ഏറെ അഭിമാനത്തോടെയാണ് ഇന്ന് രാജ്യം 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഡൽഹിയിലെ ചെങ്കോട്ടയിലെ ചടങ്ങുകൾ രാജ്യത്തിൻ്റെ ഐക്യം വിളിച്ചോതുന്നതായിരുന്നു. എന്നാൽ ചടങ്ങുകൾക്കും ആരവങ്ങൾക്കും ഇടയിൽ, ചിലരുടെയെങ്കിലും ശ്രദ്ധ പോയത് ആ വിൻ്റേജ് ഐക്കണിലേക്കായിരിക്കും. ഒരു എലഗൻ്റ് ക്ലാസിക് ജീപ്പ് വാഗണർ. കരുത്തുറ്റ എഞ്ചിനീയറിങ്ങിൻ്റെ കഥ കൂടി പറയാനുണ്ട് ആ ജീപ്പ് വാഗണറിന്.
ചെങ്കോട്ടിയിലേക്കുള്ള റോഡിലൂടെ തലയെടുപ്പോടെ നീങ്ങിയ കാർ. ജെൻ സീ ഭാഷയിൽ പറയുകയാണെങ്കിൽ ഒരു വിൻ്റേജ് വൈബുള്ള കാർ. ഇന്ത്യൻ സൈനത്തിൻ്റെ ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) ലെഫ്റ്റനന്റ് ജനറൽ ഭവ്‌നിഷ് കുമാറാണ് വാഹനത്തിൽ വന്നിറങ്ങിയത്. എന്താണീ കാറിൻ്റെ കഥ?
ഇന്ത്യക്കാരുടെ ഇഷ്ട വാഹന നിർമാതാക്കളായ ജീപ്പിൻ്റെ വാഗണർ എന്ന മോഡലാണ് ഇത്.1965-ൽ ഭൂട്ടാൻ രാജാവ് അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് സർവേപ്പള്ളി രാധാകൃഷ്ണന് നൽകിയ ഒരു രാജകീയ സമ്മാനമായിരുന്നു ഈ പ്രത്യേക വാഗണർ. അതായത് 60 വർഷം പഴക്കമുള്ള കാറാണ് ഇന്ന് തലയെടുപ്പോടെ ചെങ്കോട്ടയിലെത്തിയത്.
ജീപ്പ് കമ്പനി 1962 കാലഘട്ടത്തിൽ നിർമിച്ച ഫോർ സീറ്റർ ജീപ്പ് വാഗണർ ഒരു സാധാരണ വാഹനമല്ല. 'സ്റ്റേഷൻ വാഗൺ' എന്ന പേരിൽ മാർക്കറ്റിലെത്തിയ ഈ കാർ വിപുലീകരിച്ചാണ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ അഥവാ എസ്‌യുവി വിപണിയിലെത്തുന്നത്. ചുരുക്കി പറഞ്ഞാൽ ഇന്നത്തെ എസ്‌യുവിയുടെ അച്ഛനായി വരും ജീപ്പ് വാഗണർ. 1974-ൽ ചെറോക്കി അവതരിപ്പിച്ചപ്പോളാണ്, ജീപ്പ് "എസ്‌യുവി" എന്ന പദം ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചത്.
വാഗണറിനെ കൂടുതൽ സവിശേഷമാക്കുന്ന മറ്റൊരു ഘടകം അതിൻ്റെ ഉൽപാദന ദൈർഘ്യമാണ്. 1963 മുതൽ 1991 വരെ 29 വർഷക്കാലം മോഡലിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ജീപ്പ് വാഗണർ തുടർച്ചയായി ഉൽപാദനം തുടർന്നു. പിന്നാലെ അമേരിക്കൻ ഓട്ടോമോട്ടീവ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ സിംഗിൾ-ജനറേഷൻ എസ്‌യുവിയായി ഇത് മാറി.
പഴയ ജീപ്പ് വാഗണർ വാണിജ്യാടിസ്ഥാനത്തിൽ പ്രചാരത്തിലില്ലെങ്കിലും, ഇന്ത്യൻ സൈന്യത്തിൻ്റെ വാഹനം വളരെ ശ്രദ്ധാപൂർവം നവീകരിച്ച് കൊണ്ടുപോവുകയാണ്. ഫോർഡ് എൻഡവർ 2500CC എഞ്ചിനാണ് ഇപ്പോൾ വാഹനത്തിന് ശക്തി പകരുന്നത്. ഇത് വാഹനത്തിന്റെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനൊപ്പം അതിന്റെ പഴയകാല ഭംഗിയും നിലനിർത്തുന്നു.
വാഹനം ഡൽഹി ഏരിയയിലെ ജനറൽ ഓഫീസർ കമാൻഡിങ്ങിനാണ് (ജിഒസി) നിലവിൽ വാഹനം സേവനം നൽകുന്നത്. എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ, ഇന്ത്യൻ സൈനത്തിൻ്റെ അച്ചടക്കവും മഹത്വവും സമന്വയിപ്പിച്ചുകൊണ്ട്, ജീപ്പ് വാഗണർ ചെങ്കോട്ടയിലെത്തും.