

പുത്തൻ ലുക്കിലുള്ള ടാറ്റ പഞ്ച് ഇവിയുടെ ചിത്രങ്ങൾ പുറത്ത്. പഞ്ച് ഇവിയുടെ മുൻവശത്തെയും സൈഡിലേയും ലുക്ക് നേരത്തെ തന്നെ ടാറ്റ മോട്ടോഴ്‌സ് പുറത്തു വിട്ടിരുന്നു. എന്നാൽ ഇപ്പോൾ മുഴുവൻ ലുക്കും വെളിപ്പെടുത്തുന്നതാണ് പുതിയ ചിത്രങ്ങൾ.
മുൻഭാഗത്ത് ചില സൂക്ഷ്മമായ മാറ്റങ്ങളോടെയാണ് പുതിയ പഞ്ച് എത്തുന്നത്. ഇലക്ട്രിക് ഐഡൻ്റിറ്റി വ്യക്തമാക്കുന്ന രീതിയിൽ കൂടുതൽ ക്ലോസ്ഡ്-ഓഫ് ഗ്രിൽ ട്രീറ്റ്മെൻ്റോട് കൂടിയ മുൻഭാഗമാണ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുമ്പ് ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിച്ചിരുന്ന കറുത്ത ട്രിം സ്ട്രിപ്പും നീക്കം ചെയ്തിട്ടുണ്ട്. ഇത് കുറച്ചു കൂടി സമകാലികമായ ഒരു ലുക്കും വാഹനത്തിന് നൽകുന്നു.
വീതി കുറഞ്ഞ എൽഇഡി ഡിആർഎല്ലുകളും ലൈറ്റിംഗ് സിഗ്നേച്ചറിൻ്റെ ഭാഗമാക്കിയിട്ടുണ്ട്. അതേസമയം, പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ബമ്പറിന് താഴെയായാണ് നൽകിയിട്ടുള്ളത്. മൂർച്ചയുള്ള ക്രീസുകൾ, പുതുക്കിയ എയർ ഡാം, പുനർരൂപകൽപ്പന ചെയ്ത സ്‌കിഡ് പ്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് താഴെയുള്ള ബമ്പർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം, സിലൌറ്റ്, അലോയ് വീൽ ഡിസൈനിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ടെസ്റ്റ് വാഹനം ചുവപ്പ് നിറത്തിലാണ് പുറത്തിറക്കിയിരിക്കുന്നതെങ്കിലും ബ്രൌൺ, യെല്ലോ ഓപ്ഷനുകളിലും വാഹനം ലഭ്യമാകുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.
വാഹനത്തിൻ്റെ ക്യാബിൻ സവിശേഷതകളിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇൻ്റീരിയർ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻ്റ്മെൻ്റ് സിസ്റ്റം ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, 360-ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ആംബിയൻ്റ് ലൈറ്റിംഗ്, ഓട്ടോ-ഡിമ്മിംഗ് IRVM തുടങ്ങിയ സവിശേഷതകൾ വാഹനത്തിൽ ഉൾപ്പെട്ടിരിക്കുമെന്നാണ് സൂചന.
അതേസമയം, ബാറ്ററി പെർഫോമൻസിൽ മാറ്റമുണ്ടാവില്ലെന്നാണ് സൂചന. നിലവിൽ 9.99 ലക്ഷം രൂപ മുതൽ 14.44 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുള്ള പഞ്ചിന് പുതിയ ഫീച്ചറുകൾ കൂടുന്നതോടെ മുൻ മോഡലിനേക്കാൾ വിലയിൽ നേരിയ വ്യത്യാസം ഉണ്ടാകുമെന്നാണ് സൂചന.