

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ അനായാസ വിജയത്തോടൊപ്പം യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി നേടിയത് റെക്കോർഡ് ഭൂരിപക്ഷമാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം എന്ന റെക്കോർഡ് ഇനി മലപ്പുറത്തിൻ്റെ 'കുഞ്ഞാപ്പ'യ്ക്ക് സ്വന്തമാകും. 2021ൽ മട്ടന്നൂരിൽ കെ.കെ. ശൈലജ സ്വന്തമാക്കിയിരുന്ന 60,963 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന റെക്കോർഡാണ് കുഞ്ഞാലിക്കുട്ടി ഇതോടെ മറികടന്നത്.
25 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കുഞ്ഞാലിക്കുട്ടി നേടിയത് 85,327 വോട്ടിൻ്റെ ഭൂരിപക്ഷമാണ്. 1,31,632 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി നേടിയത്. 46,305 വോട്ടുകളോടെ എൻസിപി സ്ഥാനാർഥി കെ.ടി. മുജീബ് റഹ്മാനാണ് രണ്ടാമത്. ബിജെപി സ്ഥാനാർഥി അശ്വതി ഗുപ്തകുമാറിന് നേടാനായത് 9127 വോട്ടുകളാണ്.
1957ല്‍ മലപ്പുറം മണ്ഡലം രൂപീകൃതമായതില്‍ പിന്നെ മണ്ഡലം വലത് കോട്ടയാണ്, പ്രത്യേകിച്ച് മുസ്ലീം ലീഗിന്‍റെ. 2011 മുതല്‍ തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ലീഗിലെ പി. ഉബൈദുള്ള ജയിച്ചു പോരുന്ന മണ്ഡലം കൂടിയാണ് മലപ്പുറം. ഇത്തവണ ഉബൈദുള്ള മാറി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുകയായിരുന്നു.
1982ലും 87ലും മലപ്പുറത്ത് നിന്ന് മത്സരിച്ച് വിജയിച്ച മുന്‍പരിചയം കുഞ്ഞാലിക്കുട്ടിക്കുണ്ട്. 1991ലും 96ലും 2001ലും കുറ്റിപ്പുറത്തും 2011ലും 16ലും 21ലും വേങ്ങരയിലും വിജയകിരീടം ചൂടിയ കുഞ്ഞാലിക്കുട്ടിയെ ആകെ അട്ടിമറിച്ചത് 2006ല്‍ കുറ്റിപ്പുറത്ത് കെ.ടി. ജലീൽ മാത്രമാണ്. നേരത്തെ മൂന്ന് യുഡിഎഫ് മന്ത്രിസഭകളില്‍ മന്ത്രി പദം അലങ്കരിച്ചിട്ടുള്ള കുഞ്ഞാലിക്കുട്ടി ഇക്കുറി ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടേക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.