ആരെ തുണയ്ക്കും പത്തനംതിട്ടയുടെ രാഷ്ട്രീയ മണ്ണ്?

റബ്ബര്‍-നാളികേര കര്‍ഷകരും പ്രവാസികളും സാമ്പത്തിക നട്ടെല്ലായ പത്തനംതിട്ടയുടെ മണ്ണ് ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം...
ആരെ തുണയ്ക്കും പത്തനംതിട്ടയുടെ രാഷ്ട്രീയ മണ്ണ്?
Source: News Malayalam 24x7
Published on
Updated on

തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ എപ്പോഴും പ്രവചനാതീതമാക്കുന്ന ജില്ലയാണ് പത്തനംതിട്ട. ആറന്മുള, കോന്നി, തിരുവല്ല, റാന്നി, അടൂര്‍ എന്നീ അഞ്ചു മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ല. റബ്ബര്‍-നാളികേര കര്‍ഷകരും പ്രവാസികളും സാമ്പത്തിക നട്ടെല്ലായ പത്തനംതിട്ടയുടെ മണ്ണ് ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ജില്ലയുടെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ച 2021ലെ എല്‍ഡിഎഫ് തരംഗം 2026ലും ആവര്‍ത്തിക്കുമോ അതോ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭയിലും പ്രതിഫലിക്കുമോ? എന്ത് തന്നെ ആയാലും പത്തനംതിട്ടയില്‍ മുന്നണികള്‍ പോരാട്ട പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

2011 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലയില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. 2021ല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം കൂടി എല്‍ഡിഎഫിന്റെ ഭാഗമായതോടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും എല്‍ഡിഎഫ് തൂത്തുവാരിയിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ചിത്രം മാറി. കഴിഞ്ഞ മൂന്ന് തവണയും യുഡിഎഫിനെയാണ് പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ പിന്തുണച്ചത്. ബിജെപിയും തങ്ങളുടെ ശക്തമായ സാന്നിധ്യം ജില്ലയില്‍ തെളിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകളാണ് ഇവിടെ നിന്നും നേടിയത്.

ആരെ തുണയ്ക്കും പത്തനംതിട്ടയുടെ രാഷ്ട്രീയ മണ്ണ്?
പൂട്ടിപ്പോയ അക്കൗണ്ട് തുറക്കുമോ? കേരളത്തിൽ പ്രചാരണം ശക്തമാക്കി എൻഡിഎ

ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും എല്‍ഡിഎഫിനെതിരായിരുന്നു. ജില്ലാ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്ത തെരഞ്ഞെടുപ്പില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് പക്ഷത്തേക്ക് വോട്ടുകള്‍ ചാഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശബരിമല ഉള്‍പ്പെടുന്ന ജില്ലയായതുകൊണ്ട് തന്നെ ശബരിമല യുവതീ പ്രവേശനവും സ്വര്‍ണക്കൊള്ളയുമെല്ലാം യുഡിഎഫും എന്‍ഡിഎയും എല്‍ഡിഎഫിനെതിരെ ആയുധമാക്കുന്നുണ്ട്. എന്നാല്‍ വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് ഇതിനെ പ്രതിരോധിക്കുന്നത്. ജില്ലയിലെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വോട്ട് ബാങ്കും ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്.

മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോള്‍...

- ആറന്മുള

പത്തനംതിട്ടയുടെ രാഷ്ട്രീയ ഹൃദയമിടിപ്പായ ആറന്മുളയില്‍ ഇക്കുറി പ്രവാചനാതീതമായ പോരാട്ടമാണ്. ജില്ലയിലെ ഹൈ-പ്രൊഫൈല്‍ പോരാട്ടം നടക്കുന്നത് ആറന്മുളയിലാണ്. ഇടത് മുന്നണിക്കായി മൂന്നാം വട്ടം ജനവിധി തേടി മന്ത്രി വീണ ജോര്‍ജ് ഇറങ്ങുമ്പോള്‍, യുവത്വത്തിന്റെ കരുത്തുമായി അബിന്‍ വര്‍ക്കി യു.ഡി.എഫിനായി അങ്കത്തട്ടിലുണ്ട്. ബി.ജെ.പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ കളത്തിലിറക്കിയതോടെ ആറന്മുളയില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് വീണ ജോര്‍ജ് ആറന്മുളയെ വീണ്ടും ചുവപ്പിക്കാന്‍ ഇറങ്ങുന്നത്. എന്നാല്‍ യുവ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കെ എസ് യു - യൂത്ത് കോണ്‍ഗ്രസ് നിരയിലെ ശ്രദ്ധേയനെ തന്നെ കോണ്‍ഗ്രസ് അങ്കത്തിനിറക്കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും ആരോഗ്യവകുപ്പിന്റെ പാളിച്ചകളുമാണ് അബിന്‍ പ്രചാരണ ആയുധമാക്കുന്നത്. ശബരിമല വികാരം ഇപ്പോഴും അലയടിക്കുന്ന ജില്ലയില്‍, മുതിര്‍ന്ന നേതാവും ജനകീയ മുഖവുമായ കുമ്മനത്തെ എന്‍ഡിഎ ഇറക്കിയതിന് പിന്നിലും കൂടുതല്‍ വോട്ട് നേടാമെന്ന പ്രതീക്ഷ തന്നെയാണ്. ഇവിടെ വോട്ട് വിഹിതത്തില്‍ ബിജെപി ഉണ്ടാക്കുന്ന ചെറിയ മാറ്റം പോലും ഇടത് - വലത് മുന്നണികളുടെ ജയപരാജയങ്ങളെ അട്ടിമറിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

- കോന്നി

കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ വ്യക്തിപരമായ സ്വാധീനമാണ് കോന്നി മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ വിശ്വാസം. കോണ്‍ഗ്രസിന്റെ കുത്തക അവസാനിപ്പിച്ച് കോന്നി എംഎല്‍എയായി ജനീഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് കോന്നിയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക സംഭവമായിരുന്നു. തുടര്‍ന്നിങ്ങോട്ട് മണ്ഡലത്തിലെ സജീവ ഇടപെടലുകളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ ജനീഷ് കുമാര്‍ ഹാട്രിക്ക് വിജയമാണ് ലക്ഷ്യമിടുന്നത്. അഞ്ചു തവണ അടൂര്‍ പ്രകാശ് എംപിയെ നിയമസഭയിലേക്ക് അയച്ച, അടൂര്‍ പ്രകാശിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന തീരുമാനം കോണ്‍ഗ്രസിന് തിരിച്ചടിയായോ എന്നതും ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. പകരം മത്സരിക്കുന്ന ജില്ല അധ്യക്ഷന്‍ കൂടിയായ സതീഷ് കൊച്ചുപറമ്പിലിനു എത്രത്തോളം സ്വാധീനം മണ്ഡലത്തില്‍ ഉണ്ടാക്കാനാകും എന്നതും ശ്രദ്ധേയമാണ്. കെ. സുരേന്ദ്രന്‍ മുന്‍പ് മത്സരിച്ച മണ്ഡലമായതിനാല്‍ എന്‍ഡിഎക്കും നിര്‍ണായക വോട്ട് ബാങ്കുള്ള മണ്ഡലമാണ് കോന്നി. ടി.പി. സുന്ദരേഷന്‍ ആണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. സിപിഐഎം - ബിജെപി ഡീലുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണ് കോന്നി.

ആരെ തുണയ്ക്കും പത്തനംതിട്ടയുടെ രാഷ്ട്രീയ മണ്ണ്?
അമ്പലപ്പുഴയുടെ നായകനാകുമോ ജി. സുധാകരൻ?

- തിരുവല്ല

2006 മുതല്‍ മാറ്റമില്ലാതെ തുടരുന്ന മാത്യു ടി. തോമസ് തന്നെയാണ് ഇത്തവണയും തിരുവല്ലയിലെ എല്‍ഡിഎഫിൻ്റെ മുഖം. അന്നു മുതല്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലം ശബരിമല വിഷയം കൊടുമ്പിരികൊണ്ട കാലത്തും മാറി ചിന്തിച്ചില്ല. എന്നാല്‍ യുഡിഎഫ് പാളയത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഡ്വ. വര്‍ഗീസ് മാമ്മന്‍ എത്തുന്നതോടെ മണ്ഡലത്തിലെ സമുദായ വോട്ടുകളില്‍ വലിയ വിള്ളലുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബിജെപിക്കായി അനൂപ് ആന്റണിയും സജീവമായി രംഗത്തുണ്ട്.

2021ല്‍ മാത്യു ടി തോമസ് നേടിയത് 62,178 വോട്ടുകളായിരുന്നു. കേരള കോണ്‍ഗ്രസിന്റെ കുഞ്ഞു കോശി പോള്‍ നേടിയത് 50,757 വോട്ടുകളും ബിജെപി നേടിയത് 22,674 വോട്ടുകളുമായിരുന്നു. ക്രൈസ്തവ സഭകളുടെ സാന്നിധ്യവും ഹൈന്ദവ സമുദായങ്ങളുടെ സ്വാധീനവുമുള്ള മണ്ഡലം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയാം.

- റാന്നി

റാന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം)ലെ പ്രമോദ് നാരായണ്‍ രണ്ടാം ജയത്തിനായി ഇറങ്ങുമ്പോള്‍, കെപിസിസി സെക്രട്ടറി പഴകുളം മധുവിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. സിപിഐഎം - ആര്‍എസ്എസ് ഡീല്‍ ആരോപിക്കപ്പെടുന്ന മറ്റൊരു മണ്ഡലമാണ് റാന്നി. ട്വന്റി 20 സ്ഥാനാര്‍ഥി തോമസ് കെ. സാമുവല്‍ ആണ് റാന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 96 മുതല്‍ ഇടതുപക്ഷത്തിനൊപ്പം മാത്രം നില്‍ക്കുന്ന മണ്ഡലത്തിൽ അന്നു മുതല്‍ 2016 വരെ അഞ്ച് തവണ രാജു എബ്രഹാം തന്നെയായിരുന്നു നിയമസഭയില്‍ എത്തിയത്. 2021ല്‍ പ്രമോദ് നാരായൺ ജയിച്ചത് വെറും 1,285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

- അടൂര്‍

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ മണ്ഡലത്തിൽ ഇത്തവണ ഇടതുപക്ഷത്തിനു വേണ്ടി പോരിനിറങ്ങുന്നത് സിപിഐയുടെ യുവ മുഖം പ്രിജി കണ്ണനാണ്. കോണ്‍ഗ്രസിന്റെ സി.വി. ശാന്തകുമാറും ബിജെപിയുടെ അഡ്വ. പന്തളം പ്രതാപനും ചേരുന്നതോടെ അടൂരിലും പോരാട്ടം കനക്കും. 2011 മുതല്‍ 2021 വരെ ചിറ്റയം ഗോപകുമാറിനൊപ്പം അടിയുറച്ചു നിന്ന അടൂര്‍ ഇത്തവണ പ്രിജിയെ പിന്തുണയ്ക്കുമോയെന്ന് കണ്ടറിയാം. 2021ല്‍ 2,919 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചിറ്റയം ഗോപകുമാർ മണ്ഡലത്തിൽ വിജയിച്ചത്. ജില്ലയിലെ ഏക സംവരണ സീറ്റായ അടൂര്‍ ഇക്കുറി ആർക്കൊപ്പം നിൽക്കുെമെന്ന് കണ്ടറിയാം.

ചുരുക്കത്തില്‍, എല്‍ഡിഎഫിന് പത്തനംതിട്ടയില്‍ തങ്ങളുടെ കോട്ട നിലനിര്‍ത്തേണ്ട പോരാട്ടമാണിത്. യുഡിഎഫിനാകട്ടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശം നിയമസഭയിലും ആവര്‍ത്തിക്കാന്‍ ഈ കോട്ട പൊളിച്ചേ മതിയാകൂ. പത്തനംതിട്ടയില്‍ ഒരു അക്കൗണ്ട് എന്ന മോഹവുമായാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. പത്തനംതിട്ടയിലെ കാറ്റ് ആര്‍ക്ക് അനുകൂലമാകും എന്നറിയാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കാം..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com