

1956 നവംബർ ഒന്ന് മുതൽ 1957 ഏപ്രിൽ 5 വരെ, 155 ദിവസം നീണ്ട രാഷ്‌ട്രപതി ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 1957 ഏപ്രിൽ അഞ്ചിന് ഇഎംഎസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായി. എന്നാല്‍ പലരും ധരിച്ചുവച്ചിട്ടുള്ളതുപോലെ, ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നില്ല അത്. ഏഷ്യയിൽ ആദ്യമായി കമ്യൂണിസ്‌റ്റ് പാർട്ടി അധികാരത്തിൽ വന്നത് കേരളത്തിലായിരുന്നു. ലോകത്ത് ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റത് 1953ല്‍ ദക്ഷിണ അമേരിക്കയിലെ ഗയാനയിലായിരുന്നു.
സാര്‍വത്രിക വോട്ടവകാശത്തോടെ ഗയാനയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജനായ ഛെഡ്ഢി ജഗന്റെ നേതൃത്വത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത്. 1953 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജഗന്‍ നേതൃത്വം കൊടുത്ത പീപ്പീള്‍സ് പ്രോഗ്രസീവ് പാര്‍ട്ടി 24ല്‍ 18 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. എന്നാല്‍ ജഗന്റെ സാമുഹിക, സാമ്പത്തിക പരിഷ്കാരങ്ങള്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സര്‍ക്കാരുമായി ഒത്തുപോകുന്നതായിരുന്നില്ല. കൊളോണിയല്‍ പ്രഭുക്കന്മാരെയും അത് പലതരത്തില്‍ അലോസരപ്പെടുത്തി.
ജഗൻ സോവിയറ്റ് യൂണിയന് ലാറ്റിന്‍ അമേരിക്കയിൽ താവളമൊരുക്കുകയാണെന്ന അനാവശ്യ ഭയവും ചര്‍ച്ചിലിനുണ്ടായിരുന്നു. മാര്‍ക്സിസ്റ്റ് വിപ്ലവ സാധ്യതയുടെ പേരുപറഞ്ഞ്, സൈന്യം ജഗനെ അധികാരത്തില്‍നിന്ന് നിഷ്കാസനം ചെയ്യുകയായിരുന്നു. ഒക്ടോബര്‍ ഒമ്പതിന് ബ്രിട്ടീഷ് ഗവർണർ സർ ആൽഫ്രഡ് സാവേജ് ഭരണഘടന താൽക്കാലികമായി റദ്ദാക്കുകയും, തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെ സ്ഥാനങ്ങളിൽനിന്ന് നീക്കുകയും ചെയ്തു. പകരം ഇടക്കാല സര്‍ക്കാരിനെ ഭരണ ചുമതല ഏല്‍പ്പിച്ചു.
1954 മുതല്‍ 57 വരെ ജോര്‍ജ് ടൗണിനു പുറത്തുപോകാന്‍ ജഗന് അനുമതിയുണ്ടായിരുന്നില്ല. ഒരുതരം വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. എന്നാല്‍, 1957ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മന്ത്രിയായ ജഗന്‍, 1961ല്‍ പ്രീമിയറായി. 1964ല്‍ പ്രതിപക്ഷത്തായിരുന്നു സ്ഥാനം. 28 വര്‍ഷം പ്രതിപക്ഷത്തിരുന്ന ജഗന്‍ 1992ലെ തെരഞ്ഞെടുപ്പില്‍ പിപിപി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോള്‍ പ്രസിഡന്റുമായി.