

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫ്. സിൽവർ ലൈൻ പദ്ധതി യുഡിഎഫ് ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് സർക്കാർ വന്നാൽ ഉടൻ തന്നെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഡീനോട്ടിഫൈ ചെയ്ത് അവർക്ക് തിരിച്ച് നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കിഫ്ബി സംവിധാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രയോജനവും ഇല്ലാത്ത സ്ഥാപനമായി കിഫ്‌ബി മാറി. പരസ്യം നൽകുന്നതിന് വേണ്ടി മാത്രമായി കിഫ്‌ബി മാറിയെന്നും സർക്കാരിന്റെ പരസ്യം അല്ല കിഫ്‌ബിയുടെ ജോലിയെന്നും വി.ഡി. സതീശൻ വിമർശിച്ചു. ലൈഫ് മിഷൻ പദ്ധതി പരിഷ്കരിക്കുകയും കേരള ബാങ്കിൻ്റെ നടത്തിപ്പ് പുനരാലോചിക്കുകയും ചെയ്യും. കേരളത്തിലെ സഹകരബാങ്കുകളിൽ വ്യാപക കൊള്ളയാണ് നടക്കുന്നതെന്നും പ്രതിപക്ഷേ നേതാവ് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജ്യന്യ യാത്ര, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 ആയി ഉയർത്തും, എല്ലാ കുടുംബങ്ങൾക്കും 25,00,000 രൂപവരെയുള്ള സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 ലക്ഷം രൂപ പലിശ രഹിത വായ്പ, മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന ഇന്ദിരാ ഗ്യാരന്റി തന്നെയാണ് പ്രകടന പത്രികയിലെ ഹൈലൈറ്റ്.