സൂപ്പർ സ്ക്വാഡ് പതിപ്പ് കൂടി ഉൾപ്പെടുത്തി റൈഡർ മോട്ടോർസൈക്കിളുകളുടെ ശ്രേണി വികസിപ്പിച്ചിരിക്കുകയാണ് ടിവിഎസ്. മാർവൽ സൂപ്പർഹീറോകളായ ഡെഡ്‌പൂൾ, വോൾവറിൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടിവിഎസ് പുതിയ വകഭേദങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 125 സിസി സെഗ്‌മെന്റിലേക്ക് ജെൻ-സീ ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനിയുടെ പദ്ധതി.
2023 ഓഗസ്റ്റിലാണ് അയൺ മാൻ, ബ്ലാക്ക് പാന്തർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷനുകൾ ടിവിഎസ് ആദ്യമായി പുറത്തിറക്കിയത്. ഡെഡ്‌പൂളും വോൾവറിനും ഉൾപ്പെടുന്ന ഏറ്റവും പുതിയ എഡിഷനുകൾ ഈ സീരിസിനെ മുന്നോട്ട് കൊണ്ടുപോകുന്നു. 99,465 രൂപയാണ് വാഹനത്തിൻ്റെ എക്സ്-ഷോറൂം വില. ഈ മാസം മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ ടിവിഎസ് മോട്ടോർ കമ്പനി ഡീലർഷിപ്പുകളിലും വാഹനം ലഭ്യമാകും.
ഡിസൈനിൻ്റെ കാര്യമെടുത്താൽ, സ്പെഷ്യൽ എഡിഷൻ്റെ ടാങ്കിലും മറ്റ് ഭാഗങ്ങളിലും കറുപ്പ്, നാർഡോ ഗ്രേ പെയിന്റ് സ്കീമുകൾക്കൊപ്പം ഡെഡ്‌പൂൾ, വോൾവറിൻ ഗ്രാഫിക്‌സുകളും കാണാം. സൂപ്പർഹീറോകളുടെ മുഖം മെഷീനിന്റെ ടാങ്കിൽ വ്യക്തമായി കാണാം എന്നതും ശ്രദ്ധേയമാണ്.
പ്രകടനത്തിന്റെ കാര്യമെടുത്താൽ, പുതിയ റൈഡർ എസ്എസ്ഇയിൽ 124.8 സിസി, 3-വാൽവ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ എന്നിവയുണ്ട്. ഇത് 7,500 ആർപിഎമ്മിൽ 11 എച്ച്പി പവറും 6,000 ആർപിഎമ്മിൽ 11.75 എൻഎം ടോർക്കും നൽകുന്നു. മാത്രമല്ല, റൈഡർ-ഫോക്കസ്ഡ് സാങ്കേതികവിദ്യകളായ ഐജിഒ അസിസ്റ്റ് വിത്ത് ബൂസ്റ്റ് മോഡ് ടിവിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് റൈഡിങ് സമയത്ത് ആവശ്യമുള്ളപ്പോൾ ടോർക്ക് വർധിപ്പിക്കുന്നു. കുറഞ്ഞ വേഗതയിൽ സുഗമമായ കൈകാര്യം ചെയ്യൽ സാധ്യമാക്കുന്നതിനായി ഗ്ലൈഡ് ത്രൂ ടെക്നോളജിയും (ജിടിടി) ബെക്കിലുണ്ട്.
കൂടാതെ, 85-ലധികം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന റിവേഴ്‌സ് എൽസിഡി ഡിസ്‌പ്ലേയുമായാണ് റൈഡർ വിപണിയിലെത്തുന്നത്. ഈ ആധുനിക ഡിസ്‌പ്ലേ വഴി റൈഡർമാർക്ക് റൈഡ് ഡാറ്റ ആക്‌സസ് ചെയ്യാനും നാവിഗേഷൻ പിന്തുണ സ്വീകരിക്കാനും കോളുകൾക്കും സന്ദേശങ്ങൾക്കുമുള്ള അലേർട്ടുകൾ സ്വീകരിക്കാനും കഴിയും.