UTOPIA | തെരഞ്ഞെടുപ്പുകാല സംവാദവും, ചിരകാല ഊളത്തരവും

മറ്റൊരു കൂട്ടം സ്ഥാനാര്‍ഥികളുണ്ട്. ഏതോ ശാഖയിലേക്കുള്ള തെരഞ്ഞെടുപ്പ് പോലെയാണ് അവിടെ കാര്യങ്ങള്‍.
UTOPIA | തെരഞ്ഞെടുപ്പുകാല സംവാദവും, ചിരകാല ഊളത്തരവും
Published on
Updated on

ഇന്നല്ലേല്‍ നാളെ വരും... നാളെയല്ലെങ്കിൽ മറ്റന്നാൾ വരും എന്ന് കാത്തു കാത്തിരുന്ന സംവാദം, ഇതുവരെ നടക്കാത്തതിലുള്ള ആത്മരോഷത്തോടെ ഉട്ടോപ്യ ആരംഭിക്കട്ടെ. എല്ലാവര്‍ക്കും സ്വാഗതം.

എന്തുകൊണ്ട്... എന്തുകൊണ്ട്... എന്തുകൊണ്ട് എന്ന് ഇപ്പോഴും കാരണം തിരക്കുന്നവരോട് ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തുടങ്ങാം. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ഭാവി മുഖ്യമന്ത്രിയോ കാനനവാസനോ ആകാന്‍ തയ്യാറെടുത്തിരിക്കുന്ന നേതാവിന്റെ വെല്ലുവിളി. മുഖ്യമന്ത്രി എന്ത് പറഞ്ഞാലും പൊളിച്ചടുക്കി, കൈയില്‍ കൊടുക്കാം എന്നതായിരുന്നു ആ ആത്മവിശ്വാസം. ചാള്‍സ് ശോഭരാജില്‍ മാത്രം കണ്ടിട്ടുള്ള ഈ ധൈര്യം എങ്ങനെ വന്നു എന്ന് ചോദിക്കുന്നവര്‍ക്ക് ഉറപ്പായും ദൃഷ്ടാന്തമുണ്ട്. "എനിക്ക് അറിയാത്ത കാര്യം ഞാന്‍ പറയില്ല" -എന്നായിരുന്നു നേതാവിന്റെ വാക്ക്.

ഇത് ഉറപ്പിക്കാമോ നേതാവേ... പിന്നെ മാറ്റി പറയരുത്. നിങ്ങള്‍ക്ക് വേറെ പണിയില്ലേ... എന്നൊന്നും ചോദിക്കരുത്. അങ്ങനെയൊരു ചീത്തപ്പേര് അങ്ങേയ്ക്കുള്ളതുകൊണ്ടാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്. അതിനും മറുപടിയെത്തി, "എല്ലാ വിഷയത്തിനും മറുപടി ഉണ്ട്. യുക്തിഭദ്രമാണ്. മാത്രമല്ല, ഡാറ്റയും കൈയിലുണ്ട്". യുക്തിഭദമ്രായ ഡാറ്റയെ പറ്റി പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. വേറൊന്നുമല്ല, വയനാട്ടില്‍ വീടു പണി തുടങ്ങിയെന്നും നിങ്ങള്‍ പരിശോധിച്ചോളൂ എന്നും പറയുന്ന ആ കാര്യം. അതൊന്നു കൂടി കേട്ടു. കൊള്ളാം.. ഇങ്ങനെ വേണം നേതാക്കളായാല്‍. വീട് പണിയുമെന്ന് പറഞ്ഞാല്‍ പണിതിരിക്കും..

ആ വീടൊക്കെ ഒന്ന് കണ്ടുനോക്കാമെന്ന് കരുതി. എന്ത് പറയാന്‍... രാഹുലും പ്രിയങ്കയും നേതാക്കളായ നേതാക്കളുമൊക്കെ ചേര്‍ന്നിട്ട കല്ല് പോലും കാണാനില്ല. പിന്നെയല്ലേ വീട്. എന്താ ശരിക്കും സംഭവിച്ചത് നേതാവേ എന്ന് വീണ്ടും ചോദിച്ചാല്‍... കുറച്ച് പൈസ കൂടി വേണം, എഐസിസി ഫണ്ട് തരും, രാഹുല്‍ ഗാന്ധി തരും... എല്ലാം തീര്‍ത്ത് പ്രോജക്ട് നാട്ടാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും എന്നൊക്കെ പറയുന്നതല്ലാതെ, കാര്യങ്ങള്‍ ഒന്നും മുന്നോട്ടുപോകുന്നില്ല എന്നാണ് ഉട്ടോപ്യക്ക് ബോധ്യപ്പെട്ടത്.

UTOPIA | തെരഞ്ഞെടുപ്പുകാല സംവാദവും, ചിരകാല ഊളത്തരവും
UTOPIA | കെ.സി. എന്ന ആശ്രിതവത്സലന്‍... ഇങ്ങനെയാണേല്‍ ലിജു ഇനിയും കരയേണ്ടിവരും

അപ്പോള്‍ ഇതൊക്കെയാണ് അങ്ങ് പറഞ്ഞ ഈ യുക്തിഭദ്രമായ ഡാറ്റയുടെ ഒരു സാംപിള്‍. ഇതും വെച്ചുകൊണ്ടായിരുന്നോ ഇക്കണ്ട വെല്ലുവിളി. സത്യം പറയാല്ലോ, ഇത്തരം യുക്തിഭദ്രവും സത്യസന്ധവുമായ ഡാറ്റയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മുഖ്യമന്ത്രിക്കെന്നല്ല, പടച്ച തമ്പുരാനുപോലും പറ്റില്ല. ആരായാലും നിങ്ങള്‍ടെ തലവെട്ടം കണ്ടാല്‍ ഓടിയൊളിക്കും. അപ്പോള്‍ പിന്നെ, കീലേരി അച്ചു ആകുന്നതില്‍ തെറ്റൊന്നുമില്ല. സംവാദം നടക്കരുതേ എന്നാണ് ഉട്ടോപ്യയുടെ ഇപ്പോഴത്തെ ആഗ്രഹം. നേതാവേ... നിങ്ങളിത് തുടരണം. നിങ്ങളെക്കൊണ്ടേ ഇത് പറ്റൂ.

ഇനി മറ്റൊരു കൂട്ടം സ്ഥാനാര്‍ഥികളെ കുറിച്ച് പറയാം. ഏതോ ശാഖയിലേക്കുള്ള തെരഞ്ഞെടുപ്പ് പോലെയാണ് അവിടെ കാര്യങ്ങള്‍. കൊടുങ്ങല്ലൂരില്‍ ചുവരെഴുതി കാത്തിരുന്നപ്പോഴാണ്, ഗുരുവായൂര്‍ക്ക് വണ്ടി വിട്ടോളാന്‍ നിര്‍ദേശം കിട്ടിയത്. കിട്ടിയ തക്കത്തിന് കൊടുങ്ങല്ലൂരമ്മയെയും, ഗുരുവായൂരപ്പനെയും ചേര്‍ത്തൊരു നിയോഗ കഥയെഴുതി അയാള്‍ അവിടെയെത്തി. കഴിഞ്ഞ 50 വര്‍ഷമായി എന്തുകൊണ്ട് ഒരു ഹിന്ദു എംഎല്‍എ ഇവിടെ ഇല്ല എന്നയാള്‍ പരിവേദനം കൊണ്ടു. അത് കൊണ്ടരിശം തീരാതെ, ഇതുവരെയുള്ള എംഎൽഎമാരുടെ പേരുകൾ എഴുതി പ്രദര്‍ശിപ്പിച്ചു. ഒരു മാറ്റത്തിനായി അതിന്റെ നടുക്ക് സ്വന്തം ഫിഗര്‍ ചേര്‍ത്തു. മുണ്ടു മടക്കി കുത്തി, കൈയില്‍ ചായ ഗ്ലാസുമായി അയാള്‍ അങ്ങനെ നില്‍ക്കുകയാണ് സുഹൃത്തുക്കളേ... നില്‍ക്കുകയാണ്.

സര്‍വസജ്ജയായാണ് പത്മജ ചേച്ചി തൃശൂരിലെത്തിയത്. ആരാണ് എതിരാണെന്ന് നോക്കാതെ തൃശൂരിന് സ്നേഹം വാരിക്കോരി കൊടുത്ത് തിരികെ മേടിക്കാന്‍ വേണ്ടിയാണ് എത്തിയത്. സ്നേഹമാണ് അഖിലസാരമൂഴിയില്‍ എന്ന് പേച്ചിയ ചേച്ചിയോട് ഒരാളും ഒരു നെഗറ്റീവ് പറഞ്ഞിട്ടില്ല. അതുകൊണ്ടാകണം ചേച്ചി കുറച്ച് നെഗറ്റീവ് വാരിവിതറാമെന്ന് കരുതിയത്. മേയറുടെയും സ്ഥാനാര്‍ഥിയുടെയുമൊക്കെ മതമാണ് പത്മേച്ചി ഇപ്പോള്‍ തിരക്കുന്നത്. മത സ്പര്‍ധ ഉണ്ടാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഒരു തരം വാശിയിലാണ് ചേച്ചി. ഹോ...ടെറര്‍...

UTOPIA | തെരഞ്ഞെടുപ്പുകാല സംവാദവും, ചിരകാല ഊളത്തരവും
UTOPIA | ഹൈക്കമാന്‍ഡ് പോലും കണ്ണുമിഴിച്ച വിസ്മയക്കാഴ്ചകള്‍; എന്‍ഡിഎയില്‍ ട്വന്റി20 വക ബിഗ് ബോസ്

ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടു നടക്കുന്ന ബിജെപിയുടെ മാന്യതയെക്കുറിച്ചാണ് പൂഞ്ഞാറിലൊരാള്‍ ട്യൂഷനെടുത്തത്. ബിജെപി എന്ന് കേട്ടാൽ ഹാൽ ഇളകുന്ന പിതാക്കന്മാര്‍ക്കൊന്നും തലയ്ക്ക് സ്ഥിരതയില്ലെന്നും, എന്ത് ഊളത്തരവും വിളിച്ച് പറയുന്നവരും ആണെന്നാണ് ടിയാന്റെ മാന്യമായ അഭിപ്രായം. ഏതാനും നാളുകളായി മുസ്ലീങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെല്ലാം ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിച്ച ശേഷമാണ് ഈ ഉറഞ്ഞുതുള്ളല്‍. ഇതിപ്പോ ആരുടെ തലയ്ക്കാണ് സ്ഥിരതയില്ലാത്തതെന്നും, ആരാണ് ഊളത്തരം പറയുന്നതെന്നും പ്രത്യേകം പറയേണ്ടല്ലോ. അപ്പന്‍ ഇത്രയൊക്കെ പറഞ്ഞപ്പോള്‍, ഈ രക്തത്തില്‍ എനിക്ക് പങ്കില്ലെന്ന് മകന്‍ പീലാത്തോസായി. പാവം മകന്‍.... എട്ടുനിലയില്‍ പൊട്ടും. പിന്നെന്തിനാ ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന് മകന് തോന്നിയാല്‍ തെറ്റ് പറയാനൊക്കില്ല.

കുറച്ചുകൂടി എന്തൊക്കെയോ പറയാനുണ്ടായിരുന്നു. പക്ഷേ, മാന്യതയെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിന് സമയം ആയതുകൊണ്ട് തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്തവരും ഊളത്തരം പറയുന്നവരും ഉള്ളിടത്തോളം, നമുക്കിത്തരം യുക്തിഭദ്രമായ ഡാറ്റ വച്ചുള്ള കളി തുടരാം എന്നതു മാത്രമാണ് ഉട്ടോപ്യയുടെ പ്രതീക്ഷ. നന്ദി. നമസ്കാരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com