ഇന്ത്യൻ ഇലക്‌ട്രിക് സ്കൂട്ടർ ഒല വൻ നഷ്ടത്തിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒല ഇലക്‌ട്രിക് മൊബിലിറ്റി വൻ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇലക്‌ട്രിക് സ്കൂട്ടറുകൾക്കിടയിൽ വളർന്നുവരുന്ന മത്സരത്തെ നേരിടുന്നതിനായി നൽകിയ ഡിസ്കൗണ്ടും, വിൽപ്പനയിലെ ഇടിവുമാണ് ഒലയുടെ നഷ്ടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
മാർച്ച് 31ന് പുറത്തുവിട്ട കണക്ക് പ്രകാരം കമ്പനി 870 കോടി രൂപയുടെ (101.8 മില്യൺ ഡോളർ) നഷ്ടമാണ് കഴിഞ്ഞ മൂന്ന് മാസത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 416 കോടി രൂപയുടെ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. ഒലയ്ക്ക് ലഭിക്കുന്ന വരുമാനം മാർച്ച് അവസാനത്തോടെ 61.8 ശതമാനം ഇടിഞ്ഞ് 611 കോടിയായി.
2024 ഓഗസ്റ്റിൽ ഒല ഓഹരികൾ പബ്ലിക്ക് ആയതിന് ശേഷം, വിൽപനയിലെ മാന്ദ്യം, നിയന്ത്രണ സമ്മർദം, നിലവിലുള്ള ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുള്ള മത്സരം എന്നിവ ഒലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ തുടങ്ങിയ മറ്റ് കമ്പനികളേക്കാൾ ഒല ഇലക്ട്രിക്കിന്റെ ലാഭം സമീപ മാസങ്ങളിൽ കുറഞ്ഞിട്ടുണ്ടെങ്കിലും, വോളിയത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി ഒല ഇലക്ട്രിക് തുടരുന്നുണ്ട്. കാരണം, ഇരുവരും മത്സരാധിഷ്ഠിത വിലയുള്ള മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒല കമ്പനിക്ക് ഇതുവരെ ലാഭമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ പാദത്തിൽ ഒല വാഹനങ്ങളുടെ രജിസ്ട്രേഷൻ 52 ശതമാനത്തിലധികം ഇടിഞ്ഞ് 56,760 യൂണിറ്റായിരുന്നു. 1.1 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വർഷം അവസാനപാദത്തിൽ വിറ്റതെങ്കിൽ, ഈ വർഷത്തിന്റെ അവസാന പാദത്തിൽ വിൽക്കാനായത് 51,375 യൂണിറ്റ് മാത്രമാണ്. തിരിച്ചടവ് ബാധ്യതകൾ പരിഹരിക്കുന്നതിനായി 1700 കോടി രൂപയുടെ കടം സമാഹരണത്തിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒല അറിയിച്ചു.