പെൺകരുത്തിൽ തകരുമോ കോട്ടകൾ? കേരളം ഉറ്റുനോക്കുന്ന വനിതാ പോരാട്ടങ്ങൾ

എണ്ണത്തിൽ വളരെ കുറവാണെങ്കിൽ കൂടിയും രാഷ്ട്രീയത്തിലെ പരിചയസമ്പന്നരും പുതുമുഖങ്ങളും ഒന്നിച്ചെത്തുന്നു എന്ന തരത്തിലും ഈ തെരഞ്ഞെടുപ്പിനെ അടയാളപ്പെടുത്താം
പെൺകരുത്തിൽ തകരുമോ കോട്ടകൾ? കേരളം ഉറ്റുനോക്കുന്ന വനിതാ പോരാട്ടങ്ങൾ
Published on
Updated on

വികസന നേട്ടങ്ങളും സാമൂഹിക പുരോ​ഗതിയും സർവ മേഖലകളിലെയും മുന്നേറ്റത്തെ പറ്റിയും വാ തോരാതെ സംസാരിക്കുന്നവരാണ് നമ്മൾ. വികസനത്തിന്റെ കാര്യത്തിലും സാമൂഹിക സൂചികകളിലും ലോകത്തിന് തന്നെ മാതൃകയാണ് കേരളം എന്നതിൽ തർക്കവുമില്ല. എന്നാൽ സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തിലെ പങ്ക് എന്ന ജനാധിപത്യത്തിന്റെ സുപ്രധാന സൂചികയിൽ ഇന്നും കേരളം വളരെ പിറകിലാണെന്ന് ഉറച്ചുതന്നെ പറയേണ്ടിവരും. മറ്റു സംസ്ഥാന നിയമസഭകളുമായി താരതമ്യപ്പെടുത്തുമ്പോൾ സാമൂഹ്യ വികസനസൂചികകളിൽ ഏറെ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ പോലും സ്ത്രീപ്രാതിനിധ്യത്തിൽ കേരളത്തേക്കാൾ വളരെ മുന്നിലാണ്.

കേരള ജനതയുടെയും സംസ്ഥാനത്തെ വോട്ടർമാരുടെയും 52 ശതമാനം വരുന്ന സ്ത്രീകൾക്ക് നിലവിലെ നിയമസഭയിലുള്ള പ്രാതിനിധ്യം എട്ടു ശതമാനം മാത്രമാണ്. 1957ലെ ആദ്യ നിയമസഭയിൽ ആറ് സ്ത്രീകളാണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് 2021ലേക്കെത്തുമ്പോൾ 11 പേരാണ് കേരള നിയമസഭയിലുള്ളത് (കാനത്തിൽ ജമീലയുടെ നിര്യാണത്തോടെ). ഇനി 33 ശതമാനം വനിതാ സംവരണം നടപ്പിലായാൽ കേരള നിയമസഭയിൽ കുറഞ്ഞത് 47 വനിതാ എംഎൽഎമാരാണ് ഉണ്ടാവേണ്ടത്. അത് ഇപ്പോഴുള്ള സ്ത്രീപ്രാതിനിധ്യത്തിൻ്റെ ഏതാണ്ട് നാലിരട്ടിയോളം വരും.

കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുമ്പോഴും മേൽപ്പറഞ്ഞ കാര്യങ്ങളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പ്രധാനപ്പെട്ട മൂന്ന് മുന്നണികളും അർഹമായ പരിഗണന സ്ത്രീകൾക്ക് നൽകിയിട്ടുണ്ടോ? എണ്ണത്തിൽ വളരെ കുറവാണെങ്കിൽ കൂടിയും രാഷ്ട്രീയത്തിലെ പരിചയസമ്പന്നരും പുതുമുഖങ്ങളും ഒന്നിച്ചെത്തുന്നു എന്ന തരത്തിലും ഈ തെരഞ്ഞെടുപ്പിനെ അടയാളപ്പെടുത്താം. ഇടതുപക്ഷത്തിന്റെ കോട്ട കാക്കാനും, യുഡിഎഫിന്റെ തിരിച്ചുവരവിനും, എൻഡിഎയുടെ സാന്നിധ്യം അറിയിക്കാനും അങ്കത്തിനെത്തുന്ന പ്രധാന വനിതാ സ്ഥാനാർഥികളെ അറിയാം.

പെൺകരുത്തിൽ തകരുമോ കോട്ടകൾ? കേരളം ഉറ്റുനോക്കുന്ന വനിതാ പോരാട്ടങ്ങൾ
അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങൾ ആരെ തുണയ്ക്കും?

സിപിഐഎമ്മിന്റെ കരുത്തുറ്റ മുഖങ്ങളിലൊരാളായ കെ.കെ. ശൈലജ തന്നെയാണ് അതിൽ ആദ്യത്തേത്. കഴിഞ്ഞ തെര‍ഞ്ഞെടുപ്പിൽ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പോലും ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ച ശൈലജ ഇക്കുറി ജനവിധി തേടുന്നത് പേരാവൂരിൽ നിന്നാണ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെതിരെ ശൈലജയിറങ്ങുമ്പോൾ തെരഞ്ഞെടുപ്പിൽ ​ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നുകൂടിയാവുകയാണ് പേരാവൂർ. മുൻ ആരോഗ്യ മന്ത്രി എന്ന നിലയിൽ കൈവരിച്ച നേട്ടങ്ങളും വ്യക്തി പ്രഭാവവും കെ.കെ. ശൈലജയ്ക്ക് മുതൽകൂട്ടാവുമെന്ന് തന്നെയാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടൽ.

വിവാദങ്ങളും വിമർശനങ്ങളും ഏറെ ഏറ്റുവാങ്ങിയ നിലവിലെ ആ​​രോ​ഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ നിന്നാണ് ഇക്കുറിയും മത്സരത്തിനെത്തുന്നത്. ടെലിവിഷൻ മാധ്യമപ്രവർത്തനം നിർത്തിയാണ് വീണാ ജോർജ് 2016ൽ ആദ്യമായി ആറന്മുളയിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 7000ലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അന്ന് വീണാ ജോർജ് സിപിഐഎം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2021ലും ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് വീണ രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സഭയിലെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആർ. ബിന്ദു ആദ്യമായി മത്സരരം​ഗത്തേക്ക് എത്തുന്നത്. ഇരിഞ്ഞാലക്കുടയിൽ നിന്നും മികച്ച വിജയം നേടിയ അവർക്ക് തന്റെ ആദ്യ നിയമസഭാ പോരിൽ തന്നെ സർക്കാരിലെ കരുത്തുറ്റ മുഖങ്ങളിലൊരാവാൻ കഴിഞ്ഞെന്നതും എടുത്തു പറയേണ്ട ഒന്നാണ്. വീണ്ടും ഇരിഞ്ഞാലക്കുടയിൽ നിന്നും തന്നെയാണ് അവർ മത്സരിക്കുന്നത്.

സിപിഐയുടെ കരുത്തുറ്റ നേതാവായ ചിഞ്ചുറാണി ഇക്കുറിയും ചടയമംഗലത്ത് നിന്ന് തന്നെയാണ് തുടർഭരണത്തിനായി മത്സരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ മത്സരമായിരുന്നു 2021ൽ ചിഞ്ചുറാണിയുടേതും. കോൺഗ്രസിന്റെ എം.എം. നസീറിനെ 13,000 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ചിഞ്ചുറാണി പരാജയപ്പെടുത്തിയത്.

സിനിമാ പിന്നണി ഗായിക എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയാണ് ദലീമ ജോജോ. കഴിഞ്ഞ തവണയാണ് ആദ്യമായി ദലീമ നിയമസഭയിലേക്ക് മത്സരിക്കുന്നത്. എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ച പാരമ്പര്യവും ദലീമയ്ക്കുണ്ട്. ഇക്കുറിയും അരൂരിൽ നിന്നുതന്നെയാണ് ദലീമ ജനവിധി തേടുന്നത്.

പെൺകരുത്തിൽ തകരുമോ കോട്ടകൾ? കേരളം ഉറ്റുനോക്കുന്ന വനിതാ പോരാട്ടങ്ങൾ
Poll Lab | മുസ്ലീം ലീഗിന്റെ കോട്ട; രണ്ട് പതിറ്റാണ്ടായി ഇടതിനൊപ്പം; ഗുരുവായൂരിന്റെ രാഷ്ട്രീയം

ചരിത്രത്തിലാദ്യമായി ആർഎംപിയ്ക്ക് വടകരയിൽ നിന്ന് ഒരു എംഎൽഎയുണ്ടാകുന്നത് കെ.കെ. രമയിലൂടെയാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മനയത്ത് ചന്ദ്രനെ 7491 വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ വടകരയുടെ ചരിത്രത്തിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള വിജയം കൂടിയായിരുന്നു അത്. നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിരെയും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും ശക്തമായ ശബ്ദമുയർത്തുന്ന, ആർഎംപിയുടെ കരുത്തുറ്റ നേതാവായ കെ.കെ. രമ ഇത്തവണയും യുഡിഎഫ് പിന്തുണയോടെ വടകരയിൽ നിന്നുതന്നെയാണ് ജനവിധി തേടുന്നത്.

കേരളം ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ കേരള രാഷ്ട്രീയത്തിൽ സജീവമായ കോൺ​ഗ്രസിന്റെ കരുത്തുറ്റ നേതാവാണ് ഉമാ തോമസ്. പി.ടി. തോമസിന്റെ വിയോഗത്തിന് പിന്നാലെ 2022ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഉമാ തോമസ് വിജയിച്ചത്. നിലവിൽ സിറ്റിങ് എംഎൽഎയായ ഉമാ തോമസ് ഈ തെരഞ്ഞെടുപ്പിലും തൃക്കാക്കരയിൽ നിന്നാണ് ജനവിധി തേടുന്നത്.

പെൺകരുത്തിൽ തകരുമോ കോട്ടകൾ? കേരളം ഉറ്റുനോക്കുന്ന വനിതാ പോരാട്ടങ്ങൾ
"പാർട്ടിയും മുന്നണിയും ഒറ്റക്കെട്ട്, യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുക എന്ന ദൗത്യം ഞങ്ങള്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും"; രമേശ് ചെന്നിത്തല

മുൻ ആലത്തൂർ എംപി കൂടിയായ രമ്യ ഹരിദാസ് ചിറയിൻകീഴിൽ നിന്നാണ് യുഡിഎഫിനെ അധികാരത്തിലെത്തിക്കാനായി ഇത്തവണ മത്സരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കോട്ടയായ ആലത്തൂരിൽ നിന്ന് റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച രമ്യ കേരളത്തിൽ നിന്നും പാർലമെന്റിലെത്തിയ രണ്ടാമത്തെ ദളിത് വനിതാ എംപി കൂടിയായിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും സിപിഐഎം സ്ഥാനാർഥി കെ. രാധാകൃഷ്ണനോട് പരാജയപ്പെടുകയായിരുന്നു.

മുസ്ലീം ലീഗിന്റെ യുവശബ്ദമായ ഫാത്തിമ തഹ്ലിയ പേരാമ്പ്രയിൽ നിന്നാണ് തന്റെ കന്നിപ്പോരിനിറങ്ങുന്നത്. എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റും ഹരിതയുടെ സ്ഥാപക നേതാക്കളിലൊരാളുമായ ഫാത്തിമ തഹ്ലിയ നിലവിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറാണ്. അതേസമയം മുസ്ലീം ലീഗ് തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ രണ്ട് വനിതകളെ മത്സരിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

കോൺഗ്രസിന്റെ സമുന്നതയായ വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ അരൂർ തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഇത്തവണ വീണ്ടും മത്സരത്തിനിറങ്ങുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ദലീമ ജോജോയോട് നേരിയ വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ പരാജയപ്പെടുന്നത്. എന്നാൽ 2019ലെ ഉപതെരഞ്ഞെടുപ്പിൽ അരൂർ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത ഷാനിമോളുടെ ചരിത്രം തന്നെയാണ് അവരെ വീണ്ടും കളത്തിലിറക്കാനുള്ള കോൺ​ഗ്രസിന്റെ ധൈര്യം.

പെൺകരുത്തിൽ തകരുമോ കോട്ടകൾ? കേരളം ഉറ്റുനോക്കുന്ന വനിതാ പോരാട്ടങ്ങൾ
Poll Lab | ഒരൊറ്റ മണ്ഡലത്തില്‍ 1033 സ്ഥാനാര്‍ഥികള്‍; ബാലറ്റ് ബുക്ക്, ഭീമന്‍ പെട്ടികള്‍; ഇതും തെരഞ്ഞെടുപ്പ് ചരിത്രം

ഇത്തവത്തെ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പേരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പാലക്കാട് ബിജെപിയുടെ ആത്മവിശ്വാസത്തിന്റെ മുഖമാകുന്നത് ശോഭാ സുരേന്ദ്രാണ്. യുഡിഎഫിന്റെ രമേഷ് പിഷാരടിയോടും എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ. റസാക്കിനോടുമാണ് ശോഭ ഇക്കുറി മത്സരിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച ശോഭാ സുരേന്ദ്രൻ 40000ത്തിലധികം വോട്ടുകൾ നേടി ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ചിരുന്നു. ഈ ചരിത്രമാണ് ശോഭയെ വീണ്ടും ഇറക്കാൻ ബിജെപിക്ക് കരുത്തേകുന്നത്.

ബിജെപി സംസ്ഥാനത്ത് വലിയ വിജയപ്രതീക്ഷ പുലർത്തുന്ന 'എ പ്ലസ്' മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് നോർത്ത്. അതുകൊണ്ട് തന്നെയാണ് പാർട്ടിയുടെ കരുത്തുറ്റ സാന്നിധ്യമായ നവ്യ ഹരിദാസിനെ അവർ കളത്തിലിറക്കിയതും. . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ മത്സരിച്ച നവ്യക്ക് മണ്ഡലത്തിൽ വലിയ രീതിയിൽ പാർട്ടി വോട്ട് വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 2024ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ എൻഡിഎ സ്ഥാനാർഥിയായും മത്സരിച്ച നവ്യ നിലവിൽ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷ കൂടിയാണ്.

ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യുഡിഎഫും, കരുത്ത് തെളിയിക്കാൻ എൻഡിഎയും ഒരുങ്ങുമ്പോൾ നിയമസഭയിലേക്കുള്ള ഈ പെൺവഴികൾ ആരെ തുണയ്ക്കും എന്ന് കാത്തിരുന്ന് കാണാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com