ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി ലക്ഷ്യമിട്ട് ജാപ്പനീസ് വാഹന ഭീമനായ സുസുക്കിയും. ജൂൺ മാസത്തിൽ പുതിയ സുസുക്കി ഇ-ആക്സസ് ഇലക്ട്രിക് സ്കൂട്ടർ കമ്പനി പുറത്തിറക്കും. സിംഗിൾ ചാർജിൽ 95 കിലോമീറ്റർ ഐഡിസി റേഞ്ചാണ് സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ആക്‌സസ് 125 എന്നും പേരുള്ള സ്കൂട്ടറിൻ്റെ വില പ്രഖ്യാപിച്ചിട്ടില്ല.
3.07kWH LFP ബാറ്ററിയാണ് ഇ-ആക്സസിനുള്ളത്. ഇതുവഴി സിംഗിൾ ചാർജിൽ 95 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. എന്നാൽ പൂജ്യത്തിൽ നിന്നും 80 ശതമാനത്തിലേക്ക് ബാറ്ററി ചാർജ് ചെയ്യാൻ നാലര മണിക്കൂറോളം ആവശ്യമാണ്. സ്വിങ് ആം ഘടിപ്പിച്ച 4.1kW മോട്ടോറും ഇ-ആക്സസിനുണ്ട്. ഇതുവഴി സ്കൂട്ടറിന് മണിക്കൂറിൽ 71 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയും.
ആകർഷകമായ ക്രീസ് ലൈനുകളുള്ള റാക്ക്ഡ് ഫ്രണ്ട് ആപ്രണും ഭംഗിയായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലൈറ്റുകളുമാണ് ഇ-ആക്സസിനുള്ളത്. എന്നാൽ ടെയിൽ സെക്ഷനിലെ ഇൻഡിക്കേറ്ററുകളുടെ സ്ഥാനം അൽപം വിചിത്രമാണ്.
4.2 ഇഞ്ച് ഫുൾ-കളർ ടിഎഫ്‌ടി ഡിസ്പ്ലേയാകും ഇ-ആക്സസിലുണ്ടാവുക. സ്പീഡ്, ബാറ്ററി ലെവൽ, എനർജി ഉപയോഗം എന്നിവ ഈ ഡിസ്പ്ലേയിലൂടെ മനസിലാക്കാം. സുസുക്കി റൈഡ് കണക്ട് വഴി നിങ്ങളുടെ സ്മാർട്ട്ഫോൺ സ്കൂട്ടറുമായി കണക്ട് ചെയ്യാനും സാധിക്കും. ബ്ലൂടൂത്ത്/ആപ്പ് കണക്റ്റിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയും സ്കൂട്ടറിലുണ്ട്. വൃത്തിയുള്ള ഗ്രാഫിക്സാണെങ്കിൽ പോലും പകൽ വെളിച്ചത്തിൽ വ്യക്തത കുറവുണ്ടെന്നാണ് വാഹനത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്റ്റാൻഡേർഡ് പോർട്ടബിൾ ചാർജർ വഴിയും ഡിസി ഫാസ്റ്റ് ചാർജിങ്ങും വഴി ഇ-ആക്സസ് ചാർജ് ചെയ്യാം. ബണ്ടിൽ ചെയ്‌ത പോർട്ടബിൾ ചാർജർ ഉപയോഗിച്ച്, ബാറ്ററി നാലര മണിക്കൂറിൽ 80 ശതമാനവും, 6 മണിക്കൂർ 42 മിനിറ്റിനുള്ളിൽ 100 ശതമാനവും ചാർജ് ചെയ്യാൻ കഴിയും. ഡിസി ഫാസ്റ്റ് ചാർജിങ് ഡൗൺടൈം ഗണ്യമായി കുറയ്ക്കുന്നുണ്ട്. അതായത് വെറും 1 മണിക്കൂർ 12 മിനിറ്റിനുള്ളിൽ 80 ശതമാനവും 2 മണിക്കൂർ 12 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.
കമ്പനിയുടെ ഹരിയാനയിലെ പ്ലാന്റിൽ സ്കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. സുസുക്കി ഇ-ആക്സസ് പുറത്തിറക്കുന്നതിനുള്ള തീയതി ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഡിമാൻഡുള്ള 30ഓളം നഗരങ്ങളിൽ സ്കൂട്ടർ അവതരിപ്പിക്കാൻ സുസുക്കി പദ്ധതിയിടുന്നതായാണ് റിപ്പോട്ട്. പിന്നാലെ മറ്റ് നഗരങ്ങളിലേക്കും സുസുക്കി ഇ-ആക്സസ് അവതരിപ്പിക്കും.