പാറ്റ്ന: അധികാരത്തിലെത്തിയാൽ വഖഫ് നിയമ ഭേദഗതി ചവറ്റുകുട്ടയിലെറിയുമെന്ന ആർ ജെ ഡി നേതാവ്തേജസ്വി യാദവിൻ്റെ പ്രസ്താവനാണ് ബിഹാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇപ്പോൾ മുഖ്യചർച്ച. തേജസ്വി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് ബിജെപിയുടെ മറുപടി. ഇതിനിടെ കോൺഗ്രസ് ബിഹാറിലെ സ്റ്റാർ കാമ്പെയ്നർമാരുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഈയാഴ്ച തന്നെ രാഹുൽ ഗാന്ധി ബിഹാറിൽ പ്രചാരണത്തിനെത്തും. പ്രചാരണരംഗത്തെ രാഹുലിൻ്റെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു.
പിതാവ് ലാലു പ്രസാദ് യാദവിൻ്റെ മതനിരപേക്ഷ പാത പിന്തുടരും, അധികാരത്തിൽ വന്നാൽ വഖഫ് നിയമം ചവറ്റുകുട്ടയിലെറിയും എന്ന തേജസ്വി യാദവിൻ്റെ പ്രസ്താവന തെരഞ്ഞെടുപ്പ് കളത്തെ ചൂടുപിടിപ്പിക്കുകയാണ്. മുസ്ലീം പ്രീണനമാണ് തേജസ്വിയുടെ ലക്ഷ്യം എന്നാണ് ബിജെപിയുടെ പ്രതിരോധം. തേജസ്വി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ബിൽ പാർലമെൻ്റ് പാസാക്കുകയും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുമ്പോൾ ഈ വിധം തർക്കമുന്നയിക്കാൻ ആർക്കാണവകാശം എന്ന് ചോദിക്കുന്നു ബിജെപി.
കോൺഗ്രസും പ്രചരണം ശക്തമാക്കുകയാണ്. ഈ ആഴ്ച തന്നെ രാഹുൽ ഗാന്ധി പ്രചരണത്തിനായി എത്തുമെന്നറിയിച്ചതോടെ കോൺഗ്രസ് ക്യാമ്പ് ആവേശത്തിലായി. 29 30 തീയതികളിലാണ് രാഹുലിൻ്റെ പ്രചാരണം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. വോട്ടർ അധികാർ യാത്രയുടെ സമാപന സമ്മേളനത്തിന് ശേഷം രാഹുൽ ബീഹാർ സന്ദർശിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ബിഹാറിലെ അസാന്നിധ്യം വലിയ തോതിൽ ചർച്ചയായിരുന്നു.
ഇതിനിടെ ജെഡിയുവിൽ വിമതന്മാരെ പുറത്താകുന്നത് തുടരുകയാണ് മുൻമന്ത്രിമർ അടക്കം 11 പേരെ ഇന്ന് പാർട്ടി വിരുദ്ധപ്രവർത്തനം അരോപിച്ച് പുറത്താക്കി. ഭക്തിപൂരിലെ എൻഡിഎ സ്ഥാനർത്ഥി അരുൺകുമാറിൻ്റെ വാഹനവ്യൂഹത്തെ ആർജെഡി പ്രവർത്തകർ ആക്രമിച്ചെന്ന ചിരാഗ് പസ്വാൻ ആരോപണത്തിലും വിവാദം കനക്കുകയാണ്.