ജിഎസ്ടി പരിഷ്കരണം നിലവിൽ വന്ന സാഹചര്യത്തിൽ കാറുകൾക്ക് 95,500 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. സെപ്റ്റംബർ 22 മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരുന്നതെന്നും അറിയിപ്പിൽ പറയുന്നു.
അമേസ്, എലിവേറ്റ്, സിറ്റി എന്നിവയ്ക്ക് 95,500 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നത്. സെക്കൻ്റ് ജനറേഷൻ ഹോണ്ട അമേസിന് 72,800 രൂപ വരെയും, തേർഡ് ജനറേഷൻ അമേസിന് 95,500 രൂപ വരെയും വിലക്കുറവ് ലഭിക്കും. ഹോണ്ട എലിവേറ്റിനും സിറ്റിക്കും യഥാക്രമം 58,400 രൂപയും 57,500 രൂപയും വരെ വിലക്കുറവ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
"ഓട്ടോമൊബൈൽ വ്യവസായം പുരോഗതി പ്രാപിക്കുന്ന ഘട്ടത്തിൽ സമയോചിതമായ മാറ്റം കൊണ്ടുവരുന്ന സർക്കാരിൻ്റെ പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ പുരോഗമനപരമായ നടപടികൾ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ഫലപ്രദമാകും", ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിങ് ആൻഡ് സെയിൽസ് വൈസ് പ്രസിഡൻ്റ് കുനാൽ ബെഹൽ പറഞ്ഞു.
സെപ്റ്റംബർ 22 മുതൽ, ചെറിയ കാറുകൾ, 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾ, ത്രീ വീലറുകൾ, ബസുകൾ, ട്രക്കുകൾ, ആംബുലൻസുകൾ എന്നിവയുടെ ജിഎസ്ടി 28% ൽ നിന്ന് 18% ആയി കുറയ്ക്കും. ഇതുപ്രകാരം മാരുതി സുസുക്കി ആൾട്ടോ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10, ടാറ്റ ടിയാഗോ തുടങ്ങിയ ബജറ്റ് സൗഹൃദ മോഡലുകളുടെ വില ഏകദേശം 10% വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. ഹോണ്ട ഷൈൻ, ബജാജ് പൾസർ, ഹോണ്ട ആക്ടിവ, ഹീറോ സ്പ്ലെൻഡർ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾക്കും വില കുറയും.