ഒരു മിഡ് സൈസ് എസ്‌യുവി വാങ്ങാനുള്ള കാത്തിരിപ്പിലാണോ നിങ്ങൾ, എന്നാൽ ഇതാ ഒരു സന്തോഷവാർത്ത, ഒന്നിലധികം എസ്‌യുവികളാണ് നിങ്ങൾക്കായി ഇന്ത്യൻ വിപണയിയിലേക്കെത്തുന്നത്. അടുത്ത വർഷം വൻ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നത് അഞ്ച് കിടിലൻ മിഡ് സൈസ് എസ്‌യുവികളാണ്. അതും പ്രമുഖ കമ്പനികളുടെ നിർമാണത്തിൽ.
മഹീന്ദ്ര, ടാറ്റ, മാരുതി സുസുക്കി, റെനോ, ടൊയോട്ട തുടങ്ങിയ കമ്പനികളെല്ലാം പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പുതുതലമുറ റെനോ ഡസ്റ്റർ, ടാറ്റ സിയറ ഇവി, മാരുതി ഇ-വിറ്റാര, അർബൻ ക്രൂയിസർ ബിഇവി, മഹീന്ദ്ര എക്സ്‌യുവി700 ഫെയ്‌സ്‌ലിഫ്റ്റ് തുടങ്ങിയ മോഡലുകളാണ് എസ്‌യുവി പ്രേമികൾക്കായി കമ്പനികൾ തയ്യാറാക്കുന്നത്. ഇലക്ട്രിക്, പെട്രോൾ, ഡീസൽ പവർട്രെയിനുകളുടെ സപ്പോർട്ട് ഇവയെല്ലാം വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിരവധി സവിശേഷതകളും.
മഹീന്ദ്ര XUV 700 ഫെയ്‌സ്‌ലിഫ്റ്റ്
തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ XUV 700 ന്റെ പുതിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. XUV 700 ഫെയ്‌സ്‌ലിഫ്റ്റ്എന്ന പുതിയ താരം 2026 ന്റെ തുടക്കത്തിൽ എത്തുമെന്നാണ് പ്രതീക്ഷ. പുതിയ എസ്‌യുവിയിയുടെ ഡിസൈൻ, ഇന്റീരിയർ, പ്രീമിയം സവിശേഷതകൾ എന്നിവയിൽ അപ്‌ഡേറ്റുകൾ ഉണ്ടാകും.
അർബൻ ക്രൂയിസർ ബിഇവി
ഇ-ഹാർട്ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇ-വിറ്റാരയുടെ ചെറിയ പതിപ്പായ അർബൻ ക്രൂയിസർ ബിഇവി, ഇ-വിറ്റാരയ്ക്ക് സമാനമായ രണ്ട് ബാറ്ററി ഓപ്ഷനുകളും സവിശേഷതകളും ഇതിലുണ്ടാകും. ഇ-വിറ്റാരയ്ക്ക് ശേഷം ഇത് വിപണിയിൽ എത്തും.
ടാറ്റ സിയറ ഇവി
പുത്തന്‍ മാറ്റങ്ങളുമായി സിയേറ എസ്‌യുവി വീണ്ടും നിരത്തിലിറക്കാനൊരുങ്ങുകയാണ് ടാറ്റ. പ്രീമിയം ഇന്റീരിയറുമായി വീണ്ടും വിപണിയില്‍ എത്തുന്ന സിയേറ ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ എന്നീ വേരിയന്റുകളിലാണ് എത്തുക. ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും. ഇത്തവണ ആദ്യ മോഡൽ പൂർണ്ണമായും ഇലക്ട്രിക് എസ്‌യുവി ആയിരിക്കും. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ റെനോ ഡസ്റ്റർ
2026 ന്റെ ആദ്യ പകുതിയോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ ഡസ്റ്റർ പുറത്തിറക്കാനാണ് റെനോ പദ്ധതിയിടുന്നത്. സിഎംഎഫ്-ബി പ്ലസ് പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിക്കുന്നത്. തുടക്കത്തിൽ പെട്രോൾ പതിപ്പുകൾ അവതരിപ്പിക്കും. പിന്നീട് ഒരു ഹൈബ്രിഡ് വേരിയന്‍റും എത്തും.
മാരുതി സുസുക്കി ഇ-വിറ്റാര
തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി . രണ്ട് ബാറ്ററി കോൺഫിഗറേഷനുകളിലാണ് ഈ എസ്‌യുവി വാഗ്‍ദാനം ചെയ്യുന്നത്. ഒറ്റ ചാർജിൽ 500 ന് മേൽ കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.പ്രീമിയം നെക്‌സ ഷോറൂമുകൾ വഴിയാണ് ഇത് വിൽക്കുന്നത്.