

കൊൽക്കത്ത: ബംഗാളിലെ ഭക്ഷണരീതികളെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം നിലനിൽക്കെ മാംസാഹാരം പ്രസാദമായി അർപ്പിക്കുന്ന തന്തോനിയ കാളിബാരിക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തി. ഏപ്രിൽ 29ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന നഗരത്തിൽ റോഡ് ഷോയ്ക്ക് ഇറങ്ങുന്നതിന് മുൻപാണ് ഞായറാഴ്ച മോദി ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്.
300 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കാളി ദേവിയെ മാ സിദ്ധേശ്വരി ആയാണ് ആരാധിക്കുന്നത്. ഇന്ത്യയിൽ മാംസാഹാരം നൽകുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ആചാരത്തിന് പിന്നിൽ ശ്രീരാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രമുണ്ട്. ബ്രഹ്മാനന്ദ കേശവ് ചന്ദ്ര സെന്നിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതിനിടെ ശ്രീരാമകൃഷ്ണൻ മാ സിദ്ധേശ്വരിക്ക് 'ദാബ്-ചിംഗ്‌രി' സമർപ്പിച്ചതായാണ് വിശ്വാസം. അന്നു മുതൽ ഈ ആചാരം തുടരുന്നു.
നോൺ-വെജ് ഭക്ഷണരീതികളെ ചൊല്ലി പശ്ചിമബംഗാളിൽ രാഷ്ട്രീയ തർക്കം, കൊടുമ്പിരിക്കൊള്ളുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. അധികാരത്തിലെത്തിയാൽ ബിജെപി സംസ്ഥാനത്തിൻ്റെ ഭക്ഷ്യ സംസ്കാരത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.
ബിഹാർ, ഗുജറാത്ത് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്സവസമയത്ത് മാംസ-മത്സ്യ വിൽപ്പനയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ നേതാക്കൾ ഈ ആക്ഷേപമുന്നയിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ ബിജെപി തള്ളി. നോൺ-വെജ് ഭക്ഷണം നിരോധിക്കാൻ പദ്ധതിയില്ലെന്നും ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ മാനിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു.
ബിജെപി നേതാവ് തെംജൻ ഇംന അലോംഗ് താൻ മാംസം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മമത ബാനർജിക്ക് മറുപടി നൽകിയത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള നേതാക്കളും പ്രചാരണത്തിനിടെ മീൻ കൂട്ടി ഊണ് കഴിച്ച് ആരോപണങ്ങൾക്കുള്ള മറുപടി കൊടുത്തിരുന്നു.