
തങ്ങളുടെ ട്രക്ക് പോർട്ട്‌ഫോളിയോയിലുടനീളം ഫാക്ടറി ഫിറ്റഡ് എയർ കണ്ടീഷനിങ് സിസ്റ്റം അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ടാറ്റയുടെ എസ്എഫ്സി, എൽപിടി, അൾട്രാ, സിഗ്ന, പ്രൈമ ക്യാബിൻ ശ്രേണികളിൽ പുതിയ സൗകര്യം ലഭ്യമാകും. ഇതാദ്യമായാണ് ടാറ്റയുടെ കൗൾ മോഡലുകളിൽ ഫാക്ടറി ഫിറ്റഡ് എയർ കണ്ടീഷനിംഗ് സിസ്റ്റം ലഭ്യമാകുന്നത്.
ഇക്കോ ആൻഡ് ഹെവി തുടങ്ങി രണ്ട് ഓപ്പറേറ്റിംഗ് മോഡുകളോടെയാണ് പുതിയ എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ വരുന്നത്. മെച്ചപ്പെട്ട ഊർജ്ജ കാര്യക്ഷമതയോടെ ഒപ്റ്റിമൽ കൂളിങ്ങും നൽകുന്നു. ഡ്രൈവർമാർക്ക് സുഖകരമായ ഒരു ജോലി അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും ഉയർന്ന ഉൽപ്പാദനക്ഷമത സാധ്യമാക്കുന്നതിനുമായുള്ള സുപ്രധാന ചുവടുവയ്പ്പായാണ് എയർ കണ്ടീഷനിങ് സിസ്റ്റത്തെ കമ്പനി വ്യക്തമാക്കുന്നത്.
ഇതോടൊപ്പം ടാറ്റ മോട്ടോഴ്‌സിന്റെ ഹെവി ട്രക്കുകൾ, ടിപ്പറുകൾ, പ്രൈം മൂവറുകൾ എന്നിവയുടെ പവർ ഔട്ട്‌പുട്ട് 320ഹോഴ്സ് പവർ ആയും ഉയർത്തിയിട്ടുണ്ട്. ഇന്ധനക്ഷമത പരമാവധിയാക്കുന്ന ഇന്റലിജന്റ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് പുതുക്കിയ ട്രക്ക് മോഡലുകൾ എത്തുന്നത്. എഞ്ചിൻ ഐഡിൽ ഓട്ടോ-ഷട്ട്, തത്സമയ അലേർട്ടുകൾക്കായുള്ള വോയ്‌സ് മെസേജിങ് സിസ്റ്റം എന്നിവയും ഉൾപ്പെടുന്നു. ഡ്രൈവറുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ടാറ്റ മോട്ടോഴ്‌സിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മെച്ചപ്പെടുത്തലുകൾ.
ഇന്ത്യയിലെ യാത്രാ വാഹനങ്ങളുടെ മികച്ച മൂന്ന് നിർമാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മോട്ടോഴ്‌സ് ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമാതാവും, നാലാമത്തെ വലിയ ട്രക്ക് നിർമാണ കമ്പനിയും, രണ്ടാമത്തെ വലിയ ബസ് നിർമാതാക്കളുമാണ്. ഇന്ത്യയിൽ ജംഷഡ്പൂർ, സാനന്ദ്, പട്നനഗർ, ധാർവാട്, പൂനെ എന്നീ നഗരങ്ങളിൽ ടാറ്റാ മോട്ടോർസിന് വാഹന നിർമാണശാലകൾ ഉണ്ട്. ദഷിണ കൊറിയ, യുകെ, അർജന്റീന എന്നീ രാജ്യങ്ങളിലും മോട്ടോർസിന് നിർമാണശാലകൾ പ്രവർത്തിക്കുന്നുണ്ട്.