

ആലപ്പുഴ: കായംകുളം എംഎൽഎ യു. പ്രതിഭയെ അധിക്ഷേപിച്ച കേസിൽ പ്രതിയായ എ. ഇർഷാദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇർഷാദിനെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. യു. പ്രതിഭ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കായംകുളം പൊലീസ് കേസെടുത്തത്. ബിഎൻഎസ് 79 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ, 120(0) കെപി ആക്ട് പ്രകാരം നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67ഉം ചുമത്തിയിട്ടുണ്ട്.
എ. ഇർഷാദ് പ്രഥമദൃഷ്ട്യാ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനാൽ കേസെടുക്കാമെന്ന് പൊലീസിനോട് ആലപ്പുഴ ജില്ലാ കളക്ടറും നിർദേശിച്ചിരുന്നു. സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് കളക്ടർ നിർദേശം നൽകിയത്.
വാർത്താക്കുറിപ്പിലൂടെയായിരുന്നു കളക്ടറുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആൻ്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിക്കണമെന്നും മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറണമെന്നും നിർദേശവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയായ പ്രതിഭയ്ക്കെതിരെ എ. ഇർഷാദ് അധിക്ഷേപ പരാമർശം നടത്തിയത്. പിന്നാലെ എ. ഇർഷാദിനെ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം സസ്‌പെന്റ് ചെയ്തിരുന്നു. നേരത്തെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടർന്നാണ് യുഡിഎഫിന്റെ ഈ അടിയന്തര നടപടി. ഇർഷാദിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ അപലപിക്കുകയും ചെയ്തിരുന്നു.