ചെന്നൈ: തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. റോഡ് ഷോയ്ക്കിടെ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതോടെ പൊലീസിനെ ഇപ്പോഴും നിയന്ത്രിക്കുന്നത് എം.കെ. സ്റ്റാലിൻ തന്നെയെന്ന വിമർശനവുമായി ടിവികെ രംഗത്തുവന്നു.
പെരമ്പൂരിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം കൊളത്തൂരിലേക്കുള്ള യാത്രക്കിടെ നടത്തിയ റോഡ് ഷോയെ ചൊല്ലിയാണ് പുതിയ വിവാദം . യാത്രയിൽ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടന്നുവെന്നാണ് കണ്ടെത്തൽ. ഫ്ലയിങ് സ്‌ക്വാഡ് ഓഫീസർ നൽകിയ പരാതിയിൽ പെരവല്ലൂർ പൊലീസാണ് വിജയക്കെതിരെ കേസെടുത്തത്.
പൊതുവഴി തടഞ്ഞു, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി, നിയമവിരുദ്ധമായി സംഘടിച്ചു തുടങ്ങി അഞ്ചുവകുപ്പുകളാണ് ചുമത്തായിരിക്കുന്നത്. മുപ്പതു ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചതും അയ്യായിരത്തിലധികം ആളുകൾ സംഘടിച്ചതും അനുവദിച്ചതിലും അധികമാണ്. കൂടാതെ ആംബുലൻസിനു വഴിമുടക്കിയെന്നും ഗതാഗതം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
അതേസമയം കേസിൽ ഡിഎംകെയുമായി പുതിയ പോർമുഖം തുറക്കുകയാണ് ടിവികെ. തെരെഞ്ഞെടുപ്പ് കാലത്തും പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്നാണ് ആരോപണം. വിജയ് യുടെ പ്രചാരണത്തിന് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു ടിവികെ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്.