തൃശൂർ: മണലൂർ മണ്ഡലത്തിലും വോട്ടിനായി ബിജെപിയുടെ കിറ്റ് വിതരണം. വിതരണത്തിനായി തയ്യാറാക്കിയ 1500ലധികം കിറ്റുകളാണ് കണ്ടെത്തിയത്. വാടാനപ്പിളി സെൻ്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിലാണ് കിറ്റ് തയ്യാറാക്കി വച്ചിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സ്ഥലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ബിജെപി നേതാവിൻ്റെ നിർദേശ പ്രകാരം കിറ്റുകൾ വിതരണം ചെയ്തിരുന്നു. കിറ്റുകൾ തയ്യാറാക്കിയത് ബിജെപി നേതാവ് രാധാകൃഷ്ണൻ പറഞ്ഞിട്ടെന്ന് കാർത്തിക സൂപ്പർ മാർക്കറ്റ് ഉടമ ബിമൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. 100ലധികം കിറ്റുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. 50 കിറ്റുകളുടെ പണം തന്നെന്നും 48 പേർ എത്തി കിറ്റുകൾ വാങ്ങിയെന്നും ബിമൽ പറഞ്ഞിരുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തെന്ന പരാതി ഉയർന്നതിന് വന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരം കേസെടുത്തിരുന്നു. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്ന് പരാതി എൽഡിഎഫ് നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും കിറ്റ് വിതരണത്തിന് തയ്യാറെടുക്കുന്നതായി പരാതി ലഭിച്ചത്.
അതേസമയം, തനിക്ക് ആരോപണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ പ്രതികരിച്ചു. താൻ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല, ഇടപെട്ടാൽ മാത്രമേ അതേക്കുറിച്ച് അറിയേണ്ടതുള്ളൂ എന്നും പത്മജ വേണുഗോപാൽ പറഞ്ഞു. താൻ പാർട്ടി പ്രവർത്തകരോട് കാര്യം അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായ ധാരണയില്ലെന്നും പത്മജ വ്യക്തമാക്കി.