കൊച്ചി: കൊട്ടിക്കലാശത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ഡീൽ ആരോപണത്തിൽ മൂർച്ച കൂട്ടി വി.ഡി സതീശൻ. പാർട്ടി കോൺഗ്രസ് തീവ്രവാദസംഘടനയായി പ്രഖ്യാപിച്ച എസ്‌ഡിപിഐയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡീൽ ഉണ്ടാക്കി. സിപിഐഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായും ബന്ധമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
കാപട്യമേ നിൻ്റെ പേരോ പിണറായി എന്ന് ചോദിക്കേണ്ടി വരുന്നു എന്നും സതീശൻ പരിഹസിച്ചു. എസ്‌ഡിപിഐ, പിഡിപി, ആർഎസ്എസ് പിന്തുണകളെ കുറിച്ച് പിണറായി വിജയൻ ഒന്നും പറയുന്നില്ല. നാല് പതിറ്റാണ്ട് സിപിഐഎം ജമാഅത്തെ ഇസ്ലാമിയെ തോളില്‍ കൊണ്ടുനടന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പെയ്ഡ് സർവേകൾ പുറത്തുവരുന്നുണ്ട്. എല്ലാം തട്ടിക്കൂട്ട് സർവേകളാണ്. സർവേകളിൽ ഒരു കാര്യവുമില്ലെന്നും യഥാർഥ ജനവിധി ഇതല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഒപ്പത്തിനൊപ്പമാണ് എന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നു. യുഡിഎഫ് 100ലധികം സീറ്റുകൾ നേടുമെന്ന് സതീശൻ ആവർത്തിച്ച് പറഞ്ഞു.
സിപിഐഎം എസ്‌ഡിപിഐയുടെ വോട്ടിനായി പിറകേ നടക്കുകയാണ്. എസ്‌ഡിപിഐയുടെ വോട്ട് വേണ്ടെന്ന കാര്യത്തിൽ യുഡിഎഫ് എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ല. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം. അഷ്‌റഫ് എസ്‌ഡിപിഐയെ മതേതര പാർട്ടി ആണെന്ന് പറഞ്ഞത് കേട്ടിട്ടില്ലെ എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.