കാട്ടാക്കടയിൽ വയോധികൻ്റെ വോട്ട് സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ; പ്രതിഷേധത്തിന് പിന്നാലെ വീണ്ടും വോട്ട് ചെയ്യാൻ അവസരം

താൻ ഉദ്ദേശിച്ച ചിഹ്നത്തിലല്ല വോട്ട് വീണതെന്ന് തിരിച്ചറിഞ്ഞതോടെ വയോധികൻ ബൂത്തിനുള്ളിൽ പ്രതിഷേധവുമായി ഇരുന്നു...
സത്യൻ
സത്യൻSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കാട്ടാക്കടയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വയോധികൻ്റെ വോട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയതിനെച്ചൊല്ലി പോളിങ് ബൂത്തിൽ വൻ പ്രതിഷേധം. കാട്ടാക്കട കട്ടക്കോട് സെന്റ് ആന്റണീസ് സ്കൂളിലെ 71-ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയതോടെ ബൂത്തിൽ സംഘർഷാവസ്ഥയായി. ഒടുവിൽ വയോധികന് വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകിയാണ് അധികൃതർ രംഗം ശാന്തമാക്കിയത്.

കാട്ടാക്കട കട്ടക്കോട് സെന്റ് ആന്റണീസ് സ്കൂളിലെ 71ാം നമ്പർ ബൂത്തിലേക്കാണ് 83കാരനായ സത്യൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. നടക്കാൻ പ്രയാസമുള്ള സത്യൻ തന്റെ 16 വയസുകാരനായ ചെറുമകനെ സഹായിയായി കൂട്ടിയിരുന്നു. എന്നാൽ ചെറുമകനെ ബൂത്തിലേക്ക് പ്രവേശിപ്പിക്കാത്ത റിട്ടേണിംഗ് ഓഫീസർ പകരം ബൂത്തിലെ മറ്റൊരു ഉദ്യോഗസ്ഥനെ സത്യനെ സഹായിക്കാൻ നിയോഗിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് അരികിലെത്തിയപ്പോൾ സത്യനോട് ചോദിക്കാതെ തന്നെ സഹായിയായി എത്തിയ ഉദ്യോഗസ്ഥൻ എൽഡിഎഫ് സ്ഥാനാർഥി ഐ.ബി. സതീഷിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. താൻ ഉദ്ദേശിച്ച ചിഹ്നത്തിലല്ല വോട്ട് വീണതെന്ന് തിരിച്ചറിഞ്ഞതോടെ വയോധികൻ ബൂത്തിനുള്ളിൽ പ്രതിഷേധവുമായി ഇരുന്നു. കാറുപിടിച്ച് താൻ വോട്ട് ചെയ്യാൻ വന്നത് യുഡിഎഫിന് വേണ്ടിയാണെന്നും അത് ചെയ്യാതെ മടങ്ങില്ലെന്നും സത്യൻ ഉറപ്പിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ വെട്ടിലായി.

സത്യൻ
തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; വട്ടിയൂർക്കാവിൽ ആളുമാറി വോട്ട് ചെയ്തെന്ന് പരാതി

സംഭവം പുറത്തറിഞ്ഞതോടെ ബൂത്തിന് പുറത്ത് യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ‌‍തർക്കവുമായി. ബൂത്തിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ, പോളിങ് തടസപ്പെടുത്തരുതെന്ന് സിപിഐഎം നിലപാടെടുത്തു. പ്രതിഷേധം ശക്തമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. ഉദ്യോഗസ്ഥൻ ചെയ്ത വോട്ട് അസാധുവാക്കുമെന്നും സത്യന് വീണ്ടും വോട്ട് ചെയ്യാമെന്നും അധികൃതർ ഉറപ്പുനൽകി. തുടർന്ന് യുഡിഎഫിന് വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സത്യൻ മടങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com