
തമിഴ് നടന്‍ അജിത്തിന് അഭിനയത്തോളം പ്രധാനപ്പെട്ടതാണ് റേസിങ്ങും. ഇപ്പോഴിതാ ഏറെ പ്രത്യേകതകളുള്ള ഹൈപ്പര്‍ കാറുകളില്‍ രത്‌നമെന്ന് വിളിപ്പേരുള്ള മക‍്‍ലാറന്‍ സെന്നയെ സ്വന്തമാക്കിയിരിക്കുകയാണ് അജിത്.
വിലയേക്കാളും മറ്റെന്ത് ഫീച്ചറിനേക്കാളും പ്രാധാന്യമുണ്ട് മക‍്‍ലാറന്‍ എക്കാലത്തെയും ലെജന്‍ഡറി റേസര്‍ ആയ അയര്‍ട്ടണ്‍ സെന്നയ്ക്ക് ട്രിബ്യൂട്ട് ആയി മക‍്‍ലാറന്‍ പുറത്തിറക്കിയ കാര്‍ ആണെന്നത്. മോട്ടോര്‍സ്‌പോര്‍ട്ട് ചരിത്രത്തിലെ ഇതിഹാസ താരമായി അറിയപ്പെടുന്ന സെന്ന മൂന്ന് തവണ ഫോര്‍മുല വണ്‍ ലോക ചാംപ്യനാണ്. റേസിങ്ങിനിടെയാണ് അദ്ദേഹം മരണപ്പെട്ടത്.
അജിത്ത് സ്വന്തമാക്കിയ സെന്നയ്ക്ക് അന്ന് അയര്‍ട്ടണ്‍ സെന്ന ഉപയോഗിച്ചിരുന്ന മള്‍ബറോ ലിവെറി മക‍്‍ലാറന്‍ എഫ് വണ്‍ കാറുകളുടെ നിറത്തിനോട് സാമ്യമുണ്ടെന്ന പ്രത്യേകതയുമുണ്ട്. 12 കോടിയോളമാണ് സെന്നയുടെ വില. 500 എണ്ണം മാത്രമാണ് മക‍്‍ലാറന്‍ പുറത്തിറക്കുന്നത്.
300 മണിക്കൂര്‍ കൊണ്ടാണ് ഹാന്‍ഡ് ബില്‍ട്ട് ആയി വാഹനം ഉണ്ടാക്കുന്നത്. 7250 ആര്‍പിഎമ്മില്‍ 789 ബി എച്ച് പി ഊര്‍ജ ഉത്പാദനവും 5500 ആര്‍പിഎം മുതല്‍ 6700 ആര്‍പിഎം വരെയുള്ള 800 എന്‍എം ടോര്‍ക്കുമാണ് കാറിനുള്ളത്.
4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനാണ് വാഹനത്തിന്റെ ശക്തി. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും കാറിന്റെ പ്രത്യേകതയാണ്.