രാജ്യത്ത് അവതിപ്പിച്ചപ്പോൾ മുതൽ എസ്‌യുവി പ്രേമികളുടെ മനസിലേക്ക് ഒരു ലോഡ് ഫീച്ചറുകളുമായി എത്തിയ മോഡലാണ് കിയയുടെ സെൽറ്റോസ്. 2019-ലായിരുന്നു സെല്‍റ്റോസിന്റെ കൈപിടിച്ച് കൊറിയൻ ബ്രാൻഡായ കിയ ഇന്ത്യയിലെത്തിയത്. ഇപ്പോഴിതാ സെൽറ്റോസ് വീണ്ടും അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. ലോഞ്ച് തീയതിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും 2026ൽ അടുത്ത തലമുറ മോഡൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് 2027 ൽ ഹൈബ്രിഡ് പതിപ്പ് പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ട് മെച്ചപ്പെട്ട സ്റ്റൈലിങ്, പുതിയ സവിശേഷതകൾ, അപ്‌ഡേറ്റ് ചെയ്ത സാങ്കേതികവിദ്യ എന്നിവയുമായി 2026 കിയ സെൽറ്റോസ് എത്തുമെന്നാണ് പ്രതീക്ഷ. മുന്നിൽ വാഹനത്തിൻ്റെ ഹെഡ്‌ലാമ്പിൽ വ്യത്യാസം വരുത്തിയിട്ടുണ്ടെന്നും, സൈഡ് മിററുകളിൽ ഡ്യുവൽ ടോൺ ലഭിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കിയ കാരെൻസിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കിയയുടെ ഏറ്റവും പുതിയ ‘ഓപ്പോസിറ്റ്സ് യുണൈറ്റഡ്’ ഡിസൈൻ ഭാഷയാണ് പുതിയ സെൽറ്റോസിൽ ഉൾപ്പെടുത്തുക. പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഫോഗ്‌ലാമ്പ് അസംബ്ലി, സ്ലിം, ആംഗിൾ ലംബ ഡിആർഎൽ എന്നിവയുൾപ്പെടെ സമൂലമായ മാറ്റങ്ങൾക്ക് മുൻവശത്ത് സാക്ഷ്യം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ അലോയ് വീലുകളിൽ എസ്‌യുവി സഞ്ചരിക്കുമെന്നും ടെയിൽലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു പൂർണ എൽഇഡി ലൈറ്റ് സ്ട്രിപ്പ് ഉണ്ടായിരിക്കുമെന്നും സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
പുതിയ തലമുറ സെൽറ്റോസ് അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾക്കൊപ്പം തന്നെയായിരിക്കും വാഗ്ദാനം ചെയ്യുന്നത്. പിന്നീടുള്ള ഘട്ടത്തിൽ ഒരു ഹൈബ്രിഡ് പതിപ്പ് നിരയിൽ ചേരും. ഇതിന്റെ സാങ്കേതിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ശക്തമായ ഹൈബ്രിഡ് സംവിധാനത്തോടൊപ്പം ജോടിയാക്കിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി സെൽറ്റോസ് ഹൈബ്രിഡ് വാഗ്ദാനം ചെയ്തേക്കാം.
ആഗോള വിപണികളിൽ, പുതുതലമുറ സെൽറ്റോസിന്റെ നീളം ഏകദേശം 100 മില്ലിമീറ്റർ വർദ്ധിക്കും. ഇത് ഈ വിഭാഗത്തിലെ ഏറ്റവും നീളം കൂടിയ എസ്‌യുവിയായി മാറും. ജീപ്പ് കോംപസിനേക്കാൾ നീളം കൂടുതലായിരിക്കും ഇതിന്. ഇന്ത്യ-സ്പെക്ക് പതിപ്പിനും അതേ അളവിലുള്ള മാറ്റങ്ങൾ ലഭിക്കുമോ അതോ നിലവിലെ അനുപാതങ്ങൾ നിലനിർത്തുമോ എന്ന് കണ്ടറിയണം.
2030 ആകുമ്പോഴേക്കും ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് മോഡലുകളിൽ നിന്നായിരിക്കണമെന്നാണ് കിയ ആഗ്രഹിക്കുന്നത്. നിലവിൽ സെൽറ്റോസിന്റെ ഹൈബ്രിഡ് എഞ്ചിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യവുമല്ല. നിലവിൽ കിയ സെൽറ്റോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 10.90 ലക്ഷം രൂപയിൽ തുടങ്ങി 20.37 ലക്ഷം രൂപ വരെയാണ്. പുതുമോഡൽ വരുമ്പോൾ വില അൽപം കൂടി ഉയരാനും സാധ്യതയുണ്ട്.