ഇലക്ട്രിക സ്‌കൂട്ടർ വാങ്ങാനൊരുങ്ങുന്നവർക്ക് വമ്പൻ ഓഫറുമായി ഇന്ത്യയുടെ പ്രിയപ്പെട്ട മോട്ടോർ വാഹന കമ്പനി ഹീറോ. കമ്പനി അവരുടെ ഏറ്റവും പുതിയ വിഡ VX2 ശ്രേണിയുടെ - ഗോ, പ്ലസ് എന്നിവയുടെ പ്രാരംഭ വിലകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോഞ്ചിൽ പ്രഖ്യാപിച്ച വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 14,500 രൂപ വരെ കുറവാണ് പുതിയ വില.
ജൂലൈ 1നാണ് ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷനുമായി വിഡ VX2 ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യക്കാർക്ക് മുന്നിലെത്തുന്നത്. സാധാരണ ഇലക്ട്രിക് സ്കൂട്ടറുകളിലേത് പോലെ, വാങ്ങുന്നവർ ബാറ്ററിയുടെ വില മുൻകൂറായി നൽകേണ്ടതില്ലെന്നതായിരുന്നു വിഡ VX2ൻ്റെ പ്രധാന സവിശേഷത. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും ഉപയോഗവും അനുസരിച്ച് ഒരു നിശ്ചിത ബാറ്ററി ചെലവ് നൽകണം.
വിഡ VX2 ശ്രേണി BaaS വേരിയന്റുകളുടെ വില വെറും 44,990 രൂപയിലാണ് (എക്സ്-ഷോറൂം) ആരംഭിക്കുന്നത്. കൂടാതെ BaaS ഇതര വേരിയന്റുകൾക്ക് 84,990 രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു.
പഴയ വില പുതിയ വില
VX2 ഗോ 59,490 രൂപ (BaaS-നൊപ്പം) 44,990 രൂപ (BaaS-നൊപ്പം)
VX2 ഗോ 99,490 രൂപ (BaaS ഇല്ലാതെ) 84,990 രൂപ (BaaS ഇല്ലാതെ)
VX2 പ്ലസ് 64,990 രൂപ (BaaS-നൊപ്പം) 57,990 രൂപ (BaaS-നൊപ്പം)
VX2 പ്ലസ് 1,09,990 രൂപ (BaaS ഇല്ലാതെ) 99,990 രൂപ (BaaS ഇല്ലാതെ)
എൻട്രി ലെവൽ VX2 Go വേരിയന്റിന് ഒരു റിമൂവബിൾ ബാറ്ററി (2.2 kWh) ലഭിക്കുമ്പോൾ, VX2 പ്ലസ് വേരിയന്റിന് രണ്ട് റിമൂവബിൾ ബാറ്ററികൾ (3.4 kWh) ഉണ്ട്. VX2 Go-യ്ക്ക് ഒറ്റതവണ ഫുൾ ചാർജിൽ 92 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. VX2 പ്ലസിന് ഫുൾ ചാർജിൽ ഏകദേശം 142 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.
വിഡ വിഎക്സ്2 ഇലക്ട്രിക് സ്കൂട്ടറുകളിൽ 6 കിലോവാട്ട് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ ഉപയോഗിക്കുന്നു. വിഎക്സ്2 ഗോ വേരിയന്റിൻ്റ് 0 മുതൽ 100% വരെ ചാർജ് ആവാൻ 3 മണിക്കൂർ 53 മിനിറ്റുമാണ് ആവശ്യം. വിഎക്സ്2 പ്ലസ് വേരിയന്റിനാകട്ടെ 5 മണിക്കൂർ 39 മിനിറ്റുമാണ് ചാർജിങ് സമയം. രണ്ട് വേരിയന്റുകളിലും ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നുണ്ട്.
സവിശേഷതകൾ പരിശോധിക്കുകയാണെങ്കിൽ, വിഡ VX2 ശ്രേണിയിൽ LED ലൈറ്റിംഗ്, ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ 4.3 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് പാനൽ, അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നിവയുണ്ട്. നെക്സസ് ബ്ലൂ, മെറ്റാലിക് ഗ്രേ, മാറ്റ് വൈറ്റ്, ഓട്ടം ഓറഞ്ച്, മാറ്റ് ലൈം, പേൾ ബ്ലാക്ക്, പേൾ റെഡ് എന്നീ ഏഴ് കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാവുക.