സ്കോർപിയോ, XUV700 തുടങ്ങി കലക്കൻ എസ്‌യുവി വാഹനങ്ങൾ ഇന്ത്യൻ വിപണയിലെത്തിച്ച കമ്പനിയാണ് മഹീന്ദ്ര. മഹീന്ദ്രയുടെ ഥാർ, ഥാർ Roxx എന്നീ എസ്‌യുവികൾക്ക് വമ്പൻ ഫാൻ ബേസുമുണ്ട്. ഈ കാറുകൾക്ക് പുറമെ, വലിയ ക്യാബിനും കോംപാക്ട് ഡിസൈനുമായെത്തിയ എസ്‌യുവിയാണ് XUV 3XO. കഴിഞ്ഞ ദിവസം മഹീന്ദ്ര ഓസ്ട്രേലിയൻ മാർക്കറ്റിൽ XUV 3XO അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിലുള്ളതിനേക്കാൾ നാല് ലക്ഷം രൂപ വിലക്കുറവിലാണ് മഹീന്ദ്ര XUV 3XO ഓസ്ട്രേലിയയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവി വാഹനമാണ് XUV 3XO. 23,490 ഓസ്ട്രേലിയൻ ഡോളർ, അഥവാ 13.18 ലക്ഷം രൂപ മുതൽക്കാണ് മഹീന്ദ്ര XUV 3XO ഓസ്ട്രേലിയയിൽ ലഭ്യമാവുക. ഓഗസ്റ്റ് 31 വരെ മാത്രമാണ് ഈ ഓഫർ. തുടർന്ന് 500 ഓസ്ട്രേലിയൻ ഡോളർ വർധനയുണ്ടാവും.
മഹീന്ദ്രയുടെ സ്കോർപിയോ എൻ, XUV700, എസ് 11 4X4 പിക്കഅപ്പ് എന്നീ വാഹനങ്ങളും ഓസ്ട്രേലിയൻ വിപണിയിലുണ്ട്. AX5 L, AX7 L എന്നീ വേരിയൻ്റുകളിലാണ് XUV 3XO ലഭ്യമാവുക. ഓസ്‌ട്രേലിയൻ വിപണിയിലെത്തുന്ന എസ്‌യുവിയുടെ രൂപകൽപ്പനയിൽ മാറ്റമുണ്ടാവില്ല. എന്നാൽ സ്റ്റെൽത്ത് ബ്ലാക്ക് കളറിൽ AX7 L വേരിയൻ്റ് ലഭ്യമാകില്ല.
മാസ്‌ഡ CX-3, ഹ്യുണ്ടായി വെന്യു, കിയ സ്റ്റോണിക് തുടങ്ങിയ മോഡലുകളുമായാണ് മഹീന്ദ്ര XUV 3XO ഓസ്‌ട്രേലിയൻ വിപണിയിൽ മത്സരിക്കുന്നത്. ഇന്ത്യയിൽ XUV 3XO 1.2 ലിറ്റർ MPFi എഞ്ചിൻ, 1.2 ലിറ്റർ TGDi എഞ്ചിൻ എന്നിങ്ങനെ രണ്ട് ടർബോ പെട്രോൾ എഞ്ചിനുകളിലാണ് ലഭ്യമാവുക. TGDi എഞ്ചിൻ MPFi-യെക്കാൾ ശക്തമാണ്. എന്നാൽ, ഓസ്‌ട്രേലിയൻ-സ്പെക്ക് XUV 3XO MPFi എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. ഓസ്‌ട്രേലിയയിലെ XUV 3XO-യിലും ഡീസൽ എഞ്ചിൻ ഉണ്ടാവില്ല.
ഔട്ടർ ഡിസൈനിൽ ഇന്ത്യൻ XUV 3XO ക്ക് സമാനമായി തന്നെയാണ് ഓസ്ട്രേലിയയിലും മഹീന്ദ്ര എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. സി- ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ-ലാമ്പ് ബാർ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയുൾപ്പെടെ ഇന്ത്യൻ-സ്പെക്ക് സ്റ്റൈലിങ് നിലനിർത്തിക്കൊണ്ടാണ് XUV 3XO ഓസ്ട്രേലിയയിൽ എത്തുന്നത്. AX5L വേരിയന്റിൽ 16 ഇഞ്ച് അലോയ് വീലുകളുണ്ട്, അതേസമയം AX7L-ൽ 17 ഇഞ്ച് ഡ്യുവൽ-ടോൺ വീലുകളും കറുത്ത കോൺട്രാസ്റ്റ് റൂഫും കാണാം.
എന്നാൽ AX5L,AX7L മോഡലുകളുടെ ഇൻ്റീരിയറിൽ ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേ സജ്ജീകരണം, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ്, യുഎസ്ബി-സി ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ എന്നിവയുണ്ട്. പനോരമിക് സൺറൂഫ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ, സിന്തറ്റിക് ലെതർ സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ കൂടുതൽ പ്രീമിയം സവിശേഷതകൾ AX7L വാഗ്ദാനം ചെയ്യുന്നു.