ആറ് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധത്തിന് അവസാനമിട്ട് ജി. സുധാകരന്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി അമ്പലപ്പുഴയെ മാറ്റിയത്. കമ്യൂണിസ്റ്റ് കോട്ടയായി വിലയിരുത്തപ്പെടുന്ന ആലപ്പുഴയിലെ ഉറച്ച സിപിഐഎം മണ്ഡലമാണ് അമ്പലപ്പുഴ. 1965ലാണ് മണ്ഡലം രൂപികൃതമായത്. 1967ലെ തെരഞ്ഞെടുപ്പ് മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ വെറും രണ്ട് തവണ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നത്. ഒരോ തവണ ആര്‍എസ്പിയും സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചതൊഴിച്ചാല്‍ ബാക്കി ഒമ്പത് തവണയും അമ്പലപ്പുഴ ചുവന്നു. 2006 മുതല്‍ ഇടതിനെ അത് കൈവിട്ടിട്ടുമില്ല.
1967ലും 1970ലും വി.എസ്. അച്യുതാനന്ദനാണ് അമ്പലപ്പുഴയില്‍ നിന്നും വിജയിച്ചത്. 1980ല്‍ പി.കെ. ചന്ദ്രാനന്ദന്‍, 1991ല്‍ സി.കെ. സദാശിവന്‍, 1996ല്‍ സുശീല ഗോപാലന്‍ എന്നിവരും ഇടത് എംഎല്‍എമാരായി നിയമസഭയിലെത്തി. 1987ലും 2001ലുമാണ് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് വിജയക്കൊടി ഉയര്‍ത്തിയത്. പിന്നീടങ്ങോട്ടുള്ള നാല് തെരഞ്ഞെടുപ്പിലും അമ്പലപ്പുഴ ഉറച്ച് നിന്നത് ഇടതിനൊപ്പമാണ്. 2006ലാണ് ആദ്യമായി ജി. സുധാകരന്‍ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 2011ലും 2016ലും തുടര്‍ച്ചയായി വിജയിച്ചു. 2006ല്‍ 50,040 വോട്ടുകളാണ് സുധാകരന് ലഭിച്ചതെങ്കില്‍ തൊട്ടടുത്ത ടേമില്‍ 63,728 വോട്ടുകള്‍ നേടിയാണ് സുധാകരന്‍ അമ്പലപ്പുഴയില്‍ വിജയിച്ചത്. ആദ്യ തവണ 11,929 വോട്ടുകളുടെ ഭൂരിപക്ഷം ഇണ്ടായിരുന്ന സുധാകരന്‍ 2011ല്‍ അത് 16580 ആയി ഉയര്‍ത്തി. 2016ലത് 22621 ആയി. 2006ലും 2016ലും വിവിധ വകുപ്പുകളില്‍ മന്ത്രിയായി പ്രവര്‍ത്തിച്ച സുധാകരന്‍ അഴിമതി തൊട്ടുതീണ്ടാത്ത, രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ്.
രാഷ്ട്രീയത്തിനപ്പുറം ജി. സുധാകരന് അമ്പലപ്പുഴയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ വ്യക്തി പ്രഭാവം വളരെ വലുതാണ്. രക്തസാക്ഷി കുടുംബത്തിലെ ഒരംഗം. സ്‌കൂള്‍ കാലഘട്ടം മുതല്‍ പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത പിടിച്ച കമ്മ്യൂണിസ്റ്റുകാരന്‍. 1967ല്‍ പഠനകാലത്ത് തന്നെ സിപിഐഎം അംഗം. 1970ല്‍ എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ്. 43 വര്‍ഷത്തിലേറെ സംസ്ഥാന കമ്മിറ്റി അംഗം. 2006 മുതല്‍ 2021വരെ ഇടത് എംഎല്‍എ, 2006ലും 2016ലും മന്ത്രി.
അങ്ങനെ കൊണ്ടും കൊടുത്തും ആലപ്പുഴയില്‍ തലയെടുപ്പോടെ വളര്‍ന്ന സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായായിരുന്ന ജി. സുധാകരന്‍ 63 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ജീവിതം അവസാനിപ്പിച്ചാണ് സ്വതന്ത്രനായി ഇക്കുറി മത്സരിക്കുന്നത്. സുധാകരന്റെ സ്ഥാനാര്‍ഥിത്വം വെല്ലുവിളി ആകില്ലെന്ന് പലകുറി ആവര്‍ത്തിച്ച് സിപിഐഎം പറഞ്ഞാലും അത് അങ്ങനെയാവില്ലെന്ന് വ്യക്തമാണ്. പാര്‍ട്ടി വിട്ടിട്ടും പാര്‍ട്ടിക്കെതിരെ സുധാകരന്‍ പറയാത്തതും, പിണങ്ങി പിരിഞ്ഞിട്ടും ജി. സുധാകരനെ തള്ളാതെയുള്ള മുതിര്‍ന്ന സിപിഐഎം നേതാക്കളുടെ ആദ്യ പ്രതികരണവും അതിന് തെളിവാണ്.
2021ലാണ് പാര്‍ട്ടിയും സുധാകരനും തമ്മിലുള്ള പിണക്കങ്ങളുടെ തുടക്കം. മൂന്ന് ടേം എംഎല്‍എ ആയ ജി. സുധാകരന് ഇളവ് നല്‍കേണ്ടന്നായിരുന്നു പാര്‍ട്ടി അന്നെടുത്ത നിലപാട്. പകരം എച്ച് സലാം അമ്പലപ്പുഴയില്‍ മത്സരിച്ചു വിജയിച്ചു. പക്ഷേ ഭൂരിപക്ഷം 11126ലേക്ക് താഴ്ന്നു. 2016ല്‍ 22,621 ഭൂരിപക്ഷമായിരുന്നു സുധാരന് ലഭിച്ചത്. എച്ച്. സലാമിന്റെ പ്രചാരണത്തില്‍ നിന്ന് ജി. സുധാകരന്‍ വിട്ടുനിന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റി രൂപികരിച്ച സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇതോടൊപ്പം ചേര്‍ത്ത് പരിശോധിക്കേണ്ട ഒന്നാണ് ഇക്കാലയളവിലെ കോണ്‍ഗ്രസിന്റെ വോട്ടുനില.
സുധാകരന്‍ മത്സരിച്ച 2016ലെ തെരഞ്ഞടുപ്പില്‍ 40,448 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന് എച്ച്. സലാം മത്സരത്തിനെത്തിയ 21ല്‍ 10000നടുത്ത് വോട്ടുകള്‍ കൂടി അത് 50,240 എന്ന സംഖ്യയിലെത്തിക്കാനായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞെങ്കിലും നിയമസഭയില്‍ അതാവര്‍ത്തിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെയാണ് സുധാകരന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിത്വം യുഡിഎഫിന് വലിയ അവസരമാകുന്നതും. സിപിഐഎം മുതിര്‍ന്ന നേതാക്കളിലൊരാള്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നത് തുടര്‍ഭരണം ആഗ്രഹിക്കുന്ന ഇടതുമുന്നണിക്ക് കനത്ത വെല്ലുവിളി തന്നെയാണ്. ഇടതു കോട്ടയായ അമ്പലപ്പുഴ യുഡിഎഫ് പിന്തുണയോടെ നേടാന്‍ 78കാരനായ ജി. സുധാകരനായാല്‍ മാറുക അമ്പലപ്പുഴയുടെ രാഷ്ട്രീയ ചിത്രം മാത്രമാകില്ലെന്ന് ഉറപ്പാണ്.