
കണ്ണഞ്ചിപ്പിക്കുന്ന അഴകില്‍ ഇന്ത്യയില്‍ പുതുപുത്തന്‍ റേഞ്ച് റോവര്‍പുറത്തിറക്കി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഇന്ത്യക്കായി പ്രത്യേകം തയ്യാറാക്കിയ റേഞ്ച് റോവര്‍ എസ്വി മസാര എഡിഷനാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ഹിമാലയന്‍ ഇന്ദ്രനീല കല്ലിന്റെ നിറമണിഞ്ഞ മസാരയ്ക്ക് എക്സ്ക്ലൂസീവ്, ലിമിറ്റഡ് എഡിഷന്‍ മാസ്റ്റര്‍പീസ് എന്നാണ് ജാഗ്വാര്‍ നല്‍കുന്ന വിശേഷണം. ആകെ 12 യൂണിറ്റ് മാത്രമാകും നിര്‍മിക്കുകയെന്നും ബ്രീട്ടീഷ് കമ്പനി വ്യക്തമാക്കുന്നു.
ഹിമാലയന്‍ ഇന്ദ്രനീല കല്ലുകളുടെ ദൃശ്യഭംഗി ആവാഹിച്ചാണ് മസാര എഡിഷന് നിറം നല്‍കിയിരിക്കുന്നത്. റേഞ്ച് റോവറിന്റെ ഡിസൈന്‍ തന്നെയാണ് കടംകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും, സാറ്റിന്‍ ഫിനിഷ് നീല നിറത്തിനൊപ്പം ബംപര്‍, ഗ്രില്‍, ഡോറുകള്‍, ടെയ്‌ല്‍ ഗേറ്റ് എന്നിവയ്ക്ക് സില്‍വര്‍ ക്രോം കൊറിന്ത്യന്‍ ബ്രോണ്‍സ് ആക്‌സന്റുകളുണ്ട്. ബോണറ്റിലും ഇത്തരമൊരു ഷേഡിങ് കാണാം. സില്‍വര്‍-ബ്രോണ്‍സ് ഫിനിഷില്‍ ബ്ലാക്ക് കറുത്ത ബ്രേക്ക് കാലിപ്പറുകളുള്ള 23 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളാണ് മസാരയ്ക്കുള്ളത്.
ഇന്റീരിയര്‍ പരിശോധിച്ചാല്‍, ബ്ലൂ-ബേഷ് ടോണിലാണ് അകമൊരുക്കിയിരിക്കുന്നത്. ഫ്രണ്ട് സീറ്റുകള്‍ക്ക് ബ്ലൂ ടോണും പുറകിലെ സീറ്റുകള്‍ക്ക് ഇളം തവിട്ട് നിറവുമാണ് നല്‍കിയിരിക്കുന്നത്. 13.1 ഇഞ്ച് ടച്ച് സ്ക്രീനില്‍ ഇന്‍ഫോടെയ്‌ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്സ് ഡിസ്പ്ലേ, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നീ ഫീച്ചറുകള്‍ മസാരയ്ക്കുണ്ട്. ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ട്രേ ടേബിള്‍, ചെറിയ റെഫ്രിജറേറ്റര്‍, കപ്പ് ഹോള്‍ഡറുകള്‍ എന്നിങ്ങനെ ആഡംബര സൗകര്യങ്ങളുമുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ലാന്‍ഡ് റോവര്‍ ഒന്നിലധികം എയര്‍ ബാഗുകള്‍, ESC, 360 ഡിഗ്രി ക്യാമറ തുടങ്ങിയ അഡ്വാന്‍സ്‌ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചേഴ്സുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
615 hp പവറും, 750Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.4 ലിറ്റര്‍ V8 ഇരട്ട ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി സംയോജിച്ച് നാല് ചക്രങ്ങളിലേക്കും ശക്തി പകരുന്നതാണ് സംവിധാനം. 4.5 സെക്കന്‍ഡിനുള്ളില്‍ തന്നെ 100 കിലോമീറ്റര്‍ വേഗം കണ്ടെത്തി കുതിക്കാന്‍ മസാരയ്ക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ 4.99 കോടിയാണ് റേഞ്ച് റോവര്‍ എസ്വി മസാര എഡിഷന്റെ എക്സ് ഷോറൂം വില.