ഡൽഹി: പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് സഹകരണ ടാക്‌സി സർവീസുമായി കേന്ദ്രസർക്കാർ. ഭാരത് ടാക്‌സി എന്ന പേരിലാണ് സർവീസ് ആരംഭിക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും സംയുക്തമായാണ് ഈ സംരഭത്തിന് തുടക്കം കുറിക്കുന്നത്. ന്യായമായ നിരക്കിൽ യാത്രാ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നവംബറിൽ ഡൽഹിയിൽ വച്ച് ഭാരത് ടാക്സിയുടെ പരീക്ഷണഘട്ടം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഭാരത് ടാക്സി ഓടിക്കുന്ന ഡ്രൈവർമാർ സാരഥികളെന്ന പേരിൽ അറിയപ്പെടും. ആദ്യഘട്ടത്തിൽ 650 ഡ്രൈവർമാർ ഇതിൽ പങ്കാളികളാകുമെന്നാണ് പുറത്തുവരുന്ന വിവരം. പരീക്ഷണഘട്ടം വിജയിച്ചാൽ ഡിസംബറോടെ ഭാരത് ടാക്‌സി പൂർണസജ്ജമായി നിരത്തിലിറങ്ങും. തുടർന്ന് മറ്റ് നഗരങ്ങളിലേക്കും ടാക്സി സർവീസ് വ്യാപിപ്പിക്കും.
വൃത്തിഹീനമായ വാഹനങ്ങൾ, അമിത നിരക്കുകൾ, പെട്ടെന്നുള്ള വില വർധന, തുടങ്ങി ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങളെക്കുറിച്ച് നിരന്തമെന്നോളം നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. സ്വകാര്യ ടാക്‌സി സർവീസ് ഡ്രൈവർമാരും അത് ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാർക്കും പുതിയ സംരഭം വളരെ ഉപകാരപ്പെടും. ഇത് ഓല, ഊബർ സർവീസുകൾക്ക് ബദൽ സംവിധാനമായും പ്രവർത്തിക്കും.
രാജ്യവ്യാപകമായി പുരുഷന്മാരും സ്ത്രീകളുമടക്കം 5,000 ഡ്രൈവർമാർ ഭാരത് ടാക്‌സിയുടെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. തുടർന്ന് അടുത്ത വർഷത്തോടെ മുംബൈ, പൂനെ, ഭോപ്പാൽ, ലഖ്‌നൗ, ജയ്പൂർ എന്നിവയുൾപ്പെടെ 20 നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.
2026 മാർച്ചോടെ നിരവധി മെട്രോ പ്രദേശങ്ങളിൽ ഭാരത് ടാക്സിയുടെ പ്രവർത്തനങ്ങൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, 2030 ആകുമ്പോഴേക്കും ഒരു ലക്ഷം ഡ്രൈവർമാരെ ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.