്ഷ്യം. കൂടാതെ നമ്മുടെ ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള പലായനം തടയുക, സ്പോർട്സ് മേഖലയുടെ വളർച്ച തുടങ്ങിയ കാര്യങ്ങൾക്ക് ഞങ്ങൾ വലിയ പ്രാധാന്യം നൽകും.
50,000-ൽ അധികം ഭൂരിപക്ഷം താങ്കൾക്ക് ലഭിച്ചു. യുവാക്കളുടെ വലിയൊരു പിന്തുണ ഇതിൽ കാണാനുണ്ട്. എങ്ങനെയാണ് അവരുമായി ഇത്രയധികം കണക്ട് ചെയ്യാൻ സാധിച്ചത്?
ഇത് ജനങ്ങളുടെ സ്നേഹവും കരുതലുമാണ്. അവർക്കിടയിൽ നിന്ന് പ്രവർത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. അത് ഞങ്ങൾ പൂർണ്ണമായും പാലിക്കും.
മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ നടക്കുന്നു എന്ന വാർത്തകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അതൊന്നുമില്ല. ജനവിധി പാർട്ടി ലീഡർഷിപ്പ് അംഗീകരിക്കും. അവർ തീരുമാനിക്കുന്ന വ്യക്തി മുഖ്യമന്ത്രിയാകും. അതിൽ തർക്കങ്ങളില്ല.
ഇത്രയും വലിയ വിജയം താങ്കൾക്ക് സമ്മാനിച്ച പുതുപ്പള്ളിയിലെ ജനങ്ങളോട് എന്താണ് പറയാനുള്ളത്?
'നന്ദി'. ഇത്ര വലിയൊരു വിജയം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആ സ്നേഹം നന്ദിയോടെ സ്വീകരിക്കുന്നു.
അഞ്ചു കൊല്ലത്തെ ഭരണം കഴിയുമ്പോൾ ജനങ്ങൾ ഈ സർക്കാരിനെ എങ്ങനെ ഓർക്കണം എന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്?
ഉമ്മൻ ചാണ്ടി സർക്കാർ എങ്ങനെയാണോ ഇന്ന് ജനങ്ങൾക്കിടയിൽ ഓർക്കപ്പെടുന്നത്, അതുപോലെ തന്നെയായിരിക്കണം ഈ സർക്കാരും ഓർക്കപ്പെടേണ്ടത്.