

കൊൽക്കത്ത: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൻ്റെ പേരിൽ പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒറ്റയടിക്ക് ഇല്ലാതായത് 91 ലക്ഷം വോട്ടർമാരാണ്. ഇതിന് പിന്നാലെ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഭരണത്തിന് കീഴിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ, 15 വർഷത്തിന് ശേഷം അധികാരത്തിൽ നിന്ന് താഴെ ഇറക്കിയിരിക്കുകയാണ് ബിജെപി.
മരിച്ച വോട്ടർമാരുടേയും ഇരട്ട വോട്ടുകളും ഒഴിവാക്കുകയെന്ന പേരിലാണ് കേന്ദ്ര സർക്കാർ എസ്ഐആർ രാജ്യവ്യാപകമായി നടപ്പാക്കിയത്. എന്നാൽ ബിജെപി എസ്ഐആർ നടപ്പാക്കിയത് തികഞ്ഞ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയും ദുഷ്ടലാക്കോടെയും ആണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടതോടെ എസ്ഐആറിനെ പഴിക്കുകയാണ് അവർ.
എസ്ഐആർ നടപ്പിലാക്കിയതോടെ ബംഗാളിലെ 147 നിയോജക മണ്ഡലങ്ങളിൽ ഓരോന്നിലും കാൽ ലക്ഷത്തോളം വോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്. ഇവിടെയെല്ലാം ബിജെപി വൻ വിജയം ഉറപ്പാക്കിയെന്നാണ് തൃണമൂൽ കോൺഗ്രസ് കണക്കുകൾ നിരത്തുന്നത്. ഈ 147 സീറ്റുകളിൽ 95 ഇടത്തും ബിജെപിയാണ് വിജയിച്ചത്, 51 ഇടത്ത് മാത്രമാണ് തൃണമൂൽ കോൺഗ്രസിന് ജയിക്കാനായത്. കോൺഗ്രസിനാകട്ടെ ഈ സീറ്റുകളിൽ ഒരിടത്ത് മാത്രമെ ജയിക്കാനായുള്ളൂ.
ബംഗാളിൽ വോട്ടർ പട്ടിക പരിഷ്കരിക്കപ്പെട്ട 67 മണ്ഡലങ്ങളിൽ 15000ത്തിനും 25000ത്തിനും ഇടയിൽ വോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്. ഈ മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ 47 ഇടത്ത് ബിജെപിയും 19 ഇടത്ത് തൃണമൂൽ കോൺഗ്രസും ഒരിടത്ത് കോൺഗ്രസും വിജയിച്ചു.
സംസ്ഥാനത്ത് 5000ത്തിനും 15000ത്തിനും ഇടയിൽ വോട്ടുകൾ റദ്ദാക്കപ്പെട്ട 62 മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചത് 50 സീറ്റുകളിലാണ്. 12 ഇടത്ത് മാത്രമാണ് തൃണമൂൽ കോൺഗ്രസ് ജയിച്ചത്. എസ്ഐആറിലൂടെ 5000ത്തിൽ താഴെ വോട്ടർമാരെ ഒഴിവാക്കിയ 13 മണ്ഡലങ്ങളിൽ എല്ലായിടത്തും ബിജെപി തന്നെയാണ് വിജയിച്ചതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
എസ്ഐആറിലൂടെ വോട്ടർമാരെ വെട്ടിക്കുറച്ച ഘട്ടത്തിൽ ബംഗാളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വോട്ടവകാശം നഷ്ടമായത് മുർഷിദാബാദ് ജില്ലയിലാണ്. ഇവിടെ മാത്രം 4.55 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കി. നോർത്ത് 24 പർഗനാസ് (3,25,666), മാൽഡ (2,39,375) എന്നിവയാണ് പിന്നീട് ഏറ്റവും കൂടുതൽ വോട്ടർമാരെ വെട്ടിക്കുറച്ച ജില്ലകൾ. 2021ൽ മുർഷിദാബാദ് ജില്ലയിലെ 22 സീറ്റുകളിൽ 20 ഇടത്തും തൃണമൂൽ കോൺഗ്രസാണ് ജയിച്ചിരുന്നത്. എന്നാൽ 2026 ആയപ്പോൾ അത് വെറും ഒൻപത് സീറ്റുകളിലേക്ക് ചുരുങ്ങി. ഇത് ന്യൂനപക്ഷ വോട്ടുകളിലെ വിഭജനവും, ബിജെപിക്ക് അനുകൂലമായി ഹിന്ദു വോട്ടുകളുടെ ഏകീകരണവുമാണ് സൂചിപ്പിക്കുന്നത്.
നോർത്ത് 24 പർഗാനാസിലും സമാനമായ പ്രവണത കാണാനായി. 2021ൽ ഈ ജില്ലയിലെ 33 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് 28 ഇടത്തും വിജയിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ അത് വെറും എട്ട് സീറ്റായി കുറഞ്ഞു. അതേസമയം, മാൾഡയിലെ 12 സീറ്റുകളിൽ ടിഎംസിയുടെ വിഹിതം 2021ലെ എട്ട് സീറ്റുകളിൽ നിന്ന് ഇത്തവണ ആറായി കുറഞ്ഞു. ബാക്കിയുള്ള രണ്ടെണ്ണം ബിജെപി നേടി.
ബംഗ്ലാദേശുമായി 2,200 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ എസ്‌ഐആർ നടപടികൾ വലിയ തർക്കവിഷയമായിരുന്നു. പശ്ചിമ ബംഗാളിൽ മാത്രം 91 ലക്ഷം വോട്ടർമാർ അയോഗ്യരാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ നവംബറിൽ എസ്‌ഐആർ പ്രക്രിയയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് പശ്ചിമ ബംഗാളിളെ ആകെ വോട്ടർമാരുടെ എണ്ണം 7.66 കോടിയിലധികമായിരുന്നു. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 58.20 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.
പിന്നീട് ഫെബ്രുവരി 28ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണം 63.66 ലക്ഷമായി ഉയർന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരിയിൽ 60.06 ലക്ഷത്തിലധികം കേസുകൾ ജുഡീഷ്യൽ വിധിന്യായത്തിനായി റഫർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിൽ നിന്ന് 27,16,393 വോട്ടർമാരെ ഒഴിവാക്കാവുന്നവർ ആണെന്ന് കണ്ടെത്തി. പി പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയ വോട്ടർമാരുടെ ആകെ എണ്ണം 90,83,345 ആയി ഉയർന്നു.